ഗുവാഹതി: ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർതോൽവികൾക്കുശേഷം തകർപ്പൻ ജയത്തോടെ തിരിച്ചെത്തി കേരള ബ്ലാസ്റ്റേഴ്സ്. നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെ അവരുടെ മണ്ണിൽ എതിരില്ലാത്ത മൂന്നു ഗോളിനാണ് പരാജയപ്പെടുത്തിയത്. 56ാം മിനിറ്റിൽ ഗ്രീക് താരം ദിമിത്രിയോസ് ഡയമന്റകോസിലൂടെ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്സിനായി സൂപ്പർ സബ് സഹൽ അബ്ദുസ്സമദ് (85, 90+6) രണ്ടു തവണ സ്കോർ ചെയ്തു.
ബ്ലാസ്റ്റേഴ്സിനുവേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന നേട്ടവും സഹൽ ശനിയാഴ്ച കൈവരിച്ചു. സഹലിന്റെ 77ാം മത്സരമായിരുന്നു ഇത്. കാസർകോട്ടുകാരൻ മിർഷാദ് മിച്ചുവായിരുന്നു നോർത്ത് ഈസ്റ്റിന്റെ കാവൽക്കാരൻ. മഷൂർ ശരീഫ്, എമിൽ ബെന്നി, എം.എസ്. ജിതിൻ എന്നീ മലയാളി താരങ്ങളും നോർത്ത് ഈസ്റ്റിനുവേണ്ടി ഇറങ്ങി. ജയത്തോടെ അഞ്ചു കളിയിൽ ആറു പോയന്റുമായി ബ്ലാസ്റ്റേഴ്സ് ഏഴാം സ്ഥാനത്തേക്ക് കയറി.
എട്ടാം മിനിറ്റിൽ ക്രോസ് ബാറിൽ തട്ടിയ റൊമൈൻ ഫിലിപോ ടോക്സിന്റെ അടിയിൽ ഭാഗ്യത്തിനാണ് ബ്ലാസ്റ്റേഴ്സ് രക്ഷപ്പെട്ടത്. നോർത്ത് ഈസ്റ്റ് തുടർച്ചയായി ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധം ഭേദിച്ചു. 15ാം മിനിറ്റിൽ വടക്ക് കിഴക്കുകാർക്ക് അനുകൂലമായി ഫ്രീ കിക്ക്. ലോസ്കോവിച് ബ്ലാസ്റ്റേഴ്സിനുവേണ്ടി സന്ദർഭോചിതമായി ഇടപെട്ടു. 18ാം മിനിറ്റിൽ കേരള ടീമിനും ഫ്രീകിക്ക്. കോർണറിലാണ് ഇത് കലാശിച്ചത്. ആദ്യ 20 മിനിറ്റിന് പിന്നാലെ ഇരു വിഭാഗവും തമ്മിലുണ്ടായ ചെറിയ തർക്കം റഫറി ഇടപെട്ട് തീർത്തു. കളിയിലെ താളം നഷ്ടപ്പെട്ടതോടെ ബ്ലാസ്റ്റേഴ്സ് ഏത് നിമിഷവും ഗോൾ വഴങ്ങുന്ന സ്ഥിതിയായി. 32ാം മിനിറ്റിലെ ഫ്രീ കിക്കിൽ ഇവാൻ കലൂഷ്നിയും കെ.പി. രാഹുലും ചേർന്ന് നടത്തിയ ശ്രമവും എവിടെയുമെത്തിയില്ല.
കലൂഷ്നിയുടെ ചില ഒറ്റയാൻ നീക്കങ്ങളും. ആദ്യ പകുതി അവസാനിക്കാനിരിക്കെ ഡയമന്റ കോസ് ദിമിത്രിയോസും ലൂണയും ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷ നൽകി. 50ാം മിനിറ്റിൽ സൗരവിന്റെ മുന്നേറ്റം ബോക്സിലെത്തുംമുമ്പ് ഫൗൾ ചെയ്യപ്പെട്ടു. ഫ്രീ കിക്കിനെത്തുടർന്ന് ലഭിച്ച കോർണറും ലക്ഷ്യത്തിലെത്തിയില്ല. പിന്നാലെ നോർത്ത് ഈസ്റ്റിലെ മലയാളി താരം എമിൽ ബെന്നിയുടെ ഷോട്ട് ഗോളാവാതെ ബ്ലാസ്റ്റേഴ്സിനെ രക്ഷിച്ചു. 56ാം മിനിറ്റിൽ കളിയിലെ ആദ്യ ഗോളെത്തി.
രാഹുലിന് സൗരവ് നൽകിയ പാസ്. പിന്നാലെ പന്ത് സ്വീകരിച്ച ദിമിത്രിയോസ് ഐ.എസ്.എൽ കരിയറിലെ തന്റെ ആദ്യ ഗോൾ കുറിച്ചു. 65ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന് രണ്ട് സബ്സ്റ്റിറ്റ്യൂഷൻ. ഗോൾ സ്കോറർ ദിമിത്രിയോസിന് പകരം ജിയാനുവിനെയും സൗരവിനെ കയറ്റി സഹലിനെയും കളത്തിലിറക്കി. 78ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ഗോളി ഗില്ലിന്റെ ഒന്നാന്തരമൊരു സേവ്. 85ാം മിനിറ്റിൽ രാഹുലിന്റെ തകർപ്പൻ പാസ് ഞൊടിയിടയിൽ വലക്കകത്താക്കി സഹൽ ലീഡ് രണ്ടാക്കി. ഇൻജുറി ടൈമിന്റെ ആറാം മിനിറ്റിൽ മറ്റൊരു കൗണ്ടർ അറ്റാക്കിലൂടെ വീണ്ടും സഹൽ സ്കോർ ചെയ്തു.
ഹൈദരാബാദ്: ഐ.എസ്.എല്ലിൽ നിലവിലെ ജേതാക്കളായ ഹൈദരാബാദ് കുതിക്കുന്നു. തുടർച്ചയായ നാലാം ജയവുമായി ഹൈദരാബാദ് 13 പോയന്റോടെ ഒന്നാംസ്ഥാനത്ത് തുടരുകയാണ്. ഒഡിഷ എഫ്.സിയെയാണ് 1-0ന് ഹൈദരാബാദ് തോൽപിച്ചത്. എട്ടാം മിനിറ്റിൽ ഹെഡറിലൂടെ മുഹമ്മദ് യാസറാണ് നിർണായക ഗോൾ നേടിയത്. ഒമ്പത് പോയന്റുമായി മൂന്നാമതാണ് ഒഡിഷ.
ന്യൂഡൽഹി: ആരംഭിക്കാനിരിക്കുന്ന ഐ ലീഗ് സീസണിലെ വിജയികൾക്ക് 2023-24ലെ ഇന്ത്യൻ സൂപ്പർ ലീഗ് കളിക്കാം. ഐ ലീഗ് ജേതാക്കളായാൽ മാത്രം പോരാ ക്ലബ് ലൈസൻസ് മാനദണ്ഡങ്ങൾകൂടി പാലിച്ചാൽ ഒരു ഫീസും നൽകാതെ ഇവരെ ഐ.എസ്.എല്ലിലേക്ക് പ്രവേശിപ്പിക്കുമെന്ന് അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ സെക്രട്ടറി ജനറൽ ഷാജി പ്രഭാകരൻ വാർത്ത ഏജൻസിയോട് സ്ഥിരീകരിച്ചു.
ഇക്കാര്യത്തിൽ 2019ൽത്തന്നെ ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷനുമായും ഓഹരി ഉടമകളുമായും എ.ഐ.എഫ്.എഫ് ധാരണയിലെത്തിയിരുന്നു. ഐ.എസ്.എല്ലിലെ തരംതാഴ്ത്തൽ, സ്ഥാനക്കയറ്റം സമ്പ്രദായം 2024-25 സീസൺ മുതലുണ്ടാവുമെന്നും അദ്ദേഹം അറിയിച്ചു. ഐ ലീഗ് 2022-23 സീസൺ നവംബർ 12ന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലെ ഗോകുലം കേരള എഫ്.സി-മുഹമ്മദൻസ് എസ്.സി മത്സരത്തോടെയാണ് തുടങ്ങുന്നത്. ഗോകുലമാണ് നിലവിലെ ജേതാക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.