കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ ഒമ്പതാം പതിപ്പിന് വെള്ളിയാഴ്ച പന്തുരുളാനിരിക്കെ, കേരള ബ്ലാസ്റ്റേഴ്സ് ടീമിനെ പ്രഖ്യാപിച്ചു. വൈകീട്ട് ഏഴിന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ഈസ്റ്റ് ബംഗാള്‍ എഫ്.സിയാണ് ബ്ലാസ്റ്റേഴ്സിന്‍റെ എതിരാളികൾ.
ഇവാന്‍ വുകോമനോവിച്ച് പരിശീലിപ്പിക്കുന്ന ടീമിനെ ജെസെല്‍ കര്‍ണെയ്‌റോ നയിക്കും. നിരവധി താരങ്ങളുമായുള്ള കരാര്‍ ദീര്‍ഘകാലത്തേക്ക് നീട്ടിയത് ടീമിന് കരുത്താകും. കഴിഞ്ഞ സീസണില്‍ കളിച്ച 16 താരങ്ങള്‍ ഇത്തവണയും ടീമിനൊപ്പമുണ്ട്. രണ്ടു വർഷത്തെ ഇടവേളക്കുശേഷം ആരാധകര്‍ വീണ്ടും ഗാലറിയിലേക്ക് എത്തുന്നത് ടീമിന് പ്രതീക്ഷ നൽകുന്നു.
കഴിഞ്ഞതവണ കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ട കിരീടം ഇത്തവണ സ്വന്തമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ടീം.
കിരീടം നേടുകയെന്ന സ്വപ്നവുമായാണ് ഞങ്ങള്‍ ഐ.എസ്എല്‍ 2022-23 സീസണിലേക്കുള്ള മത്സരത്തിലേക്ക് പ്രവേശിക്കുന്നതെന്ന് ബ്ലാസ്‌റ്റേഴ്‌സ് സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു. കരാര്‍ വിപുലീകരണങ്ങളിലൂടെ, ടീമിന് സ്ഥിരത നല്‍കുന്നതിനും ക്ലബിന്റെ സ്‌പോര്‍ട്ടിങ് പദ്ധതികള്‍ വികസിപ്പിക്കുന്നതിനുമായി പ്രധാന താരങ്ങളെ കോട്ടംതട്ടാതെ നിലനിര്‍ത്തുന്നതിന് ക്ലബ് കാര്യമായ ശ്രദ്ധ നല്‍കിയിട്ടുണ്ട്.
ടീമിന് അതിപ്രധാനമായ അനുഭവപരിചയവും നേതൃത്വവും നല്‍കാനാവുന്ന ആഭ്യന്തര, വിദേശ താരങ്ങളെയും ടീമില്‍ ചേര്‍ത്തു. യുവാക്കളുടെയും പരിചയസമ്പന്നരായ താരങ്ങളുടെയും മികച്ച സംയോജനവും ബ്ലാസ്‌റ്റേഴ്‌സിനുണ്ട്. കഴിഞ്ഞ സീസണില്‍ നഷ്ടപ്പെട്ടത് എന്താണോ, അത് നേടിയെടുക്കാനുള്ള യാത്രയിലാണ് ടീം മുഴുവനും. അതോടൊപ്പം, ഞങ്ങളുടെ ആരാധകര്‍ വീണ്ടും ഗാലറിയിലേക്ക് എത്തുന്നതിനാല്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്.സി ഏറെ ആവേശത്തിലുമാണും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
28 അംഗ ടീമില്‍ ആറു മലയാളികളുണ്ട്. കെ.പി. രാഹുല്‍, സഹല്‍ അബ്ദുസമദ്, ശ്രീക്കുട്ടന്‍, സച്ചിന്‍ സുരേഷ്, നിഹാല്‍ സുധീഷ്, ബിജോയ് വര്‍ഗീസ്, വിബിന്‍ മോഹനന്‍ എന്നിവര്‍. ആസ്‌ട്രേലിയന്‍ ഫോര്‍വേഡ് അപ്പൊസ്‌തോലസ് ജിയാനു ആണ് ടീമിലെ ഏക വിദേശ ഏഷ്യന്‍ താരം.
ഗോള്‍കീപ്പര്‍മാര്‍: പ്രഭ്‌സുഖന്‍ ഗില്‍, കരണ്‍ജിത് സിങ്, മുഹീത് ഷാബിര്‍ ഖാന്‍, സച്ചിന്‍ സുരേഷ്.
പ്രതിരോധനിര: വിക്ടര്‍ മോംഗില്‍, മാര്‍കോ ലെസ്‌കോവിച്ച്, ഹോര്‍മിപാം റുയ്‌വ, സന്ദീപ് സിങ്, ബിജോയ് വര്‍ഗീസ്, നിഷു കുമാര്‍, ജെസെല്‍ കര്‍ണെയ്‌റോ, ഹര്‍മന്‍ജോത് ഖബ്ര.
മധ്യനിര: ജീക്‌സണ്‍ സിങ്, ഇവാന്‍ കലിയുസ്‌നി, ലാല്‍തംഗ ഖാല്‍റിങ്, ആയുഷ് അധികാരി, സൗരവ് മണ്ഢല്‍, അഡ്രിയാന്‍ ലൂണ, സഹല്‍ അബ്ദുസമദ്, ബ്രൈസ് മിറാന്‍ഡ, വിബിന്‍ മോഹനന്‍, നിഹാല്‍ സുധീഷ്, ഗിവ്‌സണ്‍ സിങ്.
മുന്നേറ്റ നിര: ദിമിട്രിയോസ് ഡയമന്റകോസ്, കെ.പി. രാഹുല്‍, അപ്പോസ്‌തോലോസ് ജിയാനോ, ബിദ്യാഷാഗര്‍ സിങ്, എം.എസ്. ശ്രീക്കുട്ടന്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.