കൊച്ചി: ഒക്ടോബറിൽ മുംബൈയിൽ നടന്ന എവേ മത്സരത്തിലെ തോൽവിക്ക് കണക്ക് തീർക്കണം, ജയം തുടർന്ന് വീണ്ടും പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കയറണം. സീസണിലെ 11ാം റൗണ്ട് മത്സരത്തില്‍ മുംബൈ സിറ്റിക്കെതിരെ ഇന്ന് രാത്രി എട്ടിന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിൽ ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് പലതുണ്ട് ലക്ഷ്യങ്ങൾ. ബുധനാഴ്ച മോഹൻബഗാനെതിരായ മത്സരത്തിൽ മുംബൈ നിരയിലെ നാല് പ്രമുഖർ ചുവപ്പ് കാർഡ് കണ്ടിരുന്നു. ഇവരുടെ അഭാവത്തിൽ ബ്ലാസ്റ്റേഴ്സിനിത് സുവർണാവസരമാണ്. റഫറിയിങ്ങിനെ വിമർശിച്ചതിന് വിലക്ക് കഴിഞ്ഞെത്തുന്ന പരിശീലകൻ ഇവാൻ വുകോമനോവിച്ചിന്റെ ശിക്ഷണത്തിലാവും മഞ്ഞപ്പട കളത്തിലിറങ്ങുക. പത്തിൽ ആറ് ജയവും രണ്ട് വീതം തോൽവിയും സമനിലയുമായി 20 പോയന്റാണ് സമ്പാദ്യം. ആഞ്ഞുപിടിച്ചാൽ ഒന്നാം സ്ഥാനത്തേക്ക് കയറാം. 19 പോയന്റുള്ള മുംബൈക്കും ജയം വലിയ മുന്നേറ്റമുണ്ടാക്കും.
ആകെ ഏഴുപേർ ചുവപ്പ് കാര്‍ഡ് കണ്ട മത്സരത്തില്‍ 2-1ന് മോഹന്‍ ബഗാനെ തോൽപിച്ചാണ് മുംബൈ സിറ്റിയുടെ വരവ്. ഇവരുടെ ആകാശ് മിശ്ര, ഗ്രെഗ് സ്റ്റുവാര്‍ട്ട്, വിക്രം പ്രതാപ് സിങ്, രാഹുല്‍ ബേക്കെ എന്നിവര്‍ പുറത്താണ്. നാലുപേരും കഴിഞ്ഞ മത്സരങ്ങളിൽ മുംബൈക്കായി നിര്‍ണായക പ്രകടനം നടത്തിയവരാണ്. നാല് മഞ്ഞക്കാര്‍ഡിനെത്തുടര്‍ന്ന് ഒരു മത്സര വിലക്ക് നേരിട്ട ബ്ലാസ്റ്റേഴ്സ് താരം ഡാനിഷ് ഫാറൂഖും ഇന്ന് കളത്തില്‍ തിരിച്ചെത്തും. മികച്ച പ്രകടനമാണ് ഡാനിഷിന്റേത്.
കൊച്ചിയില്‍ ആറ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്സ് ഒരെണ്ണത്തിലും തോറ്റിട്ടില്ല. നവംബര്‍ 29ന് ചെന്നൈയിന് എഫ്.സിക്കെതിരെയായിരുന്നു അവസാന ഹോം മത്സരം. ഇത് 3-3ന് സമനിലയില്‍ കലാശിക്കുകയായിരുന്നു. നിലവിലെ സ്ക്വാഡില്‍ വിശ്വാസുമുണ്ടെന്ന് പുതുതായി ചുമതലയേറ്റ മുംബൈ സിറ്റി പരിശീലകന് പീറ്റര്‍ ക്രാറ്റ്കി പറഞ്ഞു. സംഭവിച്ചത് സംഭവിച്ചെന്നും പുതിയ താരങ്ങളിലേക്കാണ് നോക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതുവരെ അവസരം ലഭിക്കാത്ത യുവതാരം സഞ്ജീവ് സ്റ്റാലിനെയടക്കം മുംബൈ ബ്ലാസ്റ്റേഴ്സിനെതിരെ പരീക്ഷിച്ചേക്കും.
ലൂണക്ക് സീസൺ നഷ്ടമായേക്കും
കൊച്ചി: പരിക്ക് ഗുരുതരമായതിനാല്‍ കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയാന്‍ ലൂണക്ക് സീസണിലെ തുടർന്നുള്ള മത്സരങ്ങളും നഷ്ടമായേക്കും. പരിശീലകന് ഇവാൻ വുകുമനോവിച്ച് വാർത്തസമ്മേളനത്തിൽ ഇതുസംബന്ധിച്ച സൂചന നൽകി. ജനുവരിയില്‍ പുതിയ വിദേശ താരത്തെ ടീമിലെത്തിക്കാൻ ആലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലൂണയുടെ അസാന്നിധ്യത്തിൽ മാർകോ ലെസ്കോവിച്ചാണ് ടീമിനെ നയിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.