മലപ്പുറം: തുടർച്ചയായ രണ്ട് വിജയങ്ങൾക്ക് പിന്നാലെ വന്ന സമനിലയുണ്ടാക്കിയ അനിശ്ചിതത്വത്തിൽ കേരളത്തിന് വെള്ളിയാഴ്ച അവസാന ഗ്രൂപ് മത്സരം. രാത്രി പയ്യനാട് സ്റ്റേഡിയത്തിൽ പഞ്ചാബാണ് എതിരാളികൾ. ജയിക്കുകയോ സമനില പിടിക്കുകയോ ചെയ്താൽ 75ാമത് സന്തോഷ് ട്രോഫി സെമി ഫൈനൽ റൗണ്ടിൽ കടക്കുന്ന ആദ്യ ടീമായി കേരളം മാറും.
തോറ്റാൽ കാത്തിരിക്കണം. വൈകീട്ട് കോട്ടപ്പടിയിൽ ബംഗാളും മേഘാലയയും ഏറ്റുമുട്ടുന്നുണ്ട്. ഇതിന്‍റെ ഫലവും ഗ്രൂപ് എയിൽ നിർണായകമാണ്. മേഘാലയ, ബംഗാൾ, പഞ്ചാബ് ടീമുകൾക്ക് ഇന്നത്തേതടക്കം രണ്ട് കളികൾ വീതം ബാക്കിയിട്ടുണ്ട്. ഏപ്രിൽ 24ന് രാജസ്ഥാൻ x ബംഗാൾ, മേഘാലയ x പഞ്ചാബ് മത്സരങ്ങൾ നടക്കും.
കേരളത്തിന് ഏഴ്, മേഘാലയക്ക് നാല്, ബംഗാളിനും പഞ്ചാബിനും മൂന്ന് വീതം എന്നതാണ് നിലവിൽ ഗ്രൂപ്പിലെ പോയന്‍റ് നില. രാജസ്ഥാൻ സംപൂജ്യരാണ്. വെള്ളിയാഴ്ച പഞ്ചാബിനെ തോൽപിച്ചാൽ 10 പോയന്‍റോടെ ആതിഥേയർ സെമിഫൈനലിലെത്തും. സമനിലയാണെങ്കിലും എട്ട് പോയന്‍റിൽ ജിജോ ജോസഫിനും സംഘത്തിനും സെമി ബെർത്ത് ഉറപ്പാണ്. കേരളം പരാജയപ്പെട്ടാൽ മറ്റേതെങ്കിലും ടീമും ഏഴ് പോയന്‍റിലാണ് പോരാട്ടം അവസാനിപ്പിക്കുന്നതെങ്കിൽ ഒരേ പോയന്‍റുള്ളവർ മുഖാമുഖം ഏറ്റുമുട്ടിയതും ഗോൾ ശരാശരിയും അവസാന നാലുകാരെ തീരുമാനിക്കും.
മേഘാലയക്ക് വെള്ളിയാഴ്ച ബംഗാളിനെയും അടുത്ത കളിയിൽ പഞ്ചാബിനെയും തോൽപിച്ചാൽ 10 പോയന്‍റോടെ സുഗമമായി സെമിയിലെത്താം. സമനിലയോ തോൽവിയോ ആണെങ്കിൽ മറ്റ് ടീമുകളുടെ ജയപരാജയങ്ങളും ഗോൾ വ്യത്യാസവും നോക്കിയാവും തീരുമാനം.
ബംഗാളിന് മേഘാലയെയും അവസാന മത്സരത്തിൽ രാജസ്ഥാനെയും തോൽപിക്കാനായാൽ ഒമ്പത് പോയന്‍റ് നേടി അവസാന നാലിൽ ഇടം കിട്ടും. വെള്ളിയാഴ്ച തോറ്റാൽ ബംഗാൾ പുറത്താവും. കേരളത്തെയും അടുത്ത കളിയിൽ മേഘാലയെയും തോൽപിച്ചാൽ പഞ്ചാബിന് ഒമ്പത് പോയുന്‍റാടെ സെമിയിൽ പ്രവേശിക്കാം. വെള്ളിയാഴ്ച തോറ്റാൽ പഞ്ചാബും പുറത്തേക്ക് തെറിക്കും.
പ്രതിരോധത്തിലെ പിഴവുകളും ഫിനിഷിങ്ങിലെ പോരായ്മയും കേരളത്തിന് തലവേദനയാണ്. കഴിഞ്ഞ മത്സരങ്ങളില്‍ രണ്ടാം പകുതിയില്‍ പകരക്കാരായി എത്തി മികച്ച പ്രകടനം കാഴ്ചവെച്ചവരാണ് ജെസിനും നൗഫലും. ഇവരെ പഞ്ചാബിനെതിരെ ആദ്യ ഇലവനിൽ പരീക്ഷിക്കുമെന്നാണ് പ്രതീക്ഷ. മേഘാലയക്കെതിരെയുള്ള മത്സരത്തില്‍ ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ച സ്‌ട്രൈക്കര്‍ സഫ്‌നാദ് ഗോള്‍ നേടിയിരുന്നു.
ഡിഫൻഡർ സഹീഫിന്‍റെ വകയായിരുന്നു രണ്ടാം ഗോൾ. ക്യാപ്റ്റന്‍ ജിജോ ജോസഫും അര്‍ജുന്‍ ജയരാജും മുഹമ്മദ് റാഷിദും നയിക്കുന്ന മധ്യനിര പഞ്ചാബിനെതിരെയും തുടരും. ഇതുവരെ എതിർ വലയിൽ ഒമ്പത് തവണ പന്തെത്തിക്കാൻ കേരളത്തിനായി. മേഘാലയക്കെതിരെ മാത്രമാണ് ഗോൾ വഴങ്ങിയത്. കരുത്തുറ്റ പ്രതിരോധമാണ് ഇന്ന് കേരളത്തിനെതിരെ പഞ്ചാബിന്‍റെ ശക്തി. പകരക്കാരനായി ഇറങ്ങി ബംഗാളിനെതിരെ മികച്ച പ്രകടനം കാഴ്ചവെച്ച രോഹിത്ത് ഷെയ്ക്കിന്‍റെ ചില മുന്നേറ്റങ്ങള്‍ എതിര്‍ പ്രതിരോധ നിരയെ അലട്ടുന്നുണ്ട്. തരുണ്‍ സ് ലാതിയ ഫോം കണ്ടെത്തിയത് ടീമിന് ഗുണം ചെയ്യും.
ബംഗാളിനും മേഘാലയക്കും സെമി ഫൈനല്‍ പ്രതീക്ഷ നിലനിർത്താൻ വിജയം അനിവാര്യമാണ്. കരുത്തരായ കേരളവുമായി 2-2 സമനില പിടിച്ച ആത്മവിശ്വാസത്തിലാണ് മേഘാലയ ടീം.
ചെറിയ പാസില്‍ അതിവേഗം മുന്നോട്ട് കുതിക്കുന്ന ടിക്കി ടാക്ക ശൈലിയുള്ള മേഘാലയ ടീമിനെ പിടിച്ചുകെട്ടാൻ കേരളമുൾപ്പെടെ എതിരാളികൾ പണിപ്പെട്ടു. ഇടംകാലന്‍ വലതു വിങ്ങര്‍ ഫിഗോ സിന്‍ഡായിയുടെ മികച്ച ഡ്രിബിളിങ്ങും കൃത്യതയാര്‍ന്ന ഷോട്ടുകളും ടീമിന് മുതൽക്കൂട്ടാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.