മഞ്ചേരി: പൂരങ്ങളുടെ നാട്ടിൽനിന്ന് വരുന്ന ജിജോ ജോസഫ് ഏഴാം നമ്പറിനാൽ ആവേശപ്പൂരം സൃഷ്ടിക്കുകയാണ്. തന്‍റെ ഭാഗ്യനമ്പർ ഇനി ഏതാണെന്ന് ചോദിച്ചാൽ കേരള ടീം ക്യാപ്റ്റന് ഇനി ഒറ്റ മറുപടിയേ ഉണ്ടാകൂ- നമ്പർ -7. കാരണം മറ്റൊന്നുമല്ല. തന്‍റെ ജഴ്സിയുടെ നമ്പർ ഏഴാണ്. ഒപ്പം ജിജോയുടെ ഏഴാമത്തെ സന്തോഷ് ട്രോഫിയിൽ കേരളത്തിന്‍റെ ഏഴാം കിരീടത്തിലേക്ക് ടീമിനെ നയിക്കാനും ഈ മിഡ്ഫീൽഡർ ജനറലിനായി.
സന്തോഷം അവിടെ അവസാനിച്ചില്ല, ടൂർണമെന്‍റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതും മധ്യനിരയിലെ ഈ വിശ്വസ്തനാണ്. രാജസ്ഥാനെതിരെയുള്ള ആദ്യ മത്സരത്തിൽ ഹാട്രിക് അടിച്ച് തുടങ്ങിയ താരം പഞ്ചാബിനെതിരെ ഡബിളടിച്ചും മുന്നേറി. അഞ്ച് ഗോളടിച്ച് ടോപ് സ്കോറർ പട്ടികയിലും രണ്ടാമതെത്തി. തന്നെ ഒരു ഗോൾ സ്കോറിങ് താരമാക്കിയതിൽ നിർണായക പങ്കുവഹിച്ചത് കോച്ച് ബിനോ ജോർജാണെന്ന് ജിജോ പറയുന്നു. ഏഴാം നമ്പർ ജഴ്സിയണിഞ്ഞ് ഏഴ് ഗോൾ നേടി ഏഴാം കിരീടം നേടുന്നത് താൻ സ്വപ്നം കണ്ടിരുന്നെന്നും അത് കപ്പ് നേടി അവസാനിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും താരം പറഞ്ഞു. കേരളത്തിലെ ജനങ്ങൾക്ക് പെരുന്നാൾ സമ്മാനമായി സന്തോഷ് ട്രോഫി സമ്മാനിച്ച ക്യാപ്റ്റൻ ജിജോ ജോസഫ് 'മാധ്യമ'വുമായി സന്തോഷം പങ്കുവെച്ചപ്പോൾ.
ഏഴാം നമ്പർ ജഴ്സിയിൽ ഏഴാമത്തെ കിരീടം, ഞാൻ ക്യാപ്റ്റനായിരിക്കുമ്പോൾ നേടുക എന്നത് പറഞ്ഞറിയിക്കാൻ പറ്റാത്തത്രയും സന്തോഷമാണ്. ആ ഫീൽ വേറെ തന്നെയാണ്. നന്നായി കഠിനാധ്വാനം ചെയ്തിരുന്നു. അതിന്‍റെ ഫലമാണ് കണ്ടത്. കോച്ചിന്‍റെയും മറ്റ് സപ്പോർട്ടിങ് സ്റ്റാഫുകളുടെയും പിന്തുണയും സഹകളിക്കാരും ഒപ്പം നിന്നതോടെ കിരീടം നേടാനായി. പെരുന്നാൾ സമ്മാനമായി കേരളത്തിലെ ജനങ്ങൾക്ക് കപ്പ് സമർപ്പിക്കുന്നു.
വളരെയധികം സന്തോഷം തോന്നുന്നു. ആദ്യമത്സരത്തിൽ തന്നെ ഹാട്രിക്കോടെയാണ് തുടങ്ങിയത്. സന്തോഷ് ട്രോഫിയിലെ എന്‍റെ ആദ്യഗോൾ 2019ലായിരുന്നു. പിന്നീട് ഈ ടൂർണമെന്‍റിലാണ് ഗോളടിച്ചത്. ആദ്യം തന്നെ മൂന്ന് ഗോൾ നേടിയതോടെ ആത്മവിശ്വാസവും വർധിച്ചു. ഓരോ കളികൾ വരുമ്പോഴും എനിക്ക് ഗോളടിക്കാൻ സാധിക്കുമെന്ന് തോന്നി. മറ്റ് കളിക്കാരും കോച്ചും പൂർണ പിന്തുണ നൽകി.
തീർച്ചയായും, സീനിയർ -ജൂനിയർ വ്യത്യാസമില്ലാതെ എല്ലാവരോടും നല്ല സൗഹാർദപരമായാണ് ഞാൻ സംസാരിക്കുന്നത്. ചേട്ടനെ കാണുമ്പോൾ റഫ് ആണെങ്കിലും സംസാരിക്കുമ്പോൾ അങ്ങനെ ഇല്ലെന്നാണ് അവർ തന്നെ പറയുന്നത്. കളിക്കാരുടെ ഭാഗത്തുനിന്ന് എന്തെങ്കിലും തെറ്റുകൾ പറ്റിയാൽ മീറ്റിങ്ങിൽ അത് പറയും. അവർ അത് തിരുത്താനും തയാറായിരുന്നു. ക്യാപ്റ്റെന്നെ നിലയിൽ അവർ ബഹുമാനം നൽകിയിരുന്നു. നല്ല ആത്മവിശ്വാസത്തോടെയാണ് ടീമിലെ ജൂനിയർ താരങ്ങൾ കളിച്ചിരുന്നത്. തോറ്റുനിൽക്കുമ്പോൾ തിരിച്ചടിക്കണമെന്ന വാശിയാണ് ടീമിന്‍റെ പോസിറ്റിവ് വശം.
അവരെക്കുറിച്ച് പറയാൻ വാക്കുകളില്ല. അവരാണ് നമ്മളെ ഇവിടെ വരെ എത്തിച്ചത്. പല കളികളിലും നമ്മൾ പിന്നിൽ നിന്ന ശേഷം തിരിച്ചുവന്നു. അതിന്‍റെ മുഖ്യപങ്ക് കാണികളുടെ പിന്തുണയാണ്.
ഫൈനൽ ആകുമ്പോൾ ഒരു ഗോളിന് പിന്നിൽ നിൽക്കുമ്പോ അവരുടെ വിഷമം നമുക്ക് മനസ്സിലാകും. അവർ ആ സമയത്ത് നിശ്ശബ്ദമായി. എങ്കിലും പിന്നീട് പന്ത് നമുക്ക് കിട്ടുമ്പോൾ അവർ തന്ന സപ്പോർട്ടാണ് ഗോൾ തിരിച്ചടിക്കാൻ സാധിച്ചത്. പിന്തുണച്ചതിനും പ്രാർഥിച്ചതിനും വളരെ അധികം നന്ദി. കാണികൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ ആക്രമിച്ചും ബോൾ പൊസിഷൻ സൂക്ഷിച്ചുമാണ് കളിച്ചത്. അവർ അത് രണ്ടും കൈയും നീട്ടി സ്വീകരിച്ചു.
കുറച്ച് ഓഫറുകൾ വരുന്നുണ്ട്. ഏജൻറുമാർ സമീപിച്ചിരുന്നു. എന്നെ ഞാനാക്കിയത് എസ്.ബി.ഐയാണ്. അവരുടെ സപ്പോർട്ട് ഉണ്ടെങ്കിൽ ഐ.എസ്.എല്ലിൽ നല്ല ടീമിന് വേണ്ടി കളിക്കാൻ പറ്റുമെന്നാണ് വിശ്വാസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.