ഭുവനേശ്വർ: ഇന്ത്യൻ സൂപ്പർ ലീഗിൽ ഒഡിഷ എഫ്.സിക്കെതിരെ ഒന്നാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന് മുമ്പിൽ. 35ാം മിനിറ്റിൽ ഹർമൻജത് സിങ് ഖബ്രയാണ് ബ്ലാസ്റ്റേഴ്സിനായി നിർണായക ഗോൾ നേടിയത്. ബ്ലാസ്റ്റേഴ്സിന് അനുകൂലമായി ലഭിച്ച കോർണറാണ് ഗോളിലേക്കെത്തിയത്. കോർണർ ഒഡിഷ പോസ്റ്റിന് നേരെ അടിക്കാതെ പാസ് വഴി പന്ത് വീണ്ടും സ്വന്തമാക്കിയ അഡ്രിയാൻ ലൂണ ഖാബ്രയെ ലക്ഷ്യമാക്കി ഉയർത്തി നൽകി. പിഴവുകളില്ലാതെ പന്ത് തലകൊണ്ടു വലയിലേക്ക് തട്ടിയിടുമ്പോൾ പ്രതിരോധിക്കാന്‍ ഒഡിഷ ഗോളി അമരിന്ദർ സിങ്ങിനായില്ല.
ആദ്യ പകുതിയിൽ ഒഡിഷയുടെ മുന്നേറ്റമായിരുന്നു കൂടുതലും. ഒഡിഷ താരം ജെറി ബ്ലാസ്റ്റേഴ്സിന്റെ വല കുലുക്കിയെങ്കിലും റഫറി ഫൗൾ വിളിച്ചു. 25ാം മിനിറ്റിൽ തൊയ്ബയുടെ ലോങ് റേഞ്ചർ ബ്ലാസ്റ്റേഴ്സ് ഗോളി ഗിൽ ശ്രമകരമായി തട്ടിയകറ്റി. ബ്ലാസ്റ്റേഴ്സ് ഗോൾ നേടിയയുടൻ ഒഡിഷക്ക് സുവർണാവസരം ലഭിച്ചെങ്കിലും കോർണറിൽനിന്നുള്ള ഹെഡർ ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് പുറത്തുപോയത്.
ഗിൽ, ഖബ്ര, ലെസ്കോവിക്, ഹോർമിപാം, ജെസ്സൽ, പ്യൂട്ടിയ, ജാക്സൺ, ഇവാൻ, ലൂണ, സഹൽ, ദയമാന്റകോസ് എന്നിവരായിരുന്നു ബ്രാസ്റ്റേഴ്സിന്റെ സ്റ്റാർട്ടിങ് ഇലവനിൽ ഇടം പിടിച്ചത്. ഇരു ടീമും രണ്ട് കളികളിൽ ഓരോന്ന് വീതമാണ് ജയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.