വനിതാ ലോകകപ്പിന് കിക്കോഫ്; ആതിഥേയരായ ന്യൂസിലൻഡിനും ആസ്ട്രേലിയക്കും ജയം

സിഡ്നി/ഓക്‍ലൻഡ്: ഒമ്പതാമത് വനിതാ ലോകകപ്പ് ഫുട്ബാളിന് ആസ്ട്രേലിയയിലും ന്യൂസിലൻഡിലുമായി തുടക്കം. സിഡ്നിയിലെ ഒളിമ്പിക് സ്റ്റേഡിയത്തിലും (സ്റ്റേഡിയം ആസ്ട്രേലിയ) ഓക്‍ലൻഡിലെ ഈഡൻ പാർക്കിലും വർണാഭമായ ഉദ്ഘാടനച്ചടങ്ങുകളാണ് നടന്നത്. ഓക്‍ലൻഡിൽ ആതിഥേയരായ ന്യൂസിലൻഡും നോർവേയും ഗ്രൂപ് എയിൽ ഏറ്റുമുട്ടി.

ഏകപക്ഷീയമായ ഒരു ഗോളിന് നോർവീജിയൻസിനെ അട്ടിമറിച്ച ന്യൂസിലൻഡ് ലോകകപ്പ് ചരിത്രത്തിലെതന്നെ അവരുടെ ആദ്യ ജയവും സ്വന്തമാക്കി. ഒളിമ്പിക് സ്റ്റേഡിയത്തിൽ റിപ്പബ്ലിക് ഓഫ് അയർലൻഡുമായി നടന്ന ഗ്രൂപ് ബി കളിയിൽ ആതിഥേയരായ ആസ്ട്രേലിയയും ഒരു ഗോളിന് ജയിച്ചു.

നോർവേയുടെ ടീം ഹോട്ടലിന് സമീപമുണ്ടായ വെടിവെപ്പിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലായിരുന്നു ഓക്‍ലൻഡിലെ ഈഡൻ പാർക്കിലെ മത്സരം. ഗോൾരഹിതമായ ആദ്യ പകുതിക്കുശേഷം ഹന്ന വിൽകിൻസണാണ് ന്യൂസിലൻഡിന് വേണ്ടി സ്കോർ ചെയ്തത്. സ്ട്രൈക്കർ സാംകെർ പരിക്കേറ്റ് പുറത്തായ ക്ഷീണത്തിലായിരുന്നു റിപ്പബ്ലിക് ഓഫ് അയർലൻഡിനെതിരെ കളിക്കാനിറങ്ങിയ ആസ്ട്രേലിയ. 52ാം മിനിറ്റിൽ നിർണായക പെനാൽറ്റി കിക്ക് സ്റ്റെഫ് കാറ്റ്ലി ലക്ഷ്യത്തിലെത്തിച്ചത് ആതിഥേയർക്ക് ജയം സമ്മാനിച്ചു.

വെള്ളിയാഴ്ച മൂന്നു മത്സരങ്ങൾ നടക്കും. ന്യൂസിലൻഡിലെ ഡനീഡനിൽ നടക്കുന്ന ഗ്രൂപ് എ മത്സരത്തിൽ ഫിലിപ്പീൻസിനെ സ്വിറ്റ്സർലൻഡും വെലിങ്ടണിലെ ഗ്രൂപ് സി കളിയിൽ സ്പെയിനിനെ കോസ്റ്ററീകയും നേരിടും. മെൽബണിലെ ഗ്രൂപ് ബി പോരാട്ടത്തിൽ നൈജീരിയയും കാനഡയും ഏറ്റുമുട്ടും.

റെക്കോഡ് കാണികൾ

വനിത ലോകകപ്പ് മത്സരങ്ങൾ കാണാൻ സിഡ്നിയിലെ ഒളിമ്പിക് സ്റ്റേഡിയത്തിലും ഓക്‍ലൻഡിലെ ഈഡൻ പാർക്കിലും റെക്കോഡ് കാണികളാണ് എത്തിയത്. 75,784 പേർ ആസ്ട്രേലിയ-റിപ്പബ്ലിക് ഓഫ് അയർലൻഡ് കളികാണാൻ ഗാലറിയിലുണ്ടായിരുന്നു. ന്യൂസിലൻഡ്-നോർവേ മത്സരത്തിന് ഈഡൻ പാർക്കിലേക്ക് 42,137 പേരുമെത്തി.

Tags:    
News Summary - Kickoff for Women's World Cup; The hosts New Zealand and Australia won

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.