യാസീനും യഹ്​യയും ആഴ്​സനൽ ജഴ്​സിയിൽ

കോഴിക്കോട്: വെംബ്ലി സ്‌റ്റേഡിയത്തിലെ ആളില്ലാത്ത ഗ്യാലറിക്ക് മുന്നിൽ ആഴ്സനൽ എഫ്.എ കപ്പ് കിരീടം സ്വന്തമാക്കിയപ്പോൾ ഇങ്ങകലെ കൊടുവള്ളി കരുവൻ പൊയിലിൽ രണ്ട് കുഞ്ഞു ആരാധകർ സന്തോഷമടക്കാനാകാതെ തുള്ളിച്ചാടി.

ഹൃദയത്തിലേറ്റിയ 'ഗണ്ണേഴ്സ്' ഇംഗ്ലീഷ് ഫുട്ബാളിലെ പ്രൗഠഢ ഗംഭീര കിരീടം സ്വന്തമാക്കിയതിൽ അത്രമേൽ ആമോദത്തിലായിരുന്നു അഹമ്മദ് യാസീനും അനിയൻ അഹമ്മദ് യഹ്​യയും.

ഈ കളിപ്രേമികളുടെ ചേട്ടനും ഗോകുലം കേരള എഫ്.സിയുടെ മാനേജറുമായ റജാഹ് റിസ്​വാൻ ട്വിറ്ററിൽ പങ്കുവെച്ച ചിത്രം ആഴ്സനൽ ക്ലബ് ഏറ്റെടുത്തിരിക്കുകയാണ്.

ഇന്ത്യയിലെ ആരാധകർ എന്ന ക്യാപ്ഷനിലാണ് ക്ലബി​െൻറ ഫേസ്ബുക്ക് പേജിലും ഇൻസ്​റ്റഗ്രാമിലും യാസീ​െൻറയും യഹ്​യയുടെയും വീഡിയോ പോസ്റ്റ് ചെയ്തത്.

ക്ലബ് ഫുട്ബാൾ സ്ഥിരമായി ടി.വിയിൽ കാണുന്ന ഇരുവർക്കും ആഴ്സനൽ ടീമിനോട് പെരുത്തിഷ്ടമാണ്. ബാഴ്സലോണയെ പണ്ട് ഇഷ്ടമായിരുന്നു. ഇപ്പോൾ അത്ര സ്നേഹം ഈ ക്ലബിനോടില്ല. ആഴ്സനലി​െൻറ ചെങ്കുപ്പായവും വെള്ള ഷോട്സും അണിഞ്ഞാണ് ചേട്ടനൊപ്പം എഫ്.എ കപ്പ് ഫൈനൽ കണ്ടത്.

വാശിയേറിയ പോരിൽ ആദ്യം ലീഡ് വഴങ്ങിയിട്ടും ചെൽസിയോട് ജയിക്കാനായപ്പോൾ ആവേശം കയറി. ഈ രംഗം റജാഹ് റിസ്​വാൻ മൊബൈലിൽ പകർത്തി ട്വിറ്ററിൽ പങ്കുവെക്കുകയായിരുന്നു. ആഴ്സനൽ ക്ലബിനെ ടാഗ് ചെയ്ത് പലരും കമൻറിട്ടു. തുടർന്നാണ് ക്ലബ് സമൂഹമാധ്യമ സംഘം റിസ്​വാനെ ബന്ധപെട്ട് വീഡിയോ വാങ്ങിയത്.

കരുവൻപൊയിൽ അൻസാർ ഇംഗ്ലീഷ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് യാസീൻ. യഹ്​യ രണ്ടാം ക്ലാസിലും പഠിക്കുന്നു. ഇരുവർക്കും പന്ത് കളിക്കാനും ഇഷ്​ടമാണ്.

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രഫഷനൽ ഫുട്ബാൾ ടീം മാനേജർ എന്ന വിശേഷണമുള്ള റിസ്​വാനാണ് അനിയന്മാർക്കും കളിഭ്രാന്ത് പകർന്ന് കൊടുത്തത്. കരുവൻപൊയിൽ കുനിയിൽ അബ്​ദുൽ ഗഫൂറി​െൻറയും തസ്നി ബാനുവി​െൻറയും മക്കളാണ്.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.