കൊച്ചി: കേരള പ്രീമിയര്‍ ലീഗിലും കേരള ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വിയോടെ തുടക്കം. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടന്ന ബി ഗ്രൂപ്പ് മത്സരത്തില്‍ ലീഗിലെ കന്നിക്കാരായ കേരള യുണൈറ്റഡ് എഫ്‌സിയോടാണ് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് നിലവിലെ ചാമ്പ്യന്‍മാര്‍ തോറ്റത്. ബുജൈര്‍ വലിയാട്ടിന്‍റെ ഇരട്ട ഗോളുകള്‍ക്കൊപ്പം നിധിന്‍ കൃഷ്ണയും ബ്ലാസ്‌റ്റേഴ്‌സ് റിസര്‍വിനെതിരെ വിജയ ഗോളുകള്‍ സ്വന്തമാക്കി. ലീഗില്‍ ബുജൈറിന്റെ മൂന്നാം ഗോളാണിത്. നിഹാല്‍ സുധീഷാണ് ബ്ലാസ്റ്റേഴ്‌സിനായി ആശ്വാസ ഗോള്‍ നേടിയത്. ലീഗില്‍ യുണൈറ്റഡിന്റെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്. ആദ്യ മത്സരത്തില്‍ കോവളം എഫ്‌സിയെയും കേരള യുണൈറ്റഡ് പരാജയപ്പെടുത്തിയിരുന്നു.
ഗോളടിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സും യുണൈറ്റഡും പരസ്പരം പോരടിച്ചപ്പോള്‍ ആദ്യപകുതിയില്‍ തന്നെ മഹാരാജാസ് ഗ്രൗണ്ട് ആവേശത്തിലായി. ബ്ലാസ്‌റ്റേഴ്‌സിന്റെ പിഴവ് മുതലെടുത്ത യുണൈറ്റഡ് 43ാം മിനിറ്റില്‍ ചാമ്പ്യന്മാരുടെ വല കുലുക്കി. യുണൈറ്റഡിന് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് നിധിന്‍ കൃഷ്ണന്‍ തന്ത്രപരമായി വലയിലെത്തിക്കുകയായിരുന്നു. ആദ്യപകുതിക്ക് തൊട്ട്മുമ്പ് യുണൈറ്റഡ് സ്‌കോര്‍ വീണ്ടും ഉയര്‍ത്തി. ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് മുന്നേറിയ ബുജൈര്‍ വലിയാട്ടാണ് രണ്ടാം ഗോള്‍ നേടിയത്. രണ്ടാം പകുതിയുടെ ആദ്യമിനുറ്റുകളില്‍ തന്നെ യുണൈറ്റഡ് ലീഡ് ഉയര്‍ത്തിയെങ്കിലും ഓഫ് സൈഡില്‍ കരുങ്ങി.
ബ്ലാസ്റ്റേഴ്‌സിന്റെ തിരിച്ചടിക്കാനുള്ള ശ്രമങ്ങളെ യുണൈറ്റഡ് പ്രതിരോധം ചെറുത്തെങ്കിലും 66ാം മിനിറ്റില്‍ പെനാല്‍റ്റിയായി വീണുകിട്ടിയ അവസരം നിഹാല്‍ സുധീഷ് ലക്ഷ്യത്തിലെത്തിച്ചു. നിഹാലിനെ ബോക്‌സിനുള്ളില്‍ വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി. 89ാം മിനിറ്റില്‍ ബുജൈറിലൂടെ യുണൈറ്റഡ് വീണ്ടും സ്‌കോര്‍ ബോര്‍ഡ് ഉയര്‍ത്തി. വലതു വിങ്ങില്‍ നിന്ന് ആദര്‍ശ് നല്‍കിയ ക്രോസ് സീകരിച്ച ബുജൈര്‍ മനോഹരമായ നീക്കത്തിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു. ഇരുടീമുകളും പരുക്കന്‍ കളി പുറത്തെടുത്തതോടെ ഏഴു തവണ റഫറിക്ക് മഞ്ഞക്കാര്‍ഡ് പുറത്തെടുക്കേണ്ടി വന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.