മഡ്രിഡിൽ ആഞ്ഞടിച്ച് എംബാപ്പെ തരംഗം! സ്പാനിഷ് വമ്പന്മാരായ റയൽ മഡ്രിഡിന്‍റെ തട്ടകമായ സാന്‍റിയാഗോ ബെർണബ്യൂവിൽ കഴിഞ്ഞദിവസം ആഘോഷപൂർവമാണ് ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബാപ്പെയെ ക്ലബ് അവതരിപ്പിച്ചത്.
പോർചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ, സൂപ്പർതാരം കരീം ബെൻസേമ എന്നിവർ ധരിച്ച ഒമ്പതാം നമ്പർ ജഴ്സി നൽകിയാണ് 25കാരൻ എംബാപ്പെയെ ക്ലബ് വരവേറ്റത്. എന്നാൽ, അരങ്ങേറ്റ മത്സരത്തിനു മുമ്പേ തന്നെ എംബാപ്പെ തരംഗം അഞ്ഞടിക്കുകയാണ് റയലിൽ. താരത്തിന്‍റെ പേരിലുള്ള ഒമ്പതാം നമ്പർ ജഴ്സി ചൂടപ്പം പോലെയാണ് വിറ്റുപോകുന്നത്.
ജഴ്സി വിൽപനയിൽ ഇംഗ്ലീഷ് സൂപ്പർ താരം ജൂഡ് ബെല്ലിങ്ഹാമിന്‍റെ റെക്കോഡ് എംബാപ്പെ മറികടന്നു. ബെല്ലിങ്ഹാമിന്‍റെ ജഴ്സിയേക്കാൾ അഞ്ചിരട്ടി ആവശ്യക്കാരാണ് എംബാപ്പെയുടെ ജഴ്സിക്കെന്ന് റിപ്പോർട്ടുകൾ പറയുന്നു. മറ്റൊരു ഇതിഹാസതാരം സിനദിൻ സിദാൻ ധരിച്ച അഞ്ചാം നമ്പർ ജഴ്സിയാണ് റയലിൽ ബെല്ലിങ്ഹാമിന് ക്ലബ് നൽകിയിരുന്നത്. 2023 സീസണിലാണ് താരം ക്ലബിനൊപ്പം ചേരുന്നത്. താരത്തിന്‍റെ ജഴ്സിക്കും ആവശ്യക്കാരേറെയായിരുന്നു.
എന്നാൽ, എംബാപ്പെയുടെ ജഴ്സി വിൽപന റയലിന്‍റെ എല്ലാ പ്രതീക്ഷകളെയും മറികടന്നു കുതിക്കുകയാണെന്ന് വിവിധ കായിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. താരത്തിന്‍റെ പേരിലുള്ള റയൽ ജഴ്സി വാങ്ങാനായി ഷോപ്പുകൾക്കു മുന്നിൽ നീണ്ട വരിയാണ്. ആരാധകരുടെ ആവശ്യം നിറവേറ്റാൻ തങ്ങൾക്ക് കഴിയുന്നില്ലെന്നും ക്ലബ് വ്യക്തമാക്കി. എംബാപ്പെയുടെ അരങ്ങേറ്റ മത്സരത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നതിനിടെയാണ് ജഴ്സി വിൽപനയിലും എംബാപ്പെ തരംഗം തീർക്കുന്നത്.
അഞ്ചു വർഷത്തെ കരാറിലാണ് താരം റയലിലെത്തിയത്. താരനിബിഡമായ റയലില്‍ എംബാപ്പെയെ പരിശീലകൻ കാർലോ ആഞ്ചലോട്ടി ഏത് പൊസിഷനിലാകും കളിപ്പിക്കുകയെന്നതും അതിനായി സ്വീകരിക്കുന്ന ഗെയിംപ്ലാനും ഫോര്‍മേഷനും എന്താകുമെന്നറിയാനും ആരാധകർക്ക് കൗതുകമുണ്ട്. ക്ലബിന്‍റെ പ്രീസീസൺ മത്സരങ്ങളിൽ തന്നെ എംബാപ്പെ റയലിനായി അരങ്ങേറ്റം കുറിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
ജൂലൈ 31ന് ചിക്കാഗോയിലെ സോൾജ്യർ ഫീൽഡിൽ എ.സി മിലാനെതിരെയാണ് റയലിന്‍റെ സീസണിലെ ആദ്യ സൗഹൃദ മത്സരം. യുവേഫ സൂപ്പർ കപ്പാണ് റയലിന്‍റെ ആദ്യ ടൂർണമെന്‍റ്. ആഗസ്റ്റ് 14ന് പോളണ്ടിലെ വാഴ്സോയിൽ യൂറോപ്പ ലീഗ് ചാമ്പ്യന്മാരായ അറ്റ്ലാന്‍റയുമായി ഏറ്റുമുട്ടും. ദീർഘകാലമായുള്ള തന്‍റെ ആഗ്രഹമായിരുന്നു റയലിൽ കളിക്കുകയെന്നത്, അത് യാഥാർഥ്യമാകുന്നതിൽ സന്തോഷമുണ്ടെന്നും എംബാപ്പെ പ്രതികരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.