ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബാപ്പെ പാരിസ് സെന്‍റ് ജെർമെയ്നുമായി (പി.എസ്.ജി) പുതിയ കരാറൊപ്പിടുമെന്ന് റിപ്പോർട്ടുകൾ. 2026 വരെയുള്ള കരാറിൽ വേണമെങ്കിൽ താരത്തിന് അടുത്ത സീസണിൽ ക്ലബ് വിടാനുള്ള റിലീസ് ക്ലോസും ഉൾപ്പെടുത്തും.
കരാര്‍ പുതുക്കില്ലെന്ന് അറിയിച്ചതോടെയാണ് എംബാപ്പെയും പി.എസ്.ജിയും തമ്മിൽ തർക്കം ഉടലെടുത്തത്. ക്ലബിന്‍റെ പ്രീ സീസൺ മത്സരങ്ങളിലും ലീഗ് വണ്ണിലെ ആദ്യ മത്സരത്തിലും താരത്തെ മാറ്റി നിർത്തി. ഇതിനിടെ സുഹൃത്തായ ഒസ്മാന്‍ ഡെംബലെ ടീമിലെത്തുകയും ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ക്ലബ് വിടുകയും ചെയ്തതോടെ താൽക്കാലിക വെടിനിര്‍ത്തൽ പ്രഖ്യാപിച്ച് എംബാപ്പെ വീണ്ടും ക്ലബിനായി കളത്തിലിറങ്ങി.
ലീഗ് വണ്ണിൽ രണ്ടു മത്സരങ്ങളിൽനിന്നായി താരം മൂന്നു ഗോളുകളും നേടി. കരാറിൽ റിലീസ് ക്ലോസ് ഉൾപ്പെടുത്തുന്നതോടെ അടുത്ത സീസണിൽ വേണമെങ്കിൽ സ്വപ്ന ക്ലബായ റയൽ മഡ്രിഡിലേക്ക് പോകാനുള്ള അവസരവും താരത്തിന് മുന്നിലുണ്ടാകും. പി.എസ്.ജി സ്പോർട്ടിങ് ഡയറക്ടർ ലൂയിസ് കാംപോസാണ് കരാറിനു പിന്നിലെ നിർണായക ശക്തിയെന്നാണ് പുറത്തുവരുന്ന വിവരം.
അതേസമയം, ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്ക, എംബാപ്പെയെ ക്ലബിലെത്തിക്കാനുള്ള അവസാന ശ്രമം റയലും നടത്തുന്നുണ്ട്. എംബാപ്പെയെ സ്വന്തമാക്കാൻ റയൽ വർഷങ്ങളായി നീക്കം നടത്തുന്നുണ്ട്. യൂറോപ്പിലെ മികച്ച ക്ലബുകൾക്കെതിരെ പോരാടാൻ റയൽ മഡ്രിഡിന് ഒരു ഗോൾ സ്‌കോററെ അടിയന്തരമായി ആവശ്യമുണ്ട്. 2017ൽ വായ്പാടിസ്ഥാനത്തിലാണ് മൊണോക്കോയില്‍നിന്ന് എംബാപ്പെ പി.എസ്.ജിയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.