‘ഒരുമിച്ചുള്ള രണ്ടുവർഷങ്ങൾക്ക് നന്ദി’; മെസ്സിക്ക് ഹൃദയസ്പർശിയായ ജന്മദിന സന്ദേശവുമായി എംബാപ്പെ

ഇതിഹാസ താരം ലയണൽ മെസ്സിക്ക് ഫ്രഞ്ച് ക്ലബ് പി.എസ്.ജിയിലെ സഹതാരമായിരുന്ന കിലിയൻ എംബാപ്പെയുടെ ഹൃദയസ്പർശിയായ ജന്മദിന സന്ദേശം.

സമൂഹമാധ്യമത്തിലൂടെയാണ് ഫ്രഞ്ച് താരം മെസ്സിക്ക് ജന്മദിനാശംസകൾ നേർന്നത്. പി.എസ്.ജിയിൽ ഒരുമിച്ചുള്ള രണ്ടുവർഷങ്ങൾക്ക് നന്ദിയുണ്ടെന്ന് എംബാപ്പെയുടെ കുറിപ്പിൽ പറയുന്നു. ‘ജന്മദിനാശംസകൾ, ഇതിഹാസം ലിയോ മെസ്സി. നിങ്ങളുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം ഏറ്റവും നല്ല ദിവസം ആശംസിക്കുന്നു’ -എംബാപ്പെ ഇൻസ്റ്റയിൽ കുറിച്ചു.

‘പാരിസിൽ രണ്ടു വർഷം ഒരുമിച്ചു കളിക്കാനായതിൽ നന്ദി. ഒരു കളിക്കാരൻ, പങ്കാളി, എതിരാളി, മനുഷ്യൻ എന്നീ നിലകളിൽ ഞാൻ നിങ്ങളിൽനിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചു. നിങ്ങളുടെ പുതിയ സാഹസികതക്ക് ആശംസകൾ’ -എംബാപ്പെ കുറിപ്പിൽ കൂട്ടിച്ചേർത്തു. മെസ്സിക്കു പിന്നാലെ എംബാപ്പെയും പി.എസ്.ജി വിടുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ലീഗ് വണ്ണിലെ ടോപ് സ്കോറർ കൂടിയായ എംബാപ്പെ, ക്ലബിനോട് തന്‍റെ കരാർ നീട്ടേണ്ടതില്ലെന്ന് ആവശ്യപ്പെട്ട് മാനേജ്മെന്‍റിന് കത്ത് നൽകിയിട്ടുണ്ട്.

ഇതോടെ, കരാർ കാലാവധി കഴിയുന്നതിനു മുമ്പേ താരത്തെ വിറ്റൊഴിവാക്കാനുള്ള നീക്കം പി.എസ്.ജി തുടങ്ങിയതായാണ് വിവരം. സ്പാനിഷ് വമ്പന്മാരായ റയൽ മഡ്രിഡ് റെക്കോഡ് തുകക്ക് താരത്തെ ക്ലബിലെത്തിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. അമേരിക്കൻ മേജർ സോക്കർ ലീഗിലേക്ക് പോകുന്ന മെസ്സി ജൂലൈ 21 ഇന്റർ മിയാമിക്കു വേണ്ടി അരങ്ങേറ്റ മത്സരം കളിക്കും.

Tags:    
News Summary - Kylian Mbappe pens a heartfelt message to Lionel Messi on his 36th birthday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.