ചാമ്പ്യൻസ്​ ലീഗിൽ ചാമ്പ്യൻന്മാർക്ക്​ വീഴ്ച​: എംബാപ്പെ ഡബ്​ളിൽ ബയേണിനെ വീഴ്​ത്തി പി.എസ്​.ജി

ബെർലിൻ: കഴിഞ്ഞ ചാമ്പ്യൻസ്​ ലീഗ്​ ഫൈനലിന്‍റെ തനിയാവർത്തനം കണ്ട ആവേശപ്പോരിൽ നിലവിലെ ചാമ്പ്യന്മാരെ കളി മികവിൽ വീഴ്​ത്തി പി.എസ്​.ജി.

ഇരട്ട ഗോളുമായി കിലിയൻ എംബാപ്പെ മുന്നിൽനിന്നു നയിച്ച ചാമ്പ്യൻസ്​ ലീഗ്​ ക്വാർട്ടർ ആദ്യ പാദത്തിലാണ്​ ബയേണിനെതിരെ പി.എസ്​.ജി ജയം. സ്​കോർ 3-2.

തുടക്കത്തിലേ അതിവേഗവും കളിയഴകുമായി മൈതാനം നിറഞ്ഞ നെയ്​മർ- എംബാപ്പെ ദ്വയം മൂന്നാം മിനിറ്റിൽ തന്നെ ആദ്യ പ്രഹരമേൽപിച്ചു. നെയ്​മർ നൽകിയ മനോഹര പാസ്​ ബയേൺ കാവൽക്കാരൻ മാനുവൽ നോയർ തടു​ത്തി​ട്ടെങ്കിലും മഞ്ഞുവീഴ്ചയിൽ കുതിർന്നുനിന്ന പന്ത്​ കാലിനടിയിലൂടെ തെന്നിനീങ്ങി വല തൊട്ടു. അതിനു മുന്നേ മ്യൂളറും സംഘവും ഒന്നിലേറെ തവണ ഗോൾമുഖത്ത്​ അപകടം വിതച്ച്​ പി.എസ്​.ജിയെ ഞെട്ടിച്ചെങ്കിലൂം റഫറിയും ഭാഗ്യവും തുണച്ചില്ല. കൊണ്ടും കൊടുത്തും അതിവേഗമാർജിച്ച കളിയുടെ

ആദ്യ പകുതിയിൽ പി.എസ്​.ജി ലീഡുയർത്തി. നെയ്​മർ തന്നെ നൽകിയ ക്രോസ്​ ഗോളിലേക്ക്​ തിരിച്ചുവിട്ട്​ മാർക്വിഞ്ഞോസായിരുന്നു ഇത്തവണ താരം​. വൈകാതെ എറിക്​ മാക്​സിം ചൂപോ മോട്ടിങ്​ തന്‍റെ പഴയ ക്ലബിനെതിരെ ഹെഡർ ഗോളുമായി ബയേണിന്​ ആശ്വാസഗോൾ സമ്മാനിച്ചു. രണ്ടാം പകുതിയിൽ മ്യൂളർ ടീമിനെ ഒപ്പമെത്തിച്ചു. സമനിലക്കു പക്ഷേ, എട്ടു മി​നിറ്റേ സമയമുണ്ടായിരുന്നുള്ളൂ. അതിനിടെ, ജെറോം ബോ​ട്ടെങ്ങിന്‍റെ കാലിനടിയിലൂടെ എംബാപ്പെ പായിച്ച ഷോട്ട്​ ഗോളി നോ​യറെയും കടന്ന്​ വലയിൽ മുത്തമിട്ടതോടെ ജയം പി.എസ്​.ജിക്ക്​.

പ്രീ ക്വാർട്ടർ ആദ്യ പാദത്തിൽ ലാ ലിഗ കരുത്തരായ ബാഴ്​സലോണയെ ഒന്നിനെതിരെ നാലു ഗോളുകൾക്ക്​ വീഴ്​ത്തിയ ശേഷം പൊച്ചെറ്റിനോയു​െട സംഘത്തിനു ലഭിക്കുന്ന വലിയ വിജയമാണ്​ ബുധനാഴ്ചത്തേത്​. അന്ന്​ നൗകാമ്പിലായിരുന്നു ബാഴ്സയെ വീഴ്​ത്തിയതെങ്കിൽ ഇത്തവണ അലയൻസ്​ അറീനയിലാണ്​ ബയേൺ വീണത്​. പുറത്തിരുന്ന ടോപ്​സ്​കോറർ റോബർട്ട്​ ലെവൻഡോവ്​സ്​കിയു​െട അഭാവമാണ്​ ഇന്നലെ ബയേണിന്​ ശരിക്കും വില്ലനായത്​. അടുത്ത ചൊവ്വാഴ്ചയാണ്​ ഇരു ടീമുകളും തമ്മിലെ രണ്ടാം പാദം.

രണ്ടാം ക്വാർട്ടറിൽ പോർച്ചുഗീസ്​ ക്ലബായ പോ​ർ​ട്ടോയെ ഏകപക്ഷീയമായ രണ്ടു ഗോളിന്​ വീഴ്​ത്തി ചെൽസി ആദ്യ പാദ ലീഡ്​ എടുത്തു. ഇരു പകുതികളിലായി മൗണ്ടും (32ാം മിനിറ്റ്​) ചിൽവെലും (85) ആണ്​ ചെൽസിക്ക്​ ജയം സമ്മാനിച്ചത്​. ഇതിലെ ജേതാക്കൾക്ക്​ റയൽ മഡ്രിഡ്​- ലിവർപൂൾ ക്വാർട്ടർ വിജയികളെയാണ്​ നേരിടേണ്ടിവരിക. ഒന്നാം പാദം 3-1ന്​ ജയിച്ച്​ റയൽ മുന്നിലാണ്​.

Tags:    
News Summary - Kylian Mbappe scored twice as Paris St-Germain beat title holders Bayern Munich in a thrilling Champions League quarter-final first leg.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.