ചാമ്പ്യൻസ് ലീഗിൽ ചാമ്പ്യൻന്മാർക്ക് വീഴ്ച: എംബാപ്പെ ഡബ്ളിൽ ബയേണിനെ വീഴ്ത്തി പി.എസ്.ജി
text_fieldsബെർലിൻ: കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് ഫൈനലിന്‍റെ തനിയാവർത്തനം കണ്ട ആവേശപ്പോരിൽ നിലവിലെ ചാമ്പ്യന്മാരെ കളി മികവിൽ വീഴ്ത്തി പി.എസ്.ജി.
ഇരട്ട ഗോളുമായി കിലിയൻ എംബാപ്പെ മുന്നിൽനിന്നു നയിച്ച ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ആദ്യ പാദത്തിലാണ് ബയേണിനെതിരെ പി.എസ്.ജി ജയം. സ്കോർ 3-2.
തുടക്കത്തിലേ അതിവേഗവും കളിയഴകുമായി മൈതാനം നിറഞ്ഞ നെയ്മർ- എംബാപ്പെ ദ്വയം മൂന്നാം മിനിറ്റിൽ തന്നെ ആദ്യ പ്രഹരമേൽപിച്ചു. നെയ്മർ നൽകിയ മനോഹര പാസ് ബയേൺ കാവൽക്കാരൻ മാനുവൽ നോയർ തടുത്തിട്ടെങ്കിലും മഞ്ഞുവീഴ്ചയിൽ കുതിർന്നുനിന്ന പന്ത് കാലിനടിയിലൂടെ തെന്നിനീങ്ങി വല തൊട്ടു. അതിനു മുന്നേ മ്യൂളറും സംഘവും ഒന്നിലേറെ തവണ ഗോൾമുഖത്ത് അപകടം വിതച്ച് പി.എസ്.ജിയെ ഞെട്ടിച്ചെങ്കിലൂം റഫറിയും ഭാഗ്യവും തുണച്ചില്ല. കൊണ്ടും കൊടുത്തും അതിവേഗമാർജിച്ച കളിയുടെ
ആദ്യ പകുതിയിൽ പി.എസ്.ജി ലീഡുയർത്തി. നെയ്മർ തന്നെ നൽകിയ ക്രോസ് ഗോളിലേക്ക് തിരിച്ചുവിട്ട് മാർക്വിഞ്ഞോസായിരുന്നു ഇത്തവണ താരം. വൈകാതെ എറിക് മാക്സിം ചൂപോ മോട്ടിങ് തന്‍റെ പഴയ ക്ലബിനെതിരെ ഹെഡർ ഗോളുമായി ബയേണിന് ആശ്വാസഗോൾ സമ്മാനിച്ചു. രണ്ടാം പകുതിയിൽ മ്യൂളർ ടീമിനെ ഒപ്പമെത്തിച്ചു. സമനിലക്കു പക്ഷേ, എട്ടു മിനിറ്റേ സമയമുണ്ടായിരുന്നുള്ളൂ. അതിനിടെ, ജെറോം ബോട്ടെങ്ങിന്റെ കാലിനടിയിലൂടെ എംബാപ്പെ പായിച്ച ഷോട്ട് ഗോളി നോയറെയും കടന്ന് വലയിൽ മുത്തമിട്ടതോടെ ജയം പി.എസ്.ജിക്ക്.
പ്രീ ക്വാർട്ടർ ആദ്യ പാദത്തിൽ ലാ ലിഗ കരുത്തരായ ബാഴ്സലോണയെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് വീഴ്ത്തിയ ശേഷം പൊച്ചെറ്റിനോയുെട സംഘത്തിനു ലഭിക്കുന്ന വലിയ വിജയമാണ് ബുധനാഴ്ചത്തേത്. അന്ന് നൗകാമ്പിലായിരുന്നു ബാഴ്സയെ വീഴ്ത്തിയതെങ്കിൽ ഇത്തവണ അലയൻസ് അറീനയിലാണ് ബയേൺ വീണത്. പുറത്തിരുന്ന ടോപ്സ്കോറർ റോബർട്ട് ലെവൻഡോവ്സ്കിയുെട അഭാവമാണ് ഇന്നലെ ബയേണിന് ശരിക്കും വില്ലനായത്. അടുത്ത ചൊവ്വാഴ്ചയാണ് ഇരു ടീമുകളും തമ്മിലെ രണ്ടാം പാദം.
രണ്ടാം ക്വാർട്ടറിൽ പോർച്ചുഗീസ് ക്ലബായ പോർട്ടോയെ ഏകപക്ഷീയമായ രണ്ടു ഗോളിന് വീഴ്ത്തി ചെൽസി ആദ്യ പാദ ലീഡ് എടുത്തു. ഇരു പകുതികളിലായി മൗണ്ടും (32ാം മിനിറ്റ്) ചിൽവെലും (85) ആണ് ചെൽസിക്ക് ജയം സമ്മാനിച്ചത്. ഇതിലെ ജേതാക്കൾക്ക് റയൽ മഡ്രിഡ്- ലിവർപൂൾ ക്വാർട്ടർ വിജയികളെയാണ് നേരിടേണ്ടിവരിക. ഒന്നാം പാദം 3-1ന് ജയിച്ച് റയൽ മുന്നിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.