ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബാപ്പെ ഇരട്ടഗോളുമായി തിളങ്ങിയ മത്സരത്തിൽ പി.എസ്.ജിക്ക് ലീഗ് വൺ സീസണിലെ ആദ്യ ജയം. സ്വന്തംതട്ടകമായ പാർക് ഡെ പ്രിൻസസിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ലെൻസിനെ വീഴ്ത്തിയത്. സീസണിൽ ആദ്യമായാണ് പ്ലെയിങ് ഇലവനിൽ എംബാപ്പെ കളിക്കാനിറങ്ങുന്നത്.
സൂപ്പർതാരങ്ങളായ ലയണൽ മെസ്സിയും നെയ്മറും ക്ലബ് വിട്ടതിനു പിന്നാലെ പുതിയ സീസണിലും കിരീട പ്രതീക്ഷയുമായി ഇറങ്ങിയ പി.എസ്.ജിക്ക് ആദ്യ രണ്ടു മത്സരങ്ങളിൽ സമനില കൊണ്ട് തൃപ്തിപെടേണ്ടി വന്നിരുന്നു. കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഉടലെടുത്ത തർക്കങ്ങളെ തുടർന്ന് പ്രീ സീസണിലും ലീഗ് വണ്ണിലെ ആദ്യ മത്സരത്തിലും എംബാപ്പെയെ മാറ്റിനിർത്തിയിരുന്നു.
രണ്ടാം മത്സരത്തിൽ പകരക്കാരനായാണ് എംബാപ്പെ ഇറങ്ങിയത്. വലകുലുക്കുകയും ചെയ്തു. സ്വന്തം മൈതാനത്ത് എംബാപ്പെയുടെ പേര് പ്രഖ്യാപിക്കുമ്പോൾ ആരാധകർ കരഘോഷം മുഴക്കിയാണ് വരവേറ്റത്. മത്സരത്തിന്‍റെ 44ാം മിനിറ്റിൽ സ്പാനിഷ് താരം മാർകോ അസെൻസിയോയിലൂടെ പി.എസ്.ജ് ലീഡ് നേടി. വാറൻ സയർ എമറിയാണ് ഗോളിന് വഴിയൊരുക്കിയത്.
രണ്ടാം പകുതിയുടെ തുടക്കത്തിൽതന്നെ എംബാപ്പെ ലീഡ് വർധിപ്പിപ്പിച്ചു. 52ാം മിനിറ്റിൽ ലൂകാസ് ഹെർണാഡസിന്‍റെ അസിസ്റ്റിൽനിന്നാണ് താരം സീസണിലെ രണ്ടാം ഗോൾ നേടിയത്. ലീഗ് വണ്ണിൽ പി.എസ്.ജിക്കായി എംബാപ്പെ നേടുന്ന 150ാം ഗോളാണിത്. 90ാം മിനിറ്റിൽ എംബാപ്പെ രണ്ടാമതും വലകുലുക്കി. ഇൻജുറി ടൈമിൽ മോർഗൻ ഗുയിലവോഗിയാണ് ലെൻസിന്‍റെ ആശ്വാസഗോൾ നേടിയത്. മത്സരത്തിൽ 66 ശതമാനവും പന്ത് കൈവശം വെച്ചത് പി.എസ്.ജി താരങ്ങളായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.