സീസൺ ടിക്കറ്റ് പുതുക്കാനാവശ്യപ്പെട്ട് ആരാധകർക്കായി തയാറാക്കി പുറത്തുവിട്ട വിഡിയോയിൽ പഴയ അഭിമുഖത്തിന്റെ ഭാഗങ്ങൾ ചേർത്തതിൽ കടുത്ത രോഷം പരസ്യമാക്കി സൂപർ താരം കിലിയൻ എംബാപ്പെ. ലീഗ് വൺ ചാമ്പ്യൻമാരായ ടീം തന്നെ പോസ്റ്റർ ബോയ് ആക്കിയെന്നാണ് വിമർശനം. നിലവിൽ സീസൺ ടിക്കറ്റുള്ളവർക്കായാണ് പുതുക്കാൻ പ്രേരിപ്പിച്ച് ക്ലബ് വിഡിയോ അയച്ചത്. ഇതിൽ പ്രധാന റോളിലെത്തുന്ന എംബാപ്പെ ക്ലബിനോട് തന്റെ ഇഷ്ടവും അടുപ്പവും പ്രത്യേകം പറയുന്നുണ്ട്.
ടീമിന്റെ മുന്നേറ്റത്തിലെ കുന്തമുനകളായ ലയണൽ മെസ്സി, നെയ്മർ ജൂനിയർ എന്നിവരില്ലാത്ത വിഡിയോയിൽ താൻ മാത്രം എങ്ങനെ വന്നുവെന്നതാണ് എംബാപ്പെയുടെ വാക്കുകൾ പറയാതെ പറയുന്നത്. ഇതിൽ ക്ഷുഭിതനായി സമൂഹ മാധ്യമത്തിലെത്തിയ താരം കുറിച്ചതിങ്ങനെ: ‘‘ക്ലബിന്റെ 23/24ലെ ടിക്കറ്റ് പുതുക്കൽ കാമ്പയിനിൽ ഞാൻ പങ്കാളിയായത് കാഴ്ചക്കാരനെന്നനിലക്കു മാത്രം. എന്റെ അഭിമുഖത്തിലെ ഉള്ളടക്കത്തെ കുറിച്ച് എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നില്ല. ക്ലബ് മാർക്കറ്റിങ് ദിനത്തിൽ നടന്ന സാധാരണ അഭിമുഖം മാത്രമായിരുന്നു അത്. പുതുതായി പോസ്റ്റ് ചെയ്ത വിഡിയോയിൽ എന്റെ അതൃപ്തി അറിയിക്കുന്നു. പി.എസ്.ജി ഒരു വലിയ ക്ലബും വലിയ കുടുംബവുമാണ്. എന്നുവെച്ച് അത് കിലിയൻ സെന്റ് ജർമനല്ല’’. ഇൻസ്റ്റഗ്രാമിലായിരുന്നു കടുത്ത എതിർപ്പറിയിച്ചുള്ള പോസ്റ്റ്.
പി.എസ്.ജിയുമായി എംബാപ്പെ അകലുന്നുവെന്ന അവസാനത്തെ സൂചനയായി ഈ പ്രതികരണം. വർഷങ്ങളായി റയൽ മഡ്രിഡിലേക്ക് ചേക്കേറാൻ ശ്രമം നടത്തുന്നുവെങ്കിലും വിജയം കണ്ടിരുന്നില്ല. കഴിഞ്ഞ സീസൺ അവസാനത്തോടെ ഇത് ഏകദേശം തീരുമാനമായതാണെങ്കിലും അവസാന നിമിഷം വീണ്ടും പി.എസ്.ജിയുമായി കരാർ പുതുക്കുകയായിരുന്നു. ഈ സീസൺ അവസാനത്തോടെ വീണ്ടും കൂടുമാറ്റ ചർച്ചകൾ സജീവമാണ്. സീസണിൽ ഇതുവരെ 31 ഗോളുകൾ നേടിയ വിട്ടുനൽകാൻ പി.എസ്.ജിക്ക് താൽപര്യവുമില്ല.
ക്ലബിൽ എഡിൻസൺ കവാനിയുടെ പേരിലായിരുന്ന ഗോൾ സ്കോറിങ് റെക്കോഡുൾപ്പെടെ ഇപ്പോൾ താരത്തിന്റെ പേരിലാണ്. അതേ സമയം, വിഡിയോയിലെ പരാമർശങ്ങളും ചർച്ചയാകുകയാണ്. ‘‘പാരിസിയൻ ആകുകയെന്നാൽ നീ ആരെന്നതിലും എന്തിനെ പ്രതിനിധാനം ചെയ്യുന്നുവെന്നതിലും അഭിമാനമുള്ളവനാകലാണ്. സ്വന്തം സ്വപ്നങ്ങളിലും അഭിമാനമുള്ളവനാകലാണ്. കാര്യങ്ങൾ സഫലമാക്കൽ, വിജയിക്കണമെന്ന മനസ്സ്, എപ്പോഴും സ്വയം നവീകരിക്കൽ, എവിടെനിന്ന് വന്നുവെന്നത് വിസ്മരിക്കാതിരിക്കൽ എന്നിവയുമാണ്’’- എന്ന് തുടങ്ങുന്നു വിഡിയോയിലെ എംബാപ്പെയുടെ വാക്കുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.