മഡ്രിഡ്: റയൽ മഡ്രിഡിന്‍റെ ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബാപ്പെയുടെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്തു. അർജന്‍റൈൻ ഇതിഹാസം ലയണൽ മെസ്സിയെ കളിയാക്കിയും പോർചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ പുകഴ്ത്തിയും എക്സിൽ ഹാക്കർമാർ പോസ്റ്റ് ചെയ്ത കുറിപ്പുകൾ നിമിഷങ്ങൾക്കകമാണ് വൈറലായത്.
താരത്തിന്‍റെ അക്കൗണ്ടിൽ വ്യാഴാഴ്ച രാവിലെ പ്രകോപനപരമായ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടതോടെയാണ് ഹാക്ക് ചെയ്ത വിവരം ശ്രദ്ധയിൽപെടുന്നത്. താരത്തിന്‍റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ മെസ്സി-റൊണാള്‍ഡോ താരതമ്യത്തെക്കുറിച്ചുവന്ന പോസ്റ്റുകൾ കണ്ട് ആരാധകർ ആദ്യമൊന്ന് ഞെട്ടി. ‘എക്കാലത്തെയും മികച്ച ഫുട്ബാൾ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയെന്നും ഈ കൊച്ചുമനുഷ്യൻ എന്‍റെ ഗോട്ടല്ല’ എന്ന കുറിപ്പിനൊപ്പം മെസ്സി കരയുന്ന ചിത്രവും ഹാക്കർമാർ എംബാപ്പെയുടെ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു.
കൂടാതെ, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി, ടോട്ടന്‍ഹാം ക്ലബുകളെക്കുറിച്ചും പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. അധികം വൈകാതെ തന്നെ അക്കൗണ്ട് വീണ്ടെടുക്കുകയും പോസ്റ്റുകളെല്ലാം നീക്കം ചെയ്യുകയും ചെയ്തു. വിഷയത്തിൽ താരം ഇതുവരെ പ്രതികരിച്ചിട്ടില്ല. സീസണു മുന്നോടിയായാണ് പി.എസ്.ജിയിൽനിന്ന് എംബാപ്പെ സ്പാനിഷ് ക്ലബിലെത്തിയത്. യുവേഫ സൂപ്പർ കപ്പിൽ റയലിനായി അരങ്ങേറ്റം കുറിച്ച താരം ഗോൾ നേടിയാണ് വരവറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.