ലാ ലിഗയിൽ ബാഴ്സലോണക്ക് തകർപ്പൻ ജയം. സ്വന്തം കാണികൾക്കു മുമ്പിൽ ഗെറ്റഫെയെ ഏകപക്ഷീയമായ നാലു ഗോളുകൾക്കാണ് സാവിയും സംഘവും തരിപ്പണമാക്കിയത്. അടുത്ത കാലത്തെ ഏറ്റവും നല്ല പ്രകടനമാണ് ബാഴ്സ കളത്തിൽ പുറത്തെടുത്തത്.
ജയത്തോടെ ലീഗിൽ ജിറോണയെ മറികടന്ന് രണ്ടാമതെത്തി. ഒന്നാമതുള്ള റയൽ മഡ്രിഡുമായുള്ള ലീഡ് വ്യത്യാസം അഞ്ചാക്കി കുറക്കാനുമായി. മത്സരത്തിന്‍റെ 20ാം മിനിറ്റിൽ റാഫിഞ്ഞയാണ് ബാഴ്സയുടെ ആദ്യ ഗോൾ നേടുന്നത്. രണ്ടാം പകുതിയിൽ ബാഴ്സ ആക്രമണ ഫുട്ബാളുമായി കളംനിറയുന്നതാണ് കണ്ടത്. 53ാം മിനിറ്റിൽ ജാവോ ഫെലിക്സിലൂടെ ലീഡ് വർധിപ്പിച്ചു.
61ാം മിനിറ്റിൽ ഫ്രാങ്കി ഡിയോംഗും ഇൻജുറി ടൈമിൽ ഫെർമിൻ ലോപസും ബാഴ്സക്കായി ലക്ഷ്യംകണ്ടു. റയൽ, ജിറോണ ടീമുകളേക്കാൾ ഒരു മത്സരം അധികം കളിച്ച ബാഴ്സക്ക് 57 പോയന്‍റാണുള്ളത്. 25 മത്സരങ്ങളിൽനിന്ന് റയലിന് 62 പോയന്‍റും മൂന്നാമതുള്ള ജിറോണക്ക് 56 പോയന്‍റുമാണുള്ളത്. ഞായറാഴ്ച രാത്രി റയൽ സ്വന്തം മൈതാനത്ത് സെവ്വിയയെ നേരിടും.
എല്ലാ ചാമ്പ്യൻഷിപ്പുകളിലുമായി 30 വിജയങ്ങളുടെ അപരാജിത കുതിപ്പെന്ന റെക്കോഡ് വർധിപ്പിക്കുകയാണ് റയലിന്‍റെ ലക്ഷ്യം. തിങ്കളാഴ്ച ജിറോണയും റയോ വല്ലെക്കാനോയും ഏറ്റുമുട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.