മഡ്രിഡ്: ആദ്യം മെസ്സിയെയും പിന്നെ കളി മൊത്തത്തിലും കൈവിട്ട് ശരിക്കും രണ്ടാമന്മാരായ ബാഴ്സക്ക് രാജകീയ തിരിച്ചുവരവിന് അവസരമൊരുക്കി ലാ ലിഗയിൽ കിക്കോഫ്. ശനിയാഴ്ച പുലർച്ച ഒസാസുന- സെവിയ്യ മത്സരത്തോടെയാണ് സ്പാനിഷ് മൈതാനങ്ങളിൽ കാൽപന്തിന്റെ ഒന്നാം നമ്പർ പോരാട്ടങ്ങൾക്ക് വേദിയുണരുന്നത്.
13 പോയന്റിന്റെ വ്യക്തമായ ആധിപത്യവുമായാണ് കഴിഞ്ഞ സീസണിൽ മഡ്രിഡുകാർ കിരീടവുമായി മടങ്ങിയത്. 2008നുശേഷം ആദ്യമായി കിരീടനേട്ടം ആവർത്തിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് കരീം ബെൻസേമയും സംഘവും. ചെൽസി സെന്റർ ബാക്ക് അന്റോണിയോ റൂഡിഗർ, മോണകോ മിഡ്ഫീൽഡർ ഒറേലിയൻ ചൊമേനി തുടങ്ങിയവർ എത്തിയത് ടീമിന് കരുത്തുപകരും. ദേശീയ കുപ്പായത്തിലും ഒപ്പം റയൽ നിരയിലും സ്കോറിങ് മെഷീനായി പറന്നുനടക്കുന്ന 35കാരൻ ബെൻസേമ പ്രായം തളർത്താതെ കുതിപ്പ് തുടരുന്നതും ആൻസലോട്ടിയെ ആവേശത്തിലാക്കുന്നതാണ്. ഒപ്പം, ശാരീരിക പ്രശ്നങ്ങൾ വിട്ട് എഡൻ ഹസാർഡ് പൂർണ ആരോഗ്യവാനായതും പ്രതീക്ഷ നൽകുന്നു. പരിക്കിൽ വലഞ്ഞ് കളത്തിലിറങ്ങിയതിലേറെ പുറത്തിരുന്ന ഹസാർഡ് മൂന്നു സീസണിലായി ആറു ഗോളുകളാണ് ഇതുവരെ ടീമിനുവേണ്ടി നേടിയത്. എന്നാൽ, ആഘോഷപൂർവം മഡ്രിഡ് കാത്തിരുന്ന ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ ഇത്തവണയും പി.എസ്.ജിക്കൊപ്പം തുടരാൻ തീരുമാനിച്ചതും സെന്റർ ഫോർവേഡ് ലൂക ജോവിച്ച് ടീം വിട്ട് ഫിയോറന്റിനയിലേക്ക് പറന്നതും തിരിച്ചടിയാകും.
കഴിഞ്ഞ സീസണിലെ വൻവീഴ്ചകൾ ഇനി സംഭവിക്കാതിരിക്കാൻ വലിയ ഒരുക്കമാണ് പ്രസിഡന്റ് ലപോർട്ടയുടെ നേതൃത്വത്തിൽ ബാഴ്സയിൽ അരങ്ങുണരുന്നത്. റോബർട്ട് ലെവൻഡോവ്സ്കി, റഫീഞ്ഞ, ഫ്രാങ്ക് കെസ്സി, ജൂൾസ് കൂണ്ടെ, ആൻഡ്രിയാസ് ക്രിസ്റ്റെൻസൺ തുടങ്ങി ടീമിൽ പുതുതായി അംഗത്വമെടുത്തവരേറെ. മാർകസ് അലോൺസോ, ബെർണാഡോ സിൽവ തുടങ്ങി ഇനിയും വരാനിരിക്കുന്നവരുമുണ്ട്. ഡെംബലെയെ നിലനിർത്തുകകൂടി ചെയ്തതോടെ ഓരോ പൊസിഷനിലും അതിമിടുക്കരായ രണ്ടുപേരെങ്കിലുമെന്ന കോച്ച് സാവിയുടെ ആവശ്യം സാക്ഷാത്കരിക്കപ്പെട്ടുവെന്നു വേണം കരുതാൻ. ഇത്രയും പേരെ എത്തിക്കാൻ ക്ലബിന്റെ ആസ്തികൾ വിറ്റാണ് ലപോർട്ട പണം കണ്ടെത്തിയത്.
താരങ്ങൾ മിടുക്ക് തെളിയിച്ചവരായ ക്ലബിൽ ഇനി ഭാരം പരിശീലകൻ സാവിയുടെ ചുമലിലാണ്. കഴിഞ്ഞ സീസണിൽ കോച്ചിനു കീഴിൽ 26 കളികളിൽ ടീം നേടിയത് 56 പോയന്റാണ്. റയലിനെ അവരുടെ കളിമുറ്റത്ത് എതിരില്ലാത്ത നാലു ഗോളിന് കെട്ടുകെട്ടിച്ചതും അതിൽപെടും. എന്നാൽ, നിർണായക കളികളിൽ കാഡിസിനോടും റയോ വയ്യേകാനോ ടീമുകളോടും യൂറോപ ലീഗിൽ എയിൻട്രാഷ് ഫ്രാങ്ക്ഫുർട്ടിനോടും ടീം തോറ്റിരുന്നു. അത് ഇനി ആവർത്തിക്കില്ലെന്നാണ് ടീമിന്റെ പ്രതീക്ഷ. മുന്നേറ്റത്തിൽ ലെവൻഡോവ്സ്കി, ഡെംബലെ, റഫീഞ്ഞ, അൻസു ഫാതി, ഫെറാൻ ടോറസ്, ഒബുമെയാങ് തുടങ്ങിയ പടയുണ്ടാകുമ്പോൾ പിന്നെ ഗോളുത്സവം തന്നെ സംഭവിക്കുമെന്നുറപ്പ്.
റയലിനു പുറമെ നിലവിൽ മികച്ച കളിയുമായി നിറഞ്ഞുനിൽക്കുന്ന അത്‍ലറ്റികോ മഡ്രിഡും ഇത്തവണ ടീമിനെ ചെറുതായെങ്കിലും വെല്ലുവിളിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.