ദോഹ: ഫുട്ബാളെന്ന് കേട്ടാൽ കാല് പെരുക്കുന്നവരാണ് മലയാളികൾ. അപ്പോൾ മലയാളികൾ ഏറെയുള്ള ഖത്തറിൽ ലോകകപ്പിന് പന്തുരുളുമ്പോൾ ആവേശം കൊടുമുടിയേറും. ആ കൊടുമുടിയേറ്റത്തിന് നായകനാവാൻ അതിശയിപ്പിക്കുന്ന ഒരു സമ്മാനവുമായി ഖത്തറിലേക്ക് മലയാളികളുടെ പ്രിയസൂപ്പർതാരം മോഹൻ ലാലുമെത്തുന്നു.
ലോകകപ്പ് ഫുട്ബാൾ കിക്കോഫിനുള്ള കാത്തിരിപ്പു നാളുകൾ ദിവസങ്ങളായി ചുരുങ്ങി, ഖത്തർ ഫുട്ബാൾ ആവേശത്തിലാറാടുമ്പോഴാണ് ലാലേട്ടന്റെ വരവ്. 'മോഹൻലാൽസ് സല്യൂട്ടേഷൻ ടു ഖത്തർ' എന്ന പേരിലാണ് ഇനിയും വെളിപ്പെടുത്താത്ത ആ വിശേഷ സമ്മാനം അണിയറയിൽ ഒരുക്കുന്നത്. ഒക്ടോബർ 30ന് ഖത്തറിലെത്തുന്ന മോഹൻലാൽ തന്നെ ആ സർപ്രൈസ് ചെപ്പ് ഫുട്ബാൾ ആരാധകർക്കു മുമ്പാകെ തുറന്നു വിടും. നാട്ടിലും മറ്റുമായി തയാറാക്കിയ സംഗീത ഉപഹാരമാണ് ഫുട്ബാൾ ആരാധകർക്കായി സമർപ്പിക്കുന്നത്.
ഒലീവ് സുനോ റേഡിയോ നെറ്റ്‌വർക്ക് ഫുട്ബാളുമായി സഹകരിച്ചാണ് 'മോഹൻലാൽ സല്യൂട്ടേഷൻ ടു ഖത്തർ' സംഘടിപ്പിക്കുന്നത്. പരിപാടിയുടെ അനൗൺസ്മെന്റ് വീഡിയോ റേഡിയോ സുനോ സ്റ്റുഡിയോയിൽ നടന്നു. ഇന്ത്യൻ എംബസിയും ഇന്ത്യൻ സ്പോർട്സ് സെന്ററുമായി ചേർന്നാണ് ഈ ഉപഹാരം സമർപ്പിക്കുന്നത്.
അനൗൺസ്മെന്റ് ചടങ്ങിൽ ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് ഡോ.മോഹൻ തോമസ്, ഇവന്റ് ചീഫ് കോഓർഡിനേറ്റർ ജോൺ തോമസ്, ഒലീവ് സുനോ റേഡിയോ നെറ്റ്‌വർക്ക് മാനേജിങ് ഡയറക്ടർ സതീഷ് പിള്ള, ഐപേ ഡിജിറ്റൽ വാലറ്റ് പ്ലാറ്റ് ഫോം പ്രതിനിധികളായ പ്രസൂൺ ലാൽ, സുധീപ്, അൽ ജസീറ എക്സ്ചേഞ്ച് ജനറൽ മാനേജർ വിദ്യാ ശങ്കർ, ഷൈൻ, അഷ്‌റഫ്, ഒലീവ് സുനോ ഡയറക്ടർമാരായ കൃഷ്, അമീർ അലി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.