ബാഴ്സലോണ: ലാ ലിഗയിൽ വൻ വീഴ്ചകളുടെ തുടർച്ച വിട്ട് തുടർജയങ്ങളുടെ ആഘോഷങ്ങളിൽ ബാഴ്സ. അവസാന നാലു മത്സരങ്ങളിലും ജയിച്ച ബാഴ്സലോണ പോയന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്കു കയറി. ഒസാസുനയെ ഏകപക്ഷീയമായ നാലു ഗോളുകൾക്കാണ് ടീം മുക്കിയത്. മുൻ സിറ്റി താരം ഫെറാൻ ടോറസ് ഡബ്ളടിച്ച് മുന്നിൽനിന്നു നയിച്ചപ്പോൾ ഒബാമെയാങ്, റിക്വി പുയിഗ് എന്നിവർ പട്ടിക തികച്ചു. എതിരാളികൾക്ക് പഴുതൊന്നും നൽകാതെ ആദ്യ പകുതിയിൽ തന്നെ മൂന്നുവട്ടം വല കുലുക്കിയായിരുന്നു ബാഴ്സയുടെ തേരോട്ടം. ആഴ്സനൽ വിട്ടെത്തിയ ഒബാമെയാങ് ലാ ലിഗയിൽ നേടുന്ന ആറാം ഗോളാണിത്. 63 പോയന്റുമായി റയൽ മഡ്രിഡാണ് പട്ടികയിൽ ഒന്നാമത്. രണ്ടാമതുള്ള സെവിയ്യക്ക് 56 പോയന്റുണ്ട്. ബാഴ്സക്ക് 51ഉം. ജയത്തോടെ ചാമ്പ്യൻസ് ലീഗ് യോഗ്യത പ്രതീക്ഷകൾ വീണ്ടും കറ്റാലന്മാർ സജീവമാക്കി.
ഇന്ററിന് സമനില
റോം: ഇഞ്ചുറി സമയത്ത് അലക്സിസ് സാഞ്ചസ് രക്ഷകനായിട്ടും പോയന്റ് പട്ടികയിൽ താഴോട്ടിറങ്ങി ഇന്റർ. കിരീട പോരാട്ടം കനത്ത സീരി 'എ'യിൽ ടോറിനോക്കെതിരെ സമനിലയിൽ പിരിഞ്ഞതോടെയാണ് ഇന്റർ മൂന്നാം സ്ഥാനത്തേക്കിറങ്ങിയത്. കഴിഞ്ഞ ആറു കളികളിലും ജയം പിടിക്കാനാവാത്ത ക്ഷീണം തീർക്കാനിറങ്ങിയ ടോറിനോ, സിൽവ നാഷിമെന്റോയിലൂടെ 12ാം മിനിറ്റിൽ ഇന്ററിനെതിരെ ലീഡ് പിടിച്ചു. അവസാന വിസിൽ മുഴങ്ങാനിരിക്കെ സാഞ്ചസ് ഇന്ററിന് വിലപ്പെട്ട ഗോളും സമനിലയും സമ്മാനിക്കുകയായിരുന്നു. അവസാന അഞ്ചു കളികളിൽ ഒരു ജയം മാത്രമുള്ള ഇന്ററിനു മുന്നിൽ എ.സി മിലാൻ, നാപോളി ടീമുകൾ കൂടുതൽ കരുത്തുകാട്ടുന്നത് കിരീടപ്രതീക്ഷകൾ അപായപ്പെടുത്തും.
ഗണ്ണേഴ്സിന് ജയം; യോഗ്യത പ്രതീക്ഷ
ണ്ടൻ: അടുത്തിടെയായി അകന്നുനിൽക്കുന്ന ചാമ്പ്യൻസ് ലീഗ് യോഗ്യതയിലേക്ക് അതിവേഗം നടന്നടുത്ത് ആഴ്സനൽ. നിർണായക പോരാട്ടത്തിൽ ലെസ്റ്ററിനെ എതിരില്ലാത്ത രണ്ടു ഗോളിന് വീഴ്ത്തിയാണ് പ്രീമിയർ ലീഗിൽ ഗണ്ണേഴ്സ് നാലാം സ്ഥാനം പിടിച്ചത്. തോമസ് പാർട്ടിയും അലക്സാണ്ടർ ലകാസെറ്റുമായിരുന്നു എമിറേറ്റ്സ് മൈതാനത്ത് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ഫോം വരൾച്ചയിൽ കുരുങ്ങി പിറകിലോടുന്ന വണ്ടിയായി മാറിയ ആഴ്സനൽ അവസാന അഞ്ചു ചാമ്പ്യൻസ് ലീഗുകളിലും യോഗ്യത നേടിയിരുന്നില്ല. എന്നാൽ, അടുത്തിടെ തകർപ്പൻ പ്രകടനം തുടരുന്ന ടീം അവസാനം കളിച്ച 11ൽ ഒമ്പതും ജയിച്ച് കുതിക്കുകയാണ്. അഞ്ചാമതുള്ള യുനൈറ്റഡിനെക്കാൾ മൂന്നുകളി ബാക്കിയുള്ളതിനാൽ സ്ഥാനനഷ്ടത്തിന് സാധ്യതയും കുറവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.