ദുബൈ: ലോകകപ്പിന് ആവേശം വിതറാൻ ദുബൈയിൽ ഇതിഹാസ താരങ്ങൾ ഏറ്റുമുട്ടുന്നു. മാഞ്ചസ്റ്റർ യുനൈറ്റഡിന്റെയും ലെയ്സസ്റ്റർ സിറ്റിയുടെയും മുൻ താരങ്ങളാണ് ഒരിക്കൽകൂടി കളത്തിലിറങ്ങുന്നത്. ലോകകപ്പ് തുടങ്ങുന്നതിന്റെ തലേദിവസം (ശനിയാഴ്ച) ദുബൈ അൽ നാസർ മൈതാനത്താണ് മത്സരം. ടീമുകൾ ഇന്നലെ ദുബൈയിൽ എത്തി. മാഞ്ചസ്റ്ററിന്റെ പടക്കുതിരകളായിരുന്ന പോൾ ഷോൾസ്, ആൻഡി കോൾ, വെസ് ബ്രൗൺ, ദിമിത്തർ ബാർബറ്റോവ്, ലെയ്സസ്റ്റർ സിറ്റി താരങ്ങളായിരുന്ന വെസ് മോർഗൻ, റോബർട്ട് ഹുത്, ജോസ് ലിയോനാഡോ ഉല്ലോവ തുടങ്ങി 22 പേരാണ് കളത്തിൽ കൊമ്പുകോർക്കുന്നത്. 13 തവണ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്ററും 2016ലെ ചാമ്പ്യന്മാരായ ലെയ്സസ്റ്ററും ഏറ്റുമുട്ടുമ്പോൾ അത് പഴയ പോരാട്ടങ്ങളുടെ ഓർമപുതുക്കൽ വേദി കൂടിയാകും. 150 ദിർഹം മുതൽ 850 ദിർഹം വരെയാണ് ടിക്കറ്റ് നിരക്ക്. ടീമുകൾ നാലുദിവസം ദുബൈയിലുണ്ടാവും.
അൽ നാസറിൽ നടക്കുന്ന പരിശീലന സെഷനിൽ ആരാധകരുമായി താരങ്ങൾ സംവദിക്കും. എല്ലാ വർഷവും ഇത്തരത്തിൽ രണ്ട് ടീമുകളെ ഉൾപ്പെടുത്തി മത്സരം നടത്താനാണ് പദ്ധതി. ഇതിന്റെ ആദ്യ മത്സരമായിരിക്കും 19ന് നടക്കുന്നത്. ദുബൈ സ്പോർട്സ് കൗൺസിൽ മദീനത്ത് ജുമൈറയിൽ സംഘടിപ്പിക്കുന്ന ഇന്റർനാഷനൽ സ്പോർട്സ് കോൺഫറൻസിലും ടീം അംഗങ്ങൾ പങ്കെടുക്കും. സ്പോർട്സ് സ്പിരിറ്റ് ഫെഡറേഷനാണ് ടൂർണമെന്റിന്റെ സംഘാടകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.