മിയാമി: ആർത്തലച്ചെത്തിയ ആരാധകരെ ആവേശത്തേരിലേറ്റി അവസാന വിസിലിനരികെ അത്ഭുത ഗോളുമായി ഇതിഹാസ താരത്തിന് അമേരിക്കൻ ലീഗിൽ അരങ്ങേറ്റം. ക്രൂസ് അസൂലിനെതിരെ ലീഗ് കപ്പ് മത്സരത്തിൽ 25 വാര അകലെനിന്നു പായിച്ച കണ്ണഞ്ചും ഫ്രീകിക്ക് ഗോളിയെ കാഴ്ചക്കാരനാക്കി ക്രോസ്ബാർ ചുംബിച്ച് വലക്കകത്തെത്തുമ്പോൾ ഇന്റർ മയാമിയിൽ പിറന്നത് തിരിച്ചുവരവിന്റെ ഉത്സവകാലം.
ആഴ്ചകൾക്കു മുമ്പ് ടിക്കറ്റുകൾ വിറ്റുതീർന്ന, സെറീന വില്യംസും ലെബ്രോൺ ജെയിംസുമടക്കം നിരവധി പ്രമുഖർ കാണികളായെത്തിയ ഡി.ആർ.വി പി.എൻ.കെ മൈതാനത്തായിരുന്നു ഡേവിഡ് ബെക്കാമിനെ സാക്ഷിനിർത്തി വിജയഗോളോടെ മെസ്സി തുടക്കം കുറിച്ചത്. 54ാം മിനിറ്റിൽ പകരക്കാരനായാണ് താരം എത്തിയിരുന്നത്. ഇരു ടീമും ഓരോ ഗോളടിച്ച് തുല്യത പാലിച്ചുനിൽക്കെ പെനാൽറ്റി ബോക്സിനു പുറത്ത് മയാമി താരം ഫൗൾ ചെയ്യപ്പെട്ടു. അപകടകരമാകില്ലെന്ന പ്രതീക്ഷയിൽ സഹതാരങ്ങളെ നിർത്തി വലക്കു മുന്നിൽ നിന്ന ഗോളി പക്ഷേ, മെസ്സിയെടുത്ത ഷോട്ട് പ്രതിരോധിക്കാൻ ഉയർന്നുചാടിയെങ്കിലും അതിന് മുന്നേ പന്ത് വല തുളച്ചിരുന്നു. ഇതോടെ ടീം 2-1ന് ജയിച്ചു.
കഴിഞ്ഞ സീസൺ അവസാനത്തോടെ പി.എസ്.ജി വിട്ട സൂപ്പർ താരം നീണ്ട അഭ്യൂഹങ്ങൾക്കൊടുവിലാണ് അമേരിക്കൻ ലീഗിൽ ചേക്കേറിയത്. അവധിക്കാലം കഴിഞ്ഞ് കഴിഞ്ഞ ചൊവ്വാഴ്ച ടീമിനൊപ്പം പരിശീലനം തുടങ്ങിയ മെസ്സി മനോഹരമായ കളി കെട്ടഴിച്ച് ആവേശം നിറച്ചതിനൊടുവിലായിരുന്നു വിജയഗോൾ. ബാഴ്സയിൽനിന്ന് മെസ്സിക്കൊപ്പം കൂറുമാറിയ സെർജിയോ ബുസ്ക്വറ്റ്സും വെള്ളിയാഴ്ച ബൂട്ടുകെട്ടി. മറ്റൊരു താരമായ ജോർഡി ആൽബയും മിയാമിയിലെത്തിയിട്ടുണ്ടെങ്കിലും ചൊവ്വാഴ്ച അറ്റ്ലാന്റക്കെതിരായ മത്സരത്തിലാകും അരങ്ങേറ്റം.
ലീഗിൽ ടീമിന്റെ പ്രകടനം പരിഗണിച്ചാൽ ഈ വിജയം വലിയ സന്തോഷം നൽകുന്നതാണെന്ന് മത്സരശേഷം മെസ്സി പറഞ്ഞു. അവസാന നിമിഷങ്ങളിൽ ഫ്രീകിക്ക് ലഭിച്ചപ്പോൾ അത് കളിയുടെ ഗതി നിർണയിക്കുമെന്ന് മനസ്സ് പറഞ്ഞതായി സഹ ഉടമയായ ഡേവിഡ് ബെക്കാം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.