സതാംപ്റ്റൺ: സീസണിൽ നാല് കിരീടങ്ങളെന്ന സ്വപ്നം സാക്ഷാത്കരിക്കാനുള്ള സാധ്യതകൾ നിലനിർത്തി ലിവർപൂൾ. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ 37ാം റൗണ്ടിൽ സതാംപ്റ്റണെ ഒന്നിനെതിരെ രണ്ടു ഗോളിന് തോൽപിച്ചാണ് പോയൻറ് ടേബിളിൽ ഒന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റിക്ക് തൊട്ടുതാഴെയെത്തിയിരിക്കുന്നത്. സിറ്റിക്ക് 90ഉം ലിവർപൂളിന് 89ഉം പോയന്റുണ്ട്. ഇരു ടീമിന്റെയും അവസാന മത്സരം ഞായറാഴ്ചയാണ്. അന്ന് ആസ്റ്റൻ വില്ലയോട് സിറ്റി തോൽക്കുകയോ സമനില വഴങ്ങുകയോ ചെയ്താൽ വുൾവ്സിനെ ലിവർപൂൾ തോൽപിക്കുന്നതിലൂടെ കാര്യങ്ങൾ മാറിമറിയും. 92 പോയന്റുമായി ലിവർപൂൾ സീസണിലെ മൂന്നാം കിരീടവും സ്വന്തമാക്കും. ചെൽസിക്കെതിരെ ലീഗ് കപ്പ്, എഫ്.എ കപ്പ് ഫൈനലുകൾ ജയിച്ച് ജൈത്രയാത്രയിലാണ് ടീം.
സതാംപ്റ്റണിലെ സെന്റ് മേരീസ് സ്റ്റേഡിയത്തിൽ കഴിഞ്ഞ ദിവസം ആതിഥേയർക്കെതിരെ പിറകിൽ നിന്ന ശേഷമായിരുന്നു ലിവർപൂളിന്റെ തിരിച്ചുവരവ്. 13ാം മിനിറ്റിൽ നതാൻ റെഡ്മണ്ട് സതാംപ്റ്റണെ മുന്നിലെത്തിച്ചു. 27ാം മിനിറ്റിൽ ജാപ്പനീസ് സ്ട്രൈക്കർ തകൂമി മിനാമിനോയിലൂടെ ലിവർപൂൾ സമനിലപിടിച്ചു. 67ാം മിനിറ്റിൽ ജോയൽ മാറ്റിപ് സ്കോർ ചെയ്തതോടെ ലീഡ് പിടിച്ച ചെമ്പട ഗോൾ മടക്കാനുള്ള സതാംപ്റ്റണിന്റെ ശ്രമങ്ങൾ പ്രതിരോധിച്ച് വിജയത്തിലെത്തി. ഇതോടെ വിലപ്പെട്ട മൂന്നുപോയന്റും സ്വന്തമായി. 37ാം റൗണ്ടിൽ വെസ്റ്റ്ഹാമിനോട് സമനില വഴങ്ങിയതാണ് സിറ്റിയെ തുലാസിലാക്കിയത്. ഞായറാഴ്ച ആസ്റ്റൻ വില്ലക്കെതിരെ ജയിച്ചാൽ ഇവർക്ക് കിരീടം നിലനിർത്താം. മറിച്ചാണെങ്കിൽ വുൾവ്സിനെ കീഴ്പ്പെടുത്തുന്ന ലിവർപൂളിന് ഒരു വർഷത്തെ ഇടവേളക്ക് ശേഷം പ്രീമിയർ ലീഗ് രാജാക്കന്മാരാവാം. 2017-18, 18-19 സീസണുകളിൽ കിരീടം നേടി ഹാട്രിക് ലക്ഷ്യമിട്ട സിറ്റിക്ക് 19-20ൽ അടി കൊടുത്തതും ലിവർപൂളാണ്.
38ാം റൗണ്ട് പൂർത്തിയാവുമ്പോൾ സിറ്റിക്കും ലിവറിനും ഒരേ പോയന്റാണെങ്കിൽ ഗോൾ വ്യത്യാസം, നേർക്കുനേർ ഏറ്റുമുട്ടിയ ഫലം തുടങ്ങിയവ പരിഗണിച്ചാവും ജേതാക്കളെ നിശ്ചയിക്കുക. നിലവിൽ ഗോൾ വ്യത്യാസത്തിൽ സിറ്റിയാണ് മുന്നിൽ. അത് ഒറ്റ കളികൊണ്ട് മറികടക്കാൻ സാധ്യതയില്ല. പരസ്പരം ഏറ്റുമുട്ടിയപ്പോൾ ഫലം സമനിലയായിരുന്നു. എല്ലാം തുല്യമായാൽ പ്ലേ ഓഫ് മത്സരം നടത്തി ചാമ്പ്യന്മാരെ തീരുമാനിക്കും. മേയ് 28നാണ് ലിവർപൂൾ-റയൽ മഡ്രിഡ് ചാമ്പ്യൻസ് ലീഗ് ഫൈനൽ. ലീഗ് കപ്പ്, എഫ്.എ കപ്പ്, പ്രീമിയർ ലീഗ് കിരീടങ്ങൾ നേടി ചാമ്പ്യൻസ് ലീഗിലും ജയം തുടരുന്നതോടെ ക്വാഡ്രപ്പിളാവും യർഗൻ ക്ലോപ് പരിശീലിപ്പിക്കുന്ന സംഘത്തിന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.