മാഡ്രിഡ്: ലാലിഗയിൽ ഗോളും രണ്ട് അസിസ്റ്റുമായി റോബർട്ട് ലെവൻഡോവ്സ്കി തിളങ്ങിയ മത്സരത്തിൽ അത്‍ലറ്റികോ മാഡ്രിഡിനെ തരിപ്പണമാക്കി ബാഴ്സലോണ. എതിരില്ലാത്ത മൂന്ന് ഗോളിനാണ് സാവിയുടെ സംഘം ജയിച്ചുകയറിയത്. ജാവോ ഫെലിക്സ്, ഫെർമിൻ ലോപസ് എന്നിവരാണ് ബാഴ്സയുടെ ശേഷിച്ച ഗോളുകൾ നേടിയത്.
അത്‍ലറ്റികോ മാഡ്രിഡിന്റെ മുന്നേറ്റത്തോടെയാണ് മത്സരം തുടങ്ങിയത്. എന്നാൽ, ബാഴ്സ ഗോൾകീപ്പർ ടെർസ്റ്റീഗന്റെ പിഴവിൽ ഗോൾ നേടാനുള്ള ബാരിയോസിന്റെ ശ്രമവും തുടർന്ന് അൽവാരോ മൊറാട്ടക്ക് ലഭിച്ച അവസരവും പാഴായി. 38ാം മിനിറ്റിൽ ബാഴ്സയുടെ ആദ്യ ഗോളെത്തി. ഗുണ്ടോഗൻ കൈമാറിയ പന്ത് ലെവൻഡോവ്സ്കി ജാവോ ഫെലിക്സിന് ക്രോസ് ചെയ്തു. പന്തിന് കാൽ വെച്ചുകൊടുക്കുകയേ ഫെലിക്സിന് ചെയ്യേണ്ടിവന്നുള്ളൂ. ഹാഫ് ടൈമിന് തൊട്ടുമുമ്പ് മോശം പെരുമാറ്റത്തിന് ബാഴ്സ പരിശീലകൻ സാവിക്ക് രണ്ടാം മഞ്ഞക്കാർഡ് കണ്ട് സ്റ്റേഡിയം വിടേണ്ടിവന്നു. തൊട്ടുപിന്നാലെ മൊറാട്ട വീണ്ടും അവസരം പാഴാക്കിയത് അത്‍ലറ്റികോക്ക് തിരിച്ചടിയായി.
രണ്ടാം പകുതി തുടങ്ങിയയുടൻ ബാഴ്സ രണ്ടാം ഗോൾ നേടി. അത്‍ലറ്റികോ താരത്തിന്റെ മിസ്പാസ് പിടിച്ചെടുത്ത റഫീഞ്ഞ ലെവൻഡോവ്സ്കിക്ക് കൈമാറുകയും താരം ക്ലിനിക്കൽ ഫിനിഷിലൂടെ ലീഡ് ഇരട്ടിപ്പിക്കുകയുമായിരുന്നു. തൊട്ടുടൻ അത്‍ലറ്റികോയുടെ മൂന്ന് ഗോൾശ്രമങ്ങൾ ടെർസ്റ്റീഗൻ അത്യുജ്വലമായി തട്ടിത്തെറിപ്പിച്ചു. 65ാം മിനിറ്റിലായിരുന്നു മൂന്നാം ഗോൾ. ലെവൻഡോവ്സ്കി നൽകി ക്രോസിൽ ഹെഡറിലൂടെ ഫിർമിൻ ലോപസാണ് ലക്ഷ്യം കണ്ടത്. ഇഞ്ചുറി ടൈമിൽ പന്തുമായി മുന്നേറിയ വിറ്റർ റോക്കെയെ ഫൗൾ ചെയ്തതതിന് അത്‍ലറ്റികോ താരം നഹുവൽ മൊളീന ചുവപ്പ് കാർഡ് കണ്ട് പുറത്തായി. തുടർന്ന് ലഭിച്ച ഫ്രീകിക്ക് മുതലാക്കാൻ ബാഴ്സക്കായില്ല.
ജയത്തോടെ 64 പോയന്റുമായി ബാഴ്സ രണ്ടാം സ്ഥാനത്തേക്ക് കയറി. 72 പോയന്റുമായി റയൽ മാഡ്രിഡാണ് ഒന്നാമത്. 62 പോയന്റുമായി ജിറോണ മൂന്നാമതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.