ബെർലിൻ: യൂറോകപ്പിലെ അവസാന സെമി സ്ഥാനക്കാരെ കണ്ടെത്താനുള്ള ആവേശപ്പോരിൽ നെതർലാൻഡ്സിനെതിരെ തുർക്കിയ ഒരു ഗോളിന് മുന്നിൽ. സമാത് അയാക്ദിൻ നേടിയ ഏക ഗോളാണ് ആദ്യ പകുതി തുർക്കിയക്കനുകൂലമാക്കിയത്.
മത്സരത്തിന്റെ ആദ്യ മിനിറ്റിൽ തന്നെ നെതർലാൻഡ്സ് ഗോളിനടുത്തെത്തിയെങ്കിലും മെംഫിസ് ഡിപൊയുടെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. സാവി സിമോൺസിന്റെ ശ്രമവും സമാന രീതിയിൽ ഒടുങ്ങി. ആദ്യ മിനിറ്റുകളിൽ കളി നെതർലാൻഡ്സിന്റെ സമ്പൂർണ ആധിപത്യത്തിലായിരുന്നെങ്കിലും തുർക്കി പതിയെ ട്രാക്കിൽ കയറിയതോടെ മത്സരം ചൂടുപിടിച്ചു. ഇതോടെ ഇരുപകുതിയിലും പന്ത് കയറിയിറങ്ങി. തുർക്കിയയുടെ മനോഹര മുന്നേറ്റങ്ങൾ ഡച്ച് പ്രതിരോധത്തിൽ തട്ടിത്തെറിച്ചു. പല നീക്കങ്ങളും കോർണറുകൾ വഴങ്ങിയാണ് ഡച്ച് പട പിടിച്ചുനിന്നത്.
35ാം മിനിറ്റിൽ ലഭിച്ച ഒരു കോർണറിനെ തുടർന്ന് ആദ്യ ഗോളും പിറന്നു. പന്ത് കിട്ടിയ റയൽ മാഡ്രിഡിന്റെ കൗമാര താരം ആർദ ഗുലെർ ബോക്സിലേക്ക് നൽകിയ സെറ്റ്പീസ് സമാത് അയാക്ദിൻ ഉയർന്നുചാടി വലയിലേക്ക് ഹെഡ് ചെയ്തിടുകയായിരുന്നു. ഗോൾകീപ്പർ വെർബ്രഗന് ഒരവസരവും നൽകാതെ പന്ത് വലയിൽ കയറി. ഗോൾ കുടുങ്ങിയതോടെ ഡച്ചുകാർ കൂടുതൽ ഉണർന്നുകളിച്ചെങ്കിലും ആദ്യപകുതിയിൽ ഗോൾ മടക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.