മയാമി: കോപ അമേരിക്കയുടെ കലാശപ്പോരിനുള്ള കാത്തിരിപ്പിലാണ് ഫുട്ബാൾ പ്രേമികൾ. സൂപ്പർ താരം ലയണൽ മെസ്സി നയിക്കുന്ന അർജന്‍റീനയും നെസ്റ്റർ ലോറൻസോ നേതൃത്വം നൽകുന്ന കൊളംബിയയും തമ്മിലുള്ള ഫൈനൽ, ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെയാണ് നടക്കുക. ഇതിനിടെ കൊളംബിയക്കെതിരായ മത്സരം കടുക്കുമെന്ന സൂചനയുമായി രംഗത്തുവന്നിരിക്കുകയാണ് അർജന്‍റീന ക്യാപ്റ്റൻ.
“ഉറുഗ്വായ്ക്കെതിരായ സെമി മത്സരത്തിൽ കൊളംബിയയുടെ പോരാട്ടം നമ്മൾ കണ്ടതാണ്. നിരവധി മത്സരങ്ങളിൽ തുടർച്ചയായി വിജയിച്ചാണ് അവർ മുന്നേറുന്നത്. ഊർജസ്വലരായ മികച്ച താരങ്ങളുള്ള ടീമാണ് അവരുടേത്. വളരെ വേഗത്തിൽ കളിയുടെ ഗതി തിരിക്കാൻ ശേഷിയുള്ള ടീം. ഫൈനലാണ് ഇനി വരാനിരിക്കുന്നത്.
ഫൈനൽ മത്സരങ്ങൾ എല്ലായ്പ്പോഴും വ്യത്യസ്തമാണ്. ടൂർണമെന്‍റിൽ ഇതുവരെ മികച്ച രീതിയിൽ കളിക്കാൻ ഞങ്ങൾക്കായി. ഫൈനലിലും സമ്മർദമില്ലാതെ കളിക്കാനാണ് ഞങ്ങൾ തയാറെടുക്കുന്നത്. അതിൽ മാത്രമാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്” -ഫോക്സ് സ്പോർട്സിനോട് മെസ്സി പ്രതികരിച്ചു.
സെമിയിൽ കരുത്തരായ ഉറുഗ്വായെ കീഴടക്കിയാണ് കൊളംബിയ ഫൈനലിലിലെത്തിയത്. ആവേശകരമായ മത്സരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു കൊളംബിയയുടെ തുടർച്ചയായ 27-ാം ജയം. സെമിയിൽ കാനഡയെ 2-0ന് തകർത്താണ് മെസ്സിയും സംഘവും ഫൈനൽ ബർത്ത് ഉറപ്പിച്ചത്. ഇരു ടീമുകളും തോൽവി അറിയാതെയാണ് ഫൈനലിലെത്തിയത്. ടൂർണമെന്‍റിൽ ഇതുവരെ നാല് മത്സരങ്ങളിൽനിന്ന് ഒരു ഗോളാണ് മെസ്സി നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.