ഏറ്റവും മികച്ച സ്ട്രൈക്കർമാർ അണിനിരന്നിട്ടും ഒന്നും ശരിയാകാത്ത പി.എസ്.ജിയിൽ ലയണൽ മെസ്സി ഇനിയും തുടരില്ലെന്ന് ഏതാണ്ട് ഉറപ്പായതോടെ അടുത്ത സീസണിൽ എവിടെ ബൂട്ടുകെട്ടുമെന്ന ചർച്ച സജീവം. ഖത്തർ ലോകകപ്പ് കഴിഞ്ഞയുടൻ എന്തു വില കൊടുത്തും മെസ്സിയുമായി കരാർ തുടരാൻ പി.എസ്.ജി രംഗത്തുള്ളതായി വാർത്തയുണ്ടായിരുന്നെങ്കിലും മാസങ്ങൾ കഴിഞ്ഞും ഒന്നും തീരുമാനമായിട്ടില്ല. എന്നല്ല, താരം ക്ലബ് വിടുമെന്നും ഇനി തുടരാൻ താൽപര്യമില്ലെന്നുമാണ് ഏറ്റവുമൊടുവിലെ സൂചനകൾ.
താരവുമായി കരാർ പുതുക്കാൻ ക്ലബിന് താൽപര്യമില്ലെന്ന് മുതിർന്ന പ്രതിനിധിയെ ഉദ്ധരിച്ച് വാർത്ത ഏജൻസി എ.എഫ്.പിയും റിപ്പോർട്ട് ചെയ്തു. ‘‘ക്ലബിലെ കാര്യങ്ങൾ മൊത്തം മാറിയതോടെ കരാർ പുതുക്കാൻ പി.എസ്.ജി ഇനി കാര്യമായി താൽപര്യമെടുക്കില്ല. ഇതുവരെ കരാറായിട്ടില്ല. പുറത്തേക്കെന്നും ഉറപ്പായിട്ടില്ല. പുറത്തേക്ക് എന്നതാണ് കൂടുതൽ സാധ്യത’’- ഉദ്യോഗസ്ഥൻ പറയുന്നു. രണ്ടു വർഷത്തെ കരാറിൽ 2021ലാണ് മെസ്സി പി.എസ്.ജിയിലെത്തിയിരുന്നത്. അടുത്ത ജൂണിൽ പ്രായം 36 തികയുന്ന താരത്തെ കഴിഞ്ഞ മത്സരങ്ങളിൽ പി.എസ്.ജി ആരാധകർ കൂകിവിളിച്ചിരുന്നു. ചാമ്പ്യൻസ് ലീഗിൽ ടീം നേരത്തെ പുറത്തായതും ലീഗ് വണ്ണിലെ മോശം പ്രകടനവും മാനേജ്മെന്റിനെയും രോഷം കൊള്ളിക്കുന്നുണ്ട്. 2023ൽ ടീം കളിച്ച 18 കളികളിൽ എട്ടണ്ണവും പി.എസ്.ജി തോറ്റിരുന്നു. ഫ്രഞ്ച് കപ്പിൽ നേരത്തെ പുറത്തായ പി.എസ്.ജി ലീഗ് വണ്ണിൽ ആറു പോയിന്റ് ലീഡുമായി ഒന്നാമതുണ്ടെങ്കിലും വരുംമത്സരങ്ങളിൽ എന്തും സംഭവിക്കാമെന്നതാണ് സ്ഥിതി. ടീമിനായി കരിയറിൽ 67 മത്സരങ്ങൾ കളിച്ച മെസ്സി 29 ഗോൾ നേടിയിട്ടുണ്ട്. ഒരു വർഷം 4.38 കോടി ഡോളർ (358 കോടി രൂപ) ആണ് പി.എസ്.ജി ശമ്പളയിനത്തിൽ മെസ്സിക്ക് നൽകുന്നത്. യുവേഫ സാമ്പത്തിക അച്ചടക്ക നിയന്ത്രണങ്ങൾ നിലനിൽക്കെ ഇത്രയും ഉയർന്ന തുകക്ക് വീണ്ടും കരാർ പുതുക്കൽ പ്രയാസമാണെന്നാണ് സൂചന.
ഇത് അവസരമാക്കി യൂറോപ്യൻ അതികായരായ ബാഴ്സലോണ, മാഞ്ചസ്റ്റർ യുനൈറ്റഡ് ടീമുകൾ മെസ്സിയെ നോട്ടമിടുന്നതായി റിപ്പോർട്ടുകൾ പറയുന്നു. രണ്ടു പതിറ്റാണ്ടു കാലം പന്തുതട്ടിയ ബാഴ്സലോണയിലേക്ക് മടങ്ങാൻ മെസ്സിക്കും താൽപര്യമുണ്ട്. എന്നാൽ, ഫുട്ബാളിൽ ഏറ്റവും ഉയർന്ന ശമ്പളം വാങ്ങുന്ന താരങ്ങളിലൊന്നായ മെസ്സിക്കു വേണ്ടി മുടക്കാൻ പണമില്ലെന്നതാണ് ക്ലബിനു മുന്നിലെ വലിയ വെല്ലുവിളി. താരം വന്നാൽ ഏറെ സന്തോഷമാണെന്ന് ക്ലബ് പ്രസിഡന്റ് റാഫേൽ യുസ്റ്റെ പറയുന്നു.
അതേ സമയം, ക്രിസ്റ്റ്യാനോക്ക് വേണ്ടി സൗദി പ്രോ ലീഗിലെ അൽനസ്ർ മുടക്കിയതിനെക്കാൾ ഉയർന്ന തുക നൽകി മെസ്സിയെ ടീമിലെത്തിക്കാൻ അൽഹിലാൽ ക്ലബ് ശ്രമം നടത്തുന്നതായി സ്പാനിഷ് മാധ്യമമായ ‘മാർക’ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കൻ ലീഗിലെ ഇന്റർ മിയാമിയും താരത്തെ എത്തിക്കാൻ ശ്രമം നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.