മെസ്സി ഉറപ്പിച്ചു, ഇതാണ് അവസാനം! ഞങ്ങള്‍ ഫേവറിറ്റുകളല്ല, പക്ഷേ..!!

ഖത്തറിലേത് തന്റെ അവസാന ലോകകപ്പ് ആയിരിക്കുമെന്ന് അര്‍ജന്റീന ഇതിഹാസം ലയണല്‍ മെസ്സി. പി എസ് ജിയുടെ അറ്റാക്കിംഗ് പ്ലെയര്‍ അര്‍ജന്റീനക്കായി 164 രാജ്യാന്തര മത്സരങ്ങളാണ് കളിച്ചത്. നേടിയത് 90 ഗോളുകള്‍.

2014 ല്‍ ബ്രസീല്‍ ആതിഥേയത്വം വഹിച്ച ലോകകപ്പ് ചാമ്പ്യന്‍ഷിപ്പില്‍ മെസിയുടെ അര്‍ജന്റീന ഫൈനലില്‍ ജര്‍മനിയോട് തോല്‍ക്കുകയായിരുന്നു. മാറക്കാന സ്‌റ്റേഡിയത്തില്‍ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടമായ കിരീടം ഖത്തറില്‍ വീണ്ടെടുക്കാനുള്ള പടപ്പുറപ്പാടിലാണ് മെസ്സിയും സംഘവും.

അര്‍ജന്റീന പരിശീലകന്‍ ലയണല്‍ സ്‌കലോണിക്കൊപ്പം കോപ അമേരിക്ക ജേതാവായ മെസ്സിയുടെ മറ്റൊരു രാജ്യാന്തര നേട്ടം ഒളിമ്പിക്‌സ് സ്വര്‍ണമാണ്. പകരം വെക്കാനില്ലാത്ത ഫിഫ ലോകകപ്പില്‍ മുത്തമിട്ടാല്‍ മാത്രമേ, മെസ്സിക്ക് ഡിയഗോ മറഡോണയുടെ ഐതിഹാസിക പരിവേഷം കൈവരൂ. ബാഴ്‌സലോണയുടെ ഇതിഹാസവും വിസ്മയവുമായി ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെടുന്നതില്‍ ​മെസ്സി ഒതുങ്ങിപ്പോകരുതെന്ന് ഫുട്‌ബോള്‍ ലോകവും ആഗ്രഹിക്കുന്നുണ്ട്.

നിലവില്‍ ഫ്രഞ്ച് ക്ലബ്ബ് പി എസ് ജിക്കായി പുറത്തെടുക്കുന്ന ഫോം മെസ്സി ആരാധകരില്‍ പ്രതീക്ഷ നിറയ്ക്കുന്നു. ചാമ്പ്യന്‍സ് ലീഗില്‍ ബെന്‍ഫിക്കക്കെതിരെ നേടിയ ഗോള്‍ അതിമനോഹരമായിരുന്നു. പി എസ് ജിയുമായി ഒരു വര്‍ഷ കരാര്‍ ബാക്കി നില്‍ക്കെ, ബാഴ്‌സലോണ അവരുടെ ഇതിഹാസത്തെ തിരികെയെത്തിക്കാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്.

പി എസ് ജിക്കായി പതിമൂന്ന് മത്സരങ്ങളില്‍ നിന്ന് മെസി നേടിയ എട്ട് ഗോളുകളും എട്ട് അസിസ്റ്റുകളും പ്രതാപകാലത്തെ അനുസ്മരിപ്പിക്കും വിധമുള്ളത്. ബാഴ്‌സക്ക് വീണ്ടും മെസ്സി മോഹം ഉദിച്ചതില്‍ തെറ്റു പറയാനാകില്ല.

ലോകകപ്പ് നേടുന്നത് സംബന്ധിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിന് മെസ്സി നല്‍കിയ മറുപടി അര്‍ജന്റീന ആരെയും തോല്‍പ്പിക്കും എന്നാണ്. ഞങ്ങള്‍ ലോകകപ്പ് ഫേവറിറ്റുകളാണോ അല്ലയോ എന്ന് എനിക്കറിയില്ല, പക്ഷേ ഞങ്ങള്‍ തയ്യാറാണ് ലോകകപ്പ് ഉയര്‍ത്താന്‍. കോപ അമേരിക്ക നല്ല അനുഭവമായിരുന്നു, വെല്ലുവിളികള്‍ ഓരോന്നായി ഏറ്റെടുക്കാന്‍ ടീം സജ്ജമാണ്. എല്ലാം ശരിയായ രീതിയിലാണ് മുന്നോട്ടൊഴുകുന്നത്, ഓരോരുത്തര്‍ക്കും അവരവരുടെ കര്‍ത്തവ്യമെന്തെന്ന് ബോധ്യമുണ്ട്- മെസ്സിയുടെ വാക്കുകളില്‍ ആത്മവിശ്വാസം സ്ഫുരിക്കുന്നു.

സൗദി അറേബ്യയും മെക്‌സിക്കോയും പോളണ്ടും ഉള്‍പ്പെടുന്ന ഗ്രൂപ്പ് സിയിലാണ് അര്‍ജന്റീന. നവംബര്‍ 22ന് സൗദിക്കെതിരെയാണ് ആദ്യ മത്സരം.

ഗ്രൂപ്പില്‍ മെസ്‌കിക്കോയും പോളണ്ടും ഉയര്‍ത്താന്‍ പോകുന്ന വെല്ലുവിളി വലുതാണെന്ന് മെസ്സി നിരീക്ഷിക്കുന്നു. ലോകകപ്പിലെ ഒരു മത്സരവും എളുപ്പം ജയിക്കാനാകില്ലെന്നും അര്‍ജന്റീന ക്യാപ്റ്റന്‍ പറയുന്നു.

Tags:    
News Summary - Lionel Messi announces Qatar 2022 will be his last FIFA World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.