ഇന്റർ മയാമിയുടെ പിങ്ക് ജഴ്സിയിൽ ഒടുവിൽ ഇതിഹാസ താരം ലയണൽ മെസ്സി. യൂറോപ്യൻ ഫുട്ബാൾ കളിക്കളം വിട്ട സൂപ്പർതാരം അമേരിക്കൻ മേജർ ലീഗിലെ ഇന്റർ മയാമി ക്ലബുമായി ധാരണയിലെത്തി.
പിന്നാലെ ക്ലബിന്‍റെ പത്താം നമ്പർ പിങ്ക് ജഴ്സിയും ധരിച്ചു നിൽക്കുന്ന മെസ്സിയുടെ ചിത്രവും വിഡിയോയും ക്ലബ് ഔദ്യോഗികമായി അവരുടെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. കരാർ പൂർത്തീകരിക്കുന്നതിനായി മെസ്സി ഭാര്യക്കും മൂന്നു മക്കൾക്കുമൊപ്പം കഴിഞ്ഞദിവസം ഫ്ലോറിഡയിലെത്തിയിരുന്നു. ക്ലബിന്‍റെ ഹോംഗ്രൗണ്ടായ ഫോർട്ട് ലോഡർഡേലിലെ ഡി.ആർ.വി പിങ്ക് സ്റ്റേഡിയത്തിൽ ഞായറാഴ്ച ആരാധകർക്കു മുമ്പിൽ മെസ്സിയെ അവതരിപ്പിക്കും.
‘ദി അൺവീൽ’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി പ്രാദേശിക സമയം രാത്രി എട്ടിനാണ്. 21ന് മെക്സിക്കൻ ക്ലബ് ക്രൂസ് അസൂളുമായി ലീഗ്സ് കപ്പ് മത്സരത്തിൽ മെസ്സി ഇന്റർ മയാമിക്കു വേണ്ടി അരങ്ങേറും. രണ്ടര വർഷത്തേക്കാണ് മെസ്സി മുൻ ഇംഗ്ലീഷ് സൂപ്പർതാരം ഡേവിഡ് ബെക്കാമിന്‍റെ ഉടമസ്ഥതയിലുള്ള ക്ലബുമായി കരാറിലെത്തിയത്. കരാറിന്‍റെ വിവരങ്ങളൊന്നും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഏകദേശം ആറു കോടി യു.എസ് ഡോളർ (492 കോടി രൂപ) ആയിരിക്കും വാർഷിക പ്രതിഫലമെന്നാണ് സൂചന.
സ്പാനിഷ് ഭാഷയിൽ ‘സ്വാഗതം 10’ എന്ന ക്യാപ്ഷനൊപ്പമാണ് മെസ്സി ക്ലബിന്‍റെ ജഴ്സിയും ധരിച്ചുനിൽക്കുന്ന ചിത്രം ഇന്‍റർ മയാമി അവരുടെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. കൂടാതെ, ഒരു ചെറു വിഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരൻ ഇന്റർ മയാമി ക്ലബും മേജർ ലീഗ് സോക്കറും തെരഞ്ഞെടുത്തതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്ന് എം.എൽ.എസ് കമീഷണർ ഡോൺ ഗാർബർ അറിയിച്ചു.
മെസ്സിയുടെ തീരുമാനം അമേരിക്കൻ ലീഗിനും വടക്കേ അമേരിക്കയിലെ ഫുട്ബാളിനും ഊർജം നൽകും. മെസ്സിയുടെ വരവോടെ ലോകത്തെ മികച്ച കളിക്കാർക്ക് തെരഞ്ഞെടുക്കാനുള്ള ലീഗമായി എം.എൽ.എസ് മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. ബാഴ്സലോണയിലെ സഹതാരമായിരുന്ന സെർജിയോ ബുസ്കെറ്റ്സും മിയാമിയുമായി ധാരണയിലെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.