ചെസ്റ്റർ (പെൻസിൽവാനിയ): ലയണൽ മെസ്സി അമേരിക്കൻ മണ്ണിൽ കാല് കുത്തിയതിൽ പിന്നെ ഇന്റർമയാമി തോറ്റിട്ടില്ല. തുടർച്ചയായി ആറാം മത്സരത്തിലും ഗോളടി തുടർന്ന ഇതിഹാസതാരത്തിന്റെ ചിറകിലേറി ഇന്റർമയാമി ലീഗ്സ് കപ്പിന്റെ ഫൈനലിൽ കടന്നു. ശക്തരായ ഫിലാഡൽഫിയയെ അവരുടെ ഹോം ഗ്രൗണ്ടിൽ ഒന്നിനെതിരെ നാല് ഗോളിന് തകർത്താണ് മയാമി ഫൈനലിൽ കടന്നത്. ലീഗ്സ് കപ്പിൽ ആദ്യമായാണ് മയാമി ഫൈനലിൽ എത്തുന്നത്.
കളിയുടെ മൂന്നാംമിനിറ്റിൽ ജോസഫ് മാർട്ടിനസാണ് ഇന്റർമയാമിക്ക് വേണ്ടി ആദ്യ ഗോൾ നേടിയത്. 20ാം മിനിറ്റിൽ ലയണൽ മെസ്സിയുടെ ഇടങ്കാലൻ ലോങ്റെയ്ഞ്ചർ ഫിലാഡൽഫിയൻ ഗോളി ബ്ലേക്കിനെ മറികടന്ന് വലയിലെത്തി(2-0). ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ജോർഡി ആൽബ മയാമിക്ക് വേണ്ടി മൂന്നാം ഗോൾ നേടി.
സ്പാനിഷ് സൂപ്പർ ബാക്കിന്റെ ഇന്റർ മയാമി കരിയറിലെ ആദ്യ ഗോൾകൂടിയായിരുന്നു അത്. ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളിന് പിന്നിലായ ഫിലാഡൽഫിയക്ക് പിന്നീട് തിരിച്ച് വരാനായില്ല. 73 മിനിറ്റിൽ അലക്സാൺട്രോ ബിഡോയ ഫിലാൽഡൽഫിയക്കായി ആശ്വാസ ഗോൾ നേടിയെങ്കിലും 84ാം മിനിറ്റിൽ മയാമി മിഡ്ഫീൽഡൽ ഡേവിഡ് റൂയിസും ഗോൾ കണ്ടെത്തിയതോടെ ഫിലാഡൽഫിയയുടെ പതനം പൂർണമായി.
അമേരിക്കൻ മേജർ സോക്കർ ലീഗിൽ ഈസ്റ്റേൺ കോൺഫ്രൻസിൽ മൂന്നാം സ്ഥാനക്കാരായ ഫിലാഡൽഫിയെയാണ് 15ാം സ്ഥാനത്തുള്ള ഇന്റർമയാമി ലീഗ്സ് കപ്പിന്റെ സെമിയിൽ തകർത്ത് കളഞ്ഞത്. ഫിലാഡൽഫിയ അവരുടെ ഹോം ഗ്രൗണ്ടിൽ അവസാനം കളിച്ച 28 മത്സരങ്ങളിൽ 27 ഉം ജയിച്ചവരാണ്. അവിടെയാണ് മെസ്സിയും കൂട്ടരും സകല കണക്കുകൂട്ടലും തെറ്റിച്ചത്. ഈ ജയത്തോടെ ഇന്റർ മയമി അടുത്ത വർഷത്തെ കോൺകാഫ് കപ്പിനും യോഗ്യത നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.