മഡ്രിഡ്: വർഷങ്ങൾ നീണ്ട കരാർ അവസാനിച്ചതോടെ ബാഴ്സയിൽ പടിക്കുപുറത്ത് നിൽക്കുന്ന െമസ്സിക്ക് പുതിയ കരാറില്ലാത്ത ഓരോ ദിനവും നഷ്ടമാകുന്നത് ലക്ഷങ്ങളുടെ വരുമാനം. ശരാശരി ഒരു ലക്ഷം യൂറോ (88,46,872 രൂപ) ആയിരുന്നു താരം ബാഴ്സയിൽ നേരത്തെ നേടിയിരുന്നത്. ഒരു സീസണിൽ താരത്തിന് നികുതിയുൾപെടെ 13.89 കോടി യൂറോ ക്ലബ് നൽകിയത് കഴിഞ്ഞ മാസം കരാർ അവസാനിച്ചതോടെ മുടങ്ങി. പുതിയ കരാറിന് ചർച്ചകൾ പുരോഗമിക്കുന്നുണ്ടെങ്കിലും തീരുമാനമായിട്ടില്ല.
ക്ലബ് പ്രസിഡന്‍റ് ജൊവാൻ ലപോർട്ടയുടെ നേതൃത്വത്തിലാണ് ചർച്ച പുരോഗമിക്കുന്നത്.
മുൻനിരയിലെ പലരെയും വെട്ടി കറ്റാലൻ ക്ലബ് ശുദ്ധിയാക്കൽ പ്രക്രിയ നടത്തിയ കഴിഞ്ഞ വർഷം മെസ്സിയും ബാഴ്സയിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതായിരുന്നുവെങ്കിലും പിന്നീട് സമ്മർദങ്ങൾക്ക് വഴങ്ങി പിൻവാങ്ങുകയായിരുന്നു. സീസൺ അവസാനിച്ചമുറക്ക് കരാറും അവസാനിച്ചതോടെയാണ് താരം 'ഫ്രീ ഏജന്‍റ് ആയത്. ഇത്തവണ പുതിയ കരാർ ഒപ്പുവെച്ചാലും പഴയ തുക ലഭിക്കില്ല. ക്ലബിന്‍റെ സാമ്പത്തിക പ്രതിസന്ധിയാണ് പ്രശ്നം. കഴിഞ്ഞ വർഷം മൊത്തം 34.7 കോടി യൂറോ (3,070 കോടി രൂപ) വരെ ശമ്പള ഇനത്തിൽ ചെലവഴിക്കാമായിരുന്നത് പുതിയ സീസണിൽ പകുതിയിൽ താഴെയായി ലാലിഗ സാമ്പത്തിക അച്ചടക്ക സമിതി പുനർനിർണയിച്ചിട്ടുണ്ട്.
തുക കുറക്കുന്നതിനോട് പക്ഷേ, താരം അനുകൂലമായി പ്രതികരിക്കുന്നില്ലെന്നാണ് സൂചന. ക്ലബ് ജഴ്സിയിൽ 15 വർഷമായി കിരീടങ്ങളും സാമ്പത്തിക വരുമാനവും ആവോളം നൽകിയതിനാൽ വിട്ടുവീഴ്ചക്ക് നിൽക്കേണ്ടതില്ലെന്നാണ് മെസ്സിയുടെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.