ബ്വേനസ് എയ്റിസ്: പരഗ്വെക്കെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിലെ അർജന്റീയുടെ ജയത്തിന് പിന്നാലെ പുതിയ വിവാദങ്ങളും. കളിക്കിടെ ലയണൽ മെസ്സിയെ പരഗ്വെ താരം തുപ്പിയെന്ന വിവാദമാണ് സമൂഹ മാധ്യമങ്ങളിൽ ചൂടുപിടിക്കുന്നത്.
പരഗ്വെയുടെ ഫോർവേഡ് അന്റോണിയോ സനാബ്രിയെക്കെതിരെയാണ് ഗുരുതരമായ ആരോപണം ഉയരുന്നത്. ഈ ആരോപണം ശരിയാണെന്ന് തെളിയിക്കുന്നതാണ് പുറത്തുവന്ന വിഡിയോ ദൃശ്യങ്ങളും. ആദ്യ ഇലവനിൽ ടീമിലില്ലാതിരുന്ന മെസ്സി രണ്ടാം പകുതിയിൽ ഹൂലിയൻ ആൽവാരസിന് പകരക്കാരനായിട്ടാണ് ഇറങ്ങിയത്.
84ാം മിനിറ്റിൽ ഒരു ഫൗളിനെ തുടർന്നുണ്ടായ തർത്തിന് ശേഷം മെസ്സി തിരിഞ്ഞു നടക്കുമ്പോൾ മെസ്സിക്ക് നേരെ സനാബ്രിയ തുപ്പുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. അതേ സമയം, മെസ്സി ഇത് കണ്ടിരുന്നില്ല. മത്സര ശേഷമാണ് സഹകളിക്കാർ മെസ്സിയോട് ഇക്കാര്യം സൂചിപ്പിക്കുന്നതും വിഡിയോ ദൃശ്യങ്ങൾ വൈറലാകുന്നതും.
'സത്യം പറഞ്ഞാൽ, ഞാൻ അത് കണ്ടില്ല. അവൻ എനിക്ക് നേരെ തുപ്പുകയായിരുന്നു എന്ന കാര്യം ലോക്കർ റൂമിൽ വെച്ച് സഹതാരങ്ങളാണ് എന്നോട് പറഞ്ഞത്. '- മെസ്സി പറഞ്ഞു. ആ കുട്ടി ആരാണെന്ന് തനിക്ക് അറിയില്ലെന്നും അത് കാര്യമാക്കുന്നില്ലെന്നും മെസ്സി പറഞ്ഞു. അതേ സമയം, ഫിറ്റ്നസ് വീണ്ടെടുത്ത് വീണ്ടും കളിക്കാനായതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം മത്സര ശേഷം പറഞ്ഞു.
എന്നാൽ, മെസ്സിക്കെതിരായ പരഗ്വെ താരത്തിന്റെ നടപടി ഫുട്ബാളിന് തന്നെ അപമാനമാണെന്നും താരത്തിനെതിരെ കടുത്ത നടപടി വേണമെന്നും ആരാധകർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.