ഫ്ലോറിഡ: ലയണൽ മെസ്സിയുടെ എട്ടാം ബാലൻ ഡി ഓർ നേട്ടം സൗത്ത് ഫ്ലോറിഡയിൽ വെള്ളിയാഴ്ച രാത്രി ഗംഭീരമായി ആഘോഷിച്ചു. ഡി.ആർ.വി പി.എൻ.കെ സ്റ്റേഡിയത്തിൽ പതിനായിരങ്ങളെ സാക്ഷി നിർത്തി മെസ്സി ബാലൻ ഡി ഓർ പ്രദർശിപ്പിച്ചു.
വർണാഭമായ ചടങ്ങിൽ മെസ്സി ആരാധകരോടെ സംസാരിക്കുകയും ചെയ്തു. ആഘോഷത്തിന് മാറ്റ് കൂട്ടാൻ സ്റ്റേഡിയത്തിൽ ഒരു സൗഹൃദ മത്സരവും സംഘടിപ്പിച്ചിരുന്നു. ആഘോഷങ്ങളൊക്കെ ഭംഗിയായി നടന്നെങ്കിലും ഇന്റർമയാമി ആ മത്സരത്തിലും പരാജയപ്പെട്ടു. ന്യൂയോർക്ക് സിറ്റി എഫ്.സിയോട് 2-1ന് തോൽവി ഏറ്റുവാങ്ങിയാണ് മെസ്സിയും സംഘവും ആഘോഷരാവ് അവസാനിപ്പിച്ചത്.
43ാം മിനിറ്റിൽ ന്യൂയോർക്കാണ് ആദ്യ ഗോൾ നേടിയത്. രണ്ടാം പകുതിയിൽ 48ാം മിനിറ്റിലും ഗോളടിച്ച് ന്യൂയോർക്ക് ലീഡ് ഇരട്ടിയാക്കി. 81ാം മിനിറ്റിലാണ് മയാമി ഒരു ഗോൾ മടക്കുന്നത്. സെർജിയോ ബുസ്കെറ്റ്സിന്റെ അസിസ്റ്റിൽ റോബിൻസനാണ് ഗോൾ നേടിയത്.
ഇനി ഇന്റർ മയാമി ചൈനയിലേക്ക് പോകും. അവിടെ രണ്ട് സൗഹൃദ മത്സരങ്ങൾ കളിച്ച ശേഷം മെസ്സിയും ഇന്റർ മയാമിയും രണ്ട് മാസത്തോളം ഇടവേളയിൽ ആയിരിക്കും. അതേ സമയം മെസ്സി അർജന്റീനക്ക് വേണ്ടി ഈ മാസം തന്നെ കളിത്തിലിറങ്ങും. ബ്രസീലും ഉറുഗ്വെയുമായുള്ള ലോകകപ്പ് യോഗ്യത മത്സരം ഈ മാസം അവസാനമാണ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.