‘‘ആ വാക്കുകൾ പറയരുതായിരുന്നു’’- ​ലോകകപ്പ് ക്വാർട്ടറിൽ തെറ്റുപറ്റിയെന്ന് സമ്മതിച്ച് മെസ്സി

എത്ര കടുത്ത ഫൗളിനിടയിലും സമചിത്തത വിടാതെയും വീഴാതെയും കളി നയിക്കുന്ന മെസ്സി സ്റ്റെൽ ആണ് എന്നും ആരാധകരെ ആവേശം കൊള്ളിച്ചിട്ടുള്ളത്. ടീമിന് ഫ്രീകിക്ക് ലഭിക്കുമായിരുന്ന സാഹചര്യങ്ങളിൽ പോലും പന്ത് വിടാതെ എതിരാളികളെ നിഷ്പ്രഭമാക്കുന്ന, കടുത്ത ടാക്ലിങ്ങിലും ചിരിച്ചുനീങ്ങുന്ന താരമായിരുന്നില്ല പക്ഷേ, ഖത്തർ ലോകകപ്പ് ക്വാർട്ടറിൽ നെതർലൻഡ്സിനെതിരെ മൈതാനം കണ്ടത്.

ആദ്യം മനോഹരമായ അസിസ്റ്റ് നൽകിയും പിന്നീട് പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചും ടീമിനെ മുന്നിലെത്തിച്ച സൂപർ താരം രണ്ടാം ഗോളിനു ശേഷം ഡച്ച് പരിശീലകൻ വാൻഗാലിനു നേരെ കാണിച്ച പരിഹാസ ആംഗ്യം വിമർശനത്തിനിടയാക്കിയിരുന്നു. സംഭവത്തിൽ, തനിക്ക് ചിലത് സംഭവിച്ചുപോയിട്ടുണ്ടെന്ന് വൈകിയാണെങ്കിലും മെസ്സി കുറ്റസമ്മതം നടത്തുന്നു. ഇതേ കുറിച്ച് താരം പറയുന്നതിങ്ങനെ:

‘‘വാസ്തവം പറഞ്ഞാൽ, അത് അറിഞ്ഞുചെയ്തതല്ല. അത് എനിക്ക് ഇഷ്ടമായിട്ടുമില്ല. ആ സമയത്ത് അങ്ങനെ വന്നു. കളിക്ക് മുമ്പ് അദ്ദേഹം പറഞ്ഞതൊക്കെ എ​ന്റെ മനസ്സിലുണ്ടായിരുന്നുവെന്നത് നേ​ര്. പറയുന്നത് കേൾക്കുന്നില്ലേ എന്ന് ചില സഹതാരങ്ങൾ ചോദിക്കുകയും ചെയ്തു. 2-0ന് ഞങ്ങൾ മുന്നിലെത്തിയ സമയത്തായിരുന്നു അത് സംഭവിച്ചത്. കളി ഏറ്റവും കടുത്ത സമ്മർദങ്ങൾക്കു നടുവിലാകും. വേണ്ടുവോളം ഉദ്വേഗവും. എല്ലാം വളരെ എളുപ്പത്തിലാണ് വന്നുപോകുന്നത്. ഒന്നും ആലോചിച്ചുചെയ്യാൻ സമയമുണ്ടാകില്ല. അതങ്ങനെ സംഭവിച്ചുപോയി’’.

കളിക്കി​ടെ ഡച്ച് ഫോർവേഡ് വൂട്ട് വേഗ്ഹോഴ്സ്റ്റിനോട് വിട്ടുപോകാൻ പറഞ്ഞതും ശരിയായില്ലെന്ന് താരം പറഞ്ഞു. കളിക്കു ശേഷം നൽകിയ അഭിമുഖത്തിൽ വേഗ്ഹോഴ്സ്റ്റിനെ വിഡ്ഢിയെന്നും വിളിച്ചിരുന്നു. ഡച്ച് ടീമിനെ ഒപ്പമെത്തിച്ച രണ്ടു ഗോളുകളും വേഗ്ഹോഴ്സ്റ്റിന്റെ ബൂട്ടുകളിൽനിന്നായിരുന്നു പിറന്നത്.

മെസ്സിയെ പിടിച്ചുനിർത്താനുള്ള ഉത്തരം തന്റെ പക്കലുണ്ടെന്നും 2014ൽ ഇരുരാജ്യങ്ങളും മുഖാമുഖം നിന്നപ്പോൾ മെസ്സിക്ക് പന്തു ലഭിച്ചിരുന്നില്ലെന്നുമായിരുന്നു വാൻ ഗാൽ നേരത്തെ പറഞ്ഞത്.

ടൂർണമെന്റിലെ ഏറ്റവും മികച്ച മത്സരങ്ങളിലൊന്നായി മാറിയ കളിയിൽ ആദ്യം ഗോളുകളടിച്ച് മുന്നിലെത്തിയ ലാറ്റിൻ അമേരിക്കൻ സംഘം ഒടുവിൽ ഷൂട്ടൗട്ടിൽ കളി ജയിക്കുകയായിരുന്നു.

മത്സരത്തിനിടെ വാൻഗാലിനു മുന്നിൽ മുൻ അർജന്റീന താരം റിക്വൽമിയെ അനുകരിച്ചായിരുന്നു മെസ്സിയുടെ പരിഹാസം. വാൻ ഗാൽ ബാഴ്സ പരിശീലകനായിരിക്കെ റിക്വൽമിയെ ടീമിൽനിന്ന് പുറത്താക്കിയിരുന്നു. പഴയ റിക്വൽമി ഗോളാഘോഷം വാൻ ഗാലിനെ ഓർമിപ്പിച്ചായിരുന്നു മെസ്സിയുടെ പുതിയ ഗോൾ ആഘോഷം.

അതേ സമയം, മെസ്സിയെ പ്രകോപിപ്പിച്ചത് ശരിയായില്ലെന്നും മറ്റാരെ ചെയ്താലും മെസ്സിയെ ദേഷ്യം പിടിപ്പിക്കുന്നത് നല്ലതല്ലെന്നുമായിരുന്നു റിക്വൽമിക്ക് ഇതേ കുറിച്ച് പറയാനുണ്ടായിരുന്നത്.

കോച്ചിന്റെ വിവാദ നടപടികളുടെ പേരിൽ പഴിയേറെ കേട്ട മത്സരമായിരുന്നു ഇത്. ഡച്ച് താരത്തെ പുറത്താക്കുകയും മറ്റു 14 പേർക്ക് കാർഡ് കാണിക്കുകയും ചെയ്ത റഫറി മാറ്റ്യു ലഹോസ് കോച്ചുമാരിലൊരാൾക്കും കാർഡ് നൽകി.

കളിക്കു ശേഷമുള്ള നിമിഷങ്ങളെ കുറിച്ച് പിന്നീട് വേഗ്ഹോഴ്സ്റ്റും പ്രതികരിച്ചിരുന്നു. മെസ്സിക്ക് കൈകൊടുക്കാൻ ചെന്നെങ്കിലും അരിശത്തിലായിരുന്നുവെന്നും ഹസ്തദാനത്തിന് സമ്മതിച്ചില്ലെന്നുമായിരുന്നു പ്രതികരണം. 

Tags:    
News Summary - Lionel Messi responds on angry clash with Van Gaal and Wout Weghorst

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.