ഇന്‍റർ മയാമിക്കായി ഹാട്രിക് തികച്ച് ലയണൽ മെസ്സി. ന്യൂ ഇംഗ്ലണ്ട് റെവല്യൂഷെനെതിരെ നടന്ന മത്സരത്തിലാണ് സൂപ്പർതാരത്തിന്‍റെ ഹാട്രിക് പ്രകടനം. മൂന്ന് ഗോൾ നേടിയതിനൊപ്പം ഒരു അസിസ്റ്റും മെസ്സി നൽകിയിട്ടുണ്ട്. ന്യൂ ഇംഗ്ലണ്ടിനെ 6-2 എന്ന സ്കോറിനാണ് മയാമി തകർത്തത്. ലൂയിസ് സുവാരസ് രണ്ട് ഗോൾ നേടി. മത്സരത്തിൽ വിജയിച്ചതോടെ 74 ലീഗ് പോയിന്‍റുമായി മയാമി എം.എൽ.എസിൽ ചരിത്രം കുറിച്ചു. ലീഗിൽ ഏറ്റവും കൂടുതൽ പോയിന്‍റ് നേടുന്ന ടീമായി മയാമി മാറി. റെവലൂഷ്യന്‍റെ 2021ലെ 73 പോയിന്‍റ് എന്ന നേട്ടമാണ് മയാമി മറികടന്നത്.
രണ്ടാം പകുതിയിലാണ് മെസ്സിയുടെ മൂന്ന് ഗോളും പിറന്നത്. 35 മിനിറ്റ് മാത്രമാണ് മെസ്സി കളത്തിലുണ്ടായിരുന്നത്. മയാമിക്ക് വേണ്ടി താരമടിച്ച ആദ്യ ഹാട്രിക്കിലെ ആദ്യ ഗോൾ പിറന്നത് 78ാം മിനിറ്റിലാണ്. ബോക്സിന് വെളിയിൽ നിന്നും ബോട്ടം ലെഫ്റ്റ് കോർണറിലേക്ക് ഒരു ഗോൾ. പിന്നീട് 81ാം മിനിറ്റിൽ ബോക്സിനുള്ളിൽ നുഴഞ്ഞുകയറി ത്രൂപാസ് സ്വീകരിച്ച മെസ്സി രണ്ടാം ഗോളും കണ്ടെത്തി. 88ാം മിനിറ്റിലാണ് മെസ്സി ഹാട്രിക് ഗോൾ തികച്ചത്. സുവാരസ് ബോക്സിനുള്ളിൽ നൽകിയ പന്ത് മെസ്സി അനായാസം വലയിലെത്തിച്ചു. വെറും 11 മിനിറ്റിന്‍റെ ഗ്യാപിലാണ് മെസ്സി തന്‍റെ ഹാട്രിക് പൂർത്തിയാക്കുന്നത്. ഈ ആഴ്ചയിൽ രണ്ടാം തവണയാണ് മെസ്സി ഹാട്രിക് തികക്കുന്നത്.
ഈ ആഴ്ച പകുതിക്ക് വെച്ച് നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബോളീവിയക്കെതിരെയായിരുന്നു മെസ്സി ഹാട്രിക് നേടിയത്. ഹാട്രിക്കിനൊപ്പം രണ്ട് അസിസ്സും മത്സരത്തിൽ താരം നൽകിയതോടെ അർജന്‍റീന 6-0 എന്ന വമ്പൻ സ്കോറിന് വിജയിച്ചു. മത്സരത്തിന്‍റെ 19, 84, 86 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഗോളുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.