മിശിഹയുടെ പിറന്നാളിന് ഹാട്രിക് തിളക്കം! മാക്സി റോഡ്രിഗസിന്‍റെ വിടവാങ്ങൽ മത്സരത്തിൽ താരമായി മെസ്സി -വിഡിയോ

ഇതിഹാസ താരം ലയണൽ മെസ്സിയുടെ പിറന്നാൾ ദിനത്തിന് ഹാട്രിക്കിന്‍റെ തിളക്കം. ജന്മനാടായ റൊസാരിയോയിൽ പ്രദർശന മത്സരം കളിക്കാനിറങ്ങിയ മെസ്സി ആദ്യ പകുതിയിലെ ഹാട്രിക് ഗോളുകളുമായി തിളങ്ങി.

അർജന്‍റീന ടീമിലെ സഹതാരമായിരുന്ന മാക്സി റോഡ്രിഗസിന്‍റെ വിടവാങ്ങൽ മത്സരത്തിലാണ് തിങ്ങിനിറഞ്ഞ ഗാലറിക്കു മുന്നിൽ മെസ്സി കളം നിറഞ്ഞത്. റൊസാരിയോ ആസ്ഥാനമായുള്ള ന്യൂവെൽസ് ഓൾഡ് ബോയ്സ് ക്ലബായിരുന്നു മെസ്സിക്കും സംഘത്തിനും എതിരാളികൾ. 7-5 എന്ന സ്കോറിന് അർജന്‍റീന മത്സരം സ്വന്തമാക്കി. മെസ്സിക്ക് ജന്മദിനാശംസകൾ എന്ന ആരാധകക്കൂട്ടത്തിന്‍റെ ആർപ്പുവിളികർ നിറഞ്ഞ ഗാലറിയിൽ മത്സരത്തിന്‍റെ നാലാം മിനിറ്റിൽ തന്നെ സൂപ്പർതാരം വലകുലുക്കി. ബോക്സിന്‍റെ വെളിയിൽനിന്നുള്ള ഫ്രീകിക്ക് സ്വതസിദ്ധമായ ഇടങ്കാൽ ഷോട്ടുകൊണ്ട് പ്രതിരോധ താരങ്ങളെയും ഗോളിയെയും കാഴ്ചക്കാരനാക്കി താരം വലക്കുള്ളിലാക്കി. പിന്നീട് രണ്ടു തവണ കൂടി താരം ടീമിനായി ഗോൾ കണ്ടെത്തി.

മാർസെലോ ബീൽസ സ്റ്റേഡിയത്തിൽ 42,000 കാണികളാണ് കളി കാണാനെത്തിയത്. വിശ്വ കിരീടം നേടിയശേഷമുള്ള മെസ്സിയുടെ ആദ്യ ജന്മദിനമായിരുന്നു ശനിയാഴ്ച. 36ാം ജന്മദിനം. റൊസാരിയോയിൽ വർഷങ്ങൾക്കുശേഷമാണ് കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം ജന്മദിനം ആഘോഷിക്കുന്നതെന്ന് മത്സരശേഷം മെസ്സി പ്രതികരിച്ചു. ഖത്തറിൽ ലോകകപ്പ് നേടാനായതിന്‍റെ സന്തോഷവും താരം ആരാധകരുമായി പങ്കുവെച്ചു.

അത്ലറ്റികോ മഡ്രിഡ്, ലിവർപൂൾ തുടങ്ങിയ ക്ലബുകളിൽ 2002 മുതൽ 2012 വരെ പന്തു തട്ടിയ മാക്സി റോഡ്രിഗസ് ഒടുവിൽ അർജന്‍റീനൻ ക്ലബിലേക്ക് തന്നെ തിരിച്ചുപോവുകയായിരുന്നു. 42ാം വയസ്സിലാണ് താരം ബൂട്ടഴിക്കുന്നത്.

Full View
Tags:    
News Summary - Lionel Messi scores first half HAT-TRICK in Maxi Rodriguez's farewell game

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.