കരിയറിലെ വേഗതയേറിയ ഗോൾ നേടി അർജന്‍റൈൻ ഇതിഹാസതാരം ലയണൽ മെസ്സി. ബെയ്ജിങ് വർക്കേഴ്സ് സ്റ്റേഡിയത്തിൽ നടന്ന ആസ്ട്രേലിയക്കെതിരായ സൗഹൃദ മത്സരത്തിലാണ് മെസ്സിയുടെ മിന്നൽ ഗോൾ പിറന്നത്. മത്സരത്തിൽ ലോക ചാമ്പ്യന്മാർ തകർപ്പൻ ജയവും സ്വന്തമാക്കി.
ഏകപക്ഷീയമായ രണ്ടു ഗോളിനായിരുന്നു മെസ്സി സംഘത്തിന്‍റെ ജയം. കളി തുടങ്ങി 80ാം സെക്കൻഡിലായിരുന്നു മെസ്സിയുടെ അതിവേഗ ഗോൾ. എൻസോ ഫെർണാണ്ടസിന്‍റെ പാസ് സ്വീകരിച്ച മെസ്സി ബോക്സിനു പുറത്തുനിന്ന് ഒരു ഇടങ്കാൽ ഷോട്ടിലൂടെ പന്ത് മനോഹരമായി വലയിലെത്തിക്കുകയായിരുന്നു. ആസ്ട്രേലിയൻ പ്രതിരോധ താരങ്ങൾക്കിടയിലൂടെ ഗോളിയെയും കീഴ്പ്പെടുത്തി പന്ത് പോസ്റ്റിന്‍റെ ഇടതുമൂലയിലാണ് പതിച്ചത്.
ബാഴ്സലോണക്കുവേണ്ടി 127ാം സെക്കൻഡിൽ നേടിയ ഗോളായിരുന്നു ഇതുവരെ മെസ്സിയുടെ കരിയറിയെ വേഗതയേറിയ ഗോൾ. 2018ൽ ചാമ്പ്യൻസ് ലീഗിൽ ചെൽസിക്കെതിരെയായിരുന്നു ഗോൾ നേട്ടം. കരിയറിൽ 87ാം മിനിറ്റിലാണ് മെസ്സി കൂടുതൽ ഗോളുകൾ നേടിയത്. 16 ഗോളുകൾ. റയൽ ബെറ്റിസ് പ്രതിരോധ താരം ജെർമൻ പസെല്ലയാണ് ടീമിന്‍റെ രണ്ടാം ഗോൾ നേടിയത്.
‘ഒരു ഫുട്ബാൾ കളിക്കാരനെന്ന നിലയിൽ മെസ്സി ഞങ്ങൾക്ക് എല്ലാം തന്നിട്ടുണ്ട്, അദ്ദേഹം കളിക്കുന്നത് കാണുന്നതിൽ ഏറെ സന്തോഷമുണ്ട്, അദ്ദേഹം വേറൊരു ലെവലാണ്’ -മത്സരശേഷം അർജന്‍റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് പറഞ്ഞു. അർജന്‍റീന കുപ്പായത്തിൽ ഇനിയൊരു ലോകകപ്പിനില്ലെന്ന് മെസ്സി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഫ്രഞ്ച് ക്ലബ് പി.എസ്.ജി വിട്ട മെസ്സിയുടെ അടുത്ത തട്ടകം അമേരിക്കൻ ലീഗിലെ ഇന്റർ മിയാമിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.