ചാമ്പ്യൻസ് ലീഗിൽ പി.എസ്.ജിക്കായി ഗോൾവേട്ട തുടർന്ന് സൂപ്പർ താരം ലയണൽ മെസ്സി. ഇരട്ടഗോളുമായി മെസ്സി കളം വാണ മത്സരത്തിൽ പി.എസ്.ജി 3-2ന് ആർ.ബി ലെപ്സിഷിനെ തോൽപിച്ചു. പി.എസ്.ജിയുടെ ആദ്യ ഗോൾ നേടിയ കിലിയൻ എംബാപ്പെ ഇഞ്ചുറി സമയത്ത് പെനാൽറ്റി നഷ്ടപ്പെടുത്തി. നെയ്മറില്ലാതെയായിരുന്നു പി.എസ്.ജി കളിക്കാനിറങ്ങിയത്.
ഒമ്പതാം മിനിറ്റിൽ ഡ്രാക്സ്ലറുടെ പാസിൽ നിന്ന് എംബാപ്പെയാണ് പി.എസ്.ജിക്കായി അക്കൗണ്ട് ഓപൺ ചെയ്തത്. കളംനിറഞ്ഞ് കളിച്ചത് പി.എസ്.ജി ആയിരുന്നെങ്കിലും ജർമൻ ടീമിനും അവസരം വീണു കിട്ടി. 28 മിനിറ്റിൽ ആഞ്ചലീന്യോ നൽകിയ പാസിൽ നിന്നു ആന്ദ്ര സിൽവ ലെപ്സിഷിനായി സമനില ഗോൾ കണ്ടെത്തി. ആദ്യ പകുതി 1-1ന് അവസാനിച്ചു. 57ാം മിനിറ്റിൽ ഫ്രഞ്ച് ഭീമൻമാരെ ഞെട്ടിച്ചുകൊണ്ട് ലെപ്സിഷ് വീണ്ടും പന്ത് വലയിലാക്കി. ആഞ്ചലീന്യോ ആയിരുന്നു വീണ്ടും ഗോളവസരം സൃഷ്ടിച്ചത്. നോർഡി മുകിയലയായിരുന്നു സ്കോറർ.
എന്നാൽ 10 മിനിറ്റിനുള്ളിൽ മെസ്സി പി.എസ്.ജിയെ ഒപ്പമെത്തിച്ചു. ലെപ്സിഷ് ഡിഫൻഡർമാരിൽ നിന്ന് ലഭിച്ച പന്ത് എംബാപ്പെ മെസ്സിക്ക് നൽകി. ഗോൾ കീപ്പറെ ഷോട്ടിലൂടെ മറികടന്നു മെസ്സി തൊടുത്ത ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. പോസ്റ്റിനരികിലേക്ക് ഓടിയെത്തിയ മെസ്സി പന്ത് വലയിലേക്ക് തട്ടിയിട്ടു. 74ാം മിനിറ്റിൽ എംബാപ്പെയെ മുഹമ്മദ് സിമാക്കൻ ബോക്‌സിൽ വീഴ്ത്തി. പെനാൽറ്റി കിക്ക് പിഴവുകളില്ലാതെ പനേക കിക്കിലൂടെ വലയിലാക്കി മെസ്സി പി.എസ്.ജിയെ വീണ്ടും മുന്നിലെത്തിച്ചു. തിരിച്ചടിക്കാനായി ലെപ്സിഷ് കിണഞ്ഞുശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല.
93ാം മിനിറ്റിൽ അഷ്റഫ് ഹകീമിയെ ജോസ്കോ ബോക്സിൽ വീഴ്ത്തിയതിന് പാരീസിന് വാറിലൂടെ മറ്റൊരു പെനാൽറ്റി കൂടി അനുവദിച്ചു. ഹാട്രിക്ക് തികക്കാൻ അവസരമുണ്ടായിട്ടും മെസ്സി പെനാൽറ്റി എംബാപ്പെക്ക് വെച്ചുനീട്ടി. എന്നാൽ യുവതാരം നിരാശപ്പെടുത്തി. 34ാം തവണയാണ് മെസ്സി ചാമ്പ്യൻസ് ലീഗിൽ രണ്ടോ അതിലധികമോ ഗോൾ നേടുന്നത്.
മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴുപോയിന്‍റുമായി പി.എസ്.ജി ഗ്രൂപ് 'എ'യിൽ ഒന്നാമതെത്തി. ആറുപോയിന്‍റുമായി മാഞ്ചസ്റ്റർ സിറ്റിയാണ് ഗ്രൂപ്പിൽ രണ്ടാമത്. കഴിഞ്ഞ ദിവസം സിറ്റി ക്ലബ് ബ്രൂജിനെ 5-1ന് തകർത്തിരുന്നു.
ലീഗിൽ ചൊവ്വാഴ്ച നടന്ന ത്രില്ലർ പോരിൽ ലിവർപൂൾ സ്പാനിഷ് ചാമ്പ്യൻമാരായ അത്ലറ്റികോ മഡ്രിഡിനെ 3-2ന് തോൽപിച്ചു. മുഹമ്മദ് സലാഹ് (8, 78) ലിവർപൂളിനായി ഇരട്ടഗോൾ നേടി. നബി കെയ്റ്റയാണ് (13) മറ്റൊരു സ്കോറർ. അത്ലറ്റിക്കോയുടെ രണ്ടുഗോളുകളും അേന്റായിൻ ഗ്രീസ്മാന്റെ (20, 34) വകയായിരുന്നു. 52ാം മിനിറ്റിൽ ഗ്രീസ്മാൻ ചുവപ്പുകാർഡ് കണ്ട് മടങ്ങിയതോടെ അത്ലറ്റിേകാ 10 പേരായി ചുരുങ്ങിയിരുന്നു.
എല്ലാ ടൂർണമെന്‍റുകളിൽ നിന്നുമായി ലിവർപൂളിനായി തുടർച്ചയായി ഒമ്പതാം മത്സരത്തിലാണ് സലാഹ് സ്കോർ ചെയ്യുന്നത്.
ഗ്രൂപ്പ് ബിയിലെ മറ്റൊരു മത്സരത്തിൽ എഫ്.സി പോർട്ടോ എ.സി മിലാനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ചു. 65ാം മിനിറ്റിൽ കൊളംബിയൻ താരം ലൂയിസ് ഡയസാണ് പോർചുഗീസ് ക്ലബിനായി വിജയഗോൾ നേടിയത്. മൂന്നിൽ മുന്നും ജയിച്ച ലിവർപൂളാണ് ഗ്രൂപ്പിൽ ഒന്നാമത്. നാലുപോയിന്‍റ് വീതമുള്ള അത്ലറ്റിക്കോയും പോർട്ടോയും യഥാക്രമം രണ്ട്, മൂന്ന് സ്ഥാനത്താണ്. മൂന്നു കളികളും തോറ്റ മിലാൻ ഇനി ഗ്രൂപ്പ് ഘട്ടം കടക്കണമെങ്കിൽ അത്ഭുതം സംഭവിക്കണം.
ഗ്രൂപ്പ് ഡിയിൽ അട്ടിമറി വീരൻമാര ശരീഫിൽ നിന്നേറ്റ ഷോക്കിൽ നിന്ന് ശക്തമായ തിരിച്ചുവരവ് നടത്തി റയൽ മഡ്രിഡ്. റയൽ യുക്രൈൻ ക്ലബായ ഷാക്തറിനെ ഗോളിൽ മുക്കി. എതിരാളികളുടെ മൈതാനത്തിൽ 5-0ത്തിനായിരുന്നു കാർലോസ് ആഞ്ചലോട്ടിയുടെയും സംഘത്തിന്‍റെയും വിജയം.
സെർഹി ക്രിസ്റ്റോവിന്റെ സെൽഫ് ഗോളിലൂടെ ആദ്യ പകുതിയിൽ റയൽ 1-0ത്തിന്‍റെ ലീഡ് എടുത്തു. രണ്ടാം പകുതിയിലായിരുന്നു ബാക്കി നാല് ഗോളുകൾ. 51, 52 മിനിറ്റുകളിലായി ലക്ഷ്യം കണ്ട് ബ്രസീലിയൻ യുവതാരം വിനീഷ്യസ് ജൂനിയർ ഇരട്ടഗോൾ തികച്ചു.
റോഡ്രിഗോയും (64) കരീം ബെൻസേമയുമാണ് (91) റയലിന്‍റെ മറ്റ് സ്കോറർമാർ. ഇതോടെ റയലിന്‍റെ ചരിത്രത്തിലെ ഏറ്റവും മികച്ച നാലാമത്തെ ഗോൾ വേട്ടക്കാരനാവാൻ ഫ്രഞ്ച് താരമായ ബെൻസേമക്കായി. എന്നാൽ പോയിന്‍റ് ടേബിളിൽ ഒന്നാം സ്ഥാനക്കാരായ ശരീഫിനെ ഇന്‍റർ മിലാൻ 3-1ന് തറപറ്റിച്ചു. റയലിനും ശരീഫിനും ആറ്പോയിന്റ് വീതമാണെങ്കിലും മാൾഡോവൻ ക്ലബാണ് ഒന്നാമത്.
ഗ്രൂപ്പ് സിയിൽ ഡച്ച് ക്ലബായ അയാക്സ് ആംസ്റ്റർഡാം ജർമൻ വമ്പൻമാരായ ബൊറൂസിയ ഡോർട്മുണ്ടിനെ 4-0ത്തിന് തകർത്തു. ഡലേ ബ്ലിൻഡ്, ആന്‍റണി, സെബാസ്റ്റ്യൻ ഹാല്ലർ എന്നിവരാണ് സ്കോറർമാർ. മാർകോ റീയസിന്‍റെ സെൽഫ്ഗോളായിരുന്നു ഒന്ന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.