ഇന്ത്യന്‍ ടീം കണ്ട മികച്ച ക്യാപ്റ്റന്മാരിൽ ഒരാളായിരുന്നു മഹേന്ദ്ര സിങ് ധോണി. സമ്മര്‍ദമില്ലാതെ കളിച്ച് അനായാസം കളി ജയിപ്പിക്കുന്ന ബെസ്റ്റ് ഫിനിഷര്‍. ധോണി ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയുടെ വലിയ ആരാധകനാണ്. താരത്തിന്‍റെ ഫുട്ബാൾ സ്നേഹത്തെ കുറിച്ച് മുൻ പരിശീലകൻ രവി ശാസ്ത്രി മുമ്പ് വെളിപ്പെടുത്തിയിരുന്നു.
ഫുട്ബാൾ കളിക്കാൻ ഏറെ ഇഷ്ടപ്പെടുന്നു. ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിൻ എഫ്.സിയുടെ സഹഉടമസ്ഥനാണ്. താരം ഫുട്ബാൾ കളിക്കുന്നതിന്‍റെ വിഡിയോ ആരാധകർ ഏറ്റെടുത്തിരുന്നു. ഫുട്ബാളിൽനിന്ന് താരത്തെ വേർപിരിക്കുക അസാധ്യമാണ്. അതുകൊണ്ടുതന്നെ ഫുട്ബാൾ താരങ്ങളുമായി അടുത്തബന്ധമാണ് താരം കാത്തുസൂക്ഷിക്കുന്നത്. അതിനുള്ള ഏറ്റവും വലിയ തെളിവാണ് ധോണിയുടെ ഏഴു വയസ്സുള്ള മകളെ തേടിയെത്തിയ സൂപ്പർതാരം ലയണൽ മെസ്സിയുടെ സ്നേഹ സമ്മാനം.
‘സിവക്കുവേണ്ടി’ എന്നെഴുതി കൈയൊപ്പിട്ട അർജന്‍റീനൻ ദേശീയ ടീമിന്‍റെ ജഴ്സിയാണ് മെസ്സി അയച്ചുകൊടുത്തത്. ഈ ജഴ്സിയും ധരിച്ച് നിൽക്കുന്ന സിവയുടെ ചിത്രം അവരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചു. ‘അച്ഛനെപ്പോലെ, മകളെപ്പോലെ’ എന്ന കാപ്ഷനോടൊപ്പം മെസ്സിയുടെ കൈയൊപ്പിൽ സിവ വിരൽ ചൂണ്ടി നിൽക്കുന്ന ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനകം രണ്ടു ലക്ഷത്തിലധികം പേരാണ് ചിത്രം ലൈക്ക് ചെയ്തത്.
വ്യത്യസ്ത കായിക ഇനങ്ങളാണെങ്കിലും മെസ്സിയും ധോണിയും അവരുടെ രാജ്യത്തിനുവേണ്ടി ലോകകപ്പുകൾ നേടി കൊടുത്തവരാണ്. വിശ്വകിരീടം ചൂടുമ്പോൾ ഇരുവരും ടീമിന്‍റെ നായകപദവിയിലും. ധോണിയുടെ മകൾ സിവക്ക് സമൂഹമാധ്യമങ്ങളിൽ വലിയ ആരാധകരുണ്ട്. ‘അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ’ എന്നു തുടങ്ങുന്ന ഗാനം പാടി നേരത്തെ തന്നെ സിവ മലയാളികളുടെ മനസ്സിൽ ഇടംനേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.