ലോകകപ്പ് കിരീടത്തിൽ മുത്തമിട്ടയുടൻ മെസ്സിയെയും ടീമിനെയും അർജന്റീന ജനത ആദരിച്ചപ്പോൾ പറഞ്ഞ വാക്കുകളിൽ എല്ലാമുണ്ടായിരുന്നു: ‘‘ഇതോടെ എനിക്ക് എല്ലാമായി. ഇതുമാത്രമായിരുന്നു കൈതൊടാതെ നിന്നത്. ഫുട്ബാളിൽ എല്ലാം പൂർത്തിയാക്കിനൽകിയ ദൈവത്തിന് നന്ദി’.
കഴിഞ്ഞ ദിവസം ലാറ്റിൻ അമേരിക്കൻ ഫുട്ബാൾ സമിതി ലോകകപ്പ് ട്രോഫി പിടിച്ചുനിൽക്കുന്ന മെസ്സിയുടെ മുഴുകായ രൂപം ‘കോൺമെബോൽ’ മ്യൂസിയത്തിൽ പ്രതിഷ്ഠിച്ചതോടെ ഈ ആദരം പൂർത്തിയാകുകയാണ്. ബ്രസീലിന് മൂന്നുതവണ കിരീടം സമ്മാനിച്ച പെലെ, ഒരുവട്ടം അർജന്റീനയെ ലോകകിരീടത്തിലെത്തിച്ച മറഡോണ എന്നിവർക്കൊപ്പമാണ് ഇനി മെസ്സി പ്രതിമയും അണിനിരക്കുക.
നീണ്ട 36 വർഷത്തിനു ശേഷമാണ് അർജന്റീന മെസ്സിക്കരുത്തിൽ ലോകകപ്പുയർത്തിയത്. ‘‘താൻ ഇതൊരിക്കലും സ്വപ്നം കണ്ടിരുന്നില്ല. മികച്ച ഒരു പ്രഫഷനൽ ഫുട്ബാളറാകുകയെന്ന കുട്ടിക്കാല സ്വപ്നം ആസ്വദിക്കുകയെന്നത് മാത്രമായിരുന്നു മനസ്സിൽ’’- മുഴുകായ രൂപത്തിനരികെനിന്ന് താരം പറഞ്ഞു.
കിരീട നേട്ടത്തിനു ശേഷം അർജന്റീനയിൽ ദിവസങ്ങൾ നീണ്ട ആഘോഷത്തിൽ പങ്കെടുത്ത മെസ്സിക്കും കൂട്ടുകാർക്കും ലോകകപ്പ്, കോപ അമേരിക്ക എന്നിവയുടെ കുഞ്ഞുട്രോഫികളും സമ്മാനിക്കപ്പെട്ടു. അർജന്റീനയിൽ ദേശീയ ടീമിന്റെ പരിശീലന കേന്ദ്രത്തിന് മെസ്സിയുടെ പേര് നൽകുകകയും ചെയ്തിട്ടുണ്ട്.
രാജ്യത്തിനായി 99 വട്ടം വല കുലുക്കിയ മെസ്സി ചൊവ്വാഴ്ച സൗഹൃദ മത്സരത്തിൽ സ്കോർ ചെയ്താൽ 100 രാജ്യാന്തര ഗോൾ പൂർത്തിയാക്കിയ ആദ്യ അർജന്റീനക്കാരനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.