വിശ്വകിരീടത്തിന്‍റെ സുവർണ ശോഭയിൽ അർജന്‍റൈൻ ഇതിഹാസം ലയണൽ മെസ്സിക്ക് ഇന്ന് 36ാം പിറന്നാൾ. കോപ്പ അമേരിക്കയും ഫൈനലിസ്സിമയും ഒടുവിൽ ഖത്തറിൽ വിശ്വ കിരീടവും നേടി ഫുട്ബാൾ ലോകം കീഴടക്കിയ മെസ്സിയുടെ പിറന്നാളിന് ഇത്തവണ മാധുര്യമേറും.
സമാനതകളില്ലാത്ത ഡ്രിബ്ളിങ് മികവും അസാധ്യ നിമിഷങ്ങളിലെ ഗോളുകളും ടീമിനെ വിജയംതൊട്ടു നിർത്തുന്ന ഓൾറൗണ്ട് ഗെയിമുമായി ആരാധക മനസ്സുകളിൽ എന്നേ സുൽത്താൻപട്ടമുറപ്പിച്ച താരമാണ് മെസ്സി. യൂറോപിന്‍റെ കളിത്തട്ടുകൾ വിട്ട് അമേരിക്കൻ മേജർ സോക്കർ ലീഗിലേക്ക് ചേക്കാറാനിരിക്കെയാണ് താരത്തിന്‍റെ പിറന്നാൾ. ഫ്രഞ്ച് ക്ലബ് പി.എസ്.ജിയുമായുള്ള ബന്ധം അവസാനിപ്പിച്ച് ഇന്‍റർ മിയാമി ക്ലബിലേക്കാണ് താരം ഇനി പോകുന്നത്.
2021ൽ അർജന്‍റീനക്കായി കോപ്പ അമേരിക്ക കിരീടം നേടികൊടുത്ത മെസ്സിയുടെ നായകമികവിലാണ് കഴിഞ്ഞവർഷം ഫൈനലിസിമ, ലോകകപ്പ് എന്നിവയും നേടിയത്. നീണ്ട 36 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് അർജന്‍റീന വീണ്ടും ലോക ഫുട്ബാളിലെ വിശ്വ കിരീടത്തിൽ മുത്തമിടുന്നത്. ഖത്തറിൽ മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ പുരസ്കാരവും മെസ്സിക്കായിരുന്നു. കഴിഞ്ഞവർഷത്തെ ഏറ്റവും മികച്ച ഫുട്ബാളർക്കുള്ള ഫിഫ ദി ബെസ്റ്റ് പുരസ്കാരത്തിനും മെസ്സി അർഹനായി.
രണ്ടു പതിറ്റാണ്ടു നീണ്ട കരിയറിനിടെ എണ്ണമറ്റ നേട്ടങ്ങളും റെക്കോഡുകളും നെഞ്ചോടു ചേർത്ത മെസ്സി, ഇനിയൊരു ലോകകപ്പിന് ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ ഏഴ് ബാലൺ ഡി ഓർ പുരസ്കാരം കൈവശമുള്ള മെസ്സിയാണ് ഏറ്റവും തവണ ഈ പുരസ്കാരം നേടിയ ഫുട്ബാളറും. ഇത്തവണയും മെസ്സിക്ക് തന്നെയാണ് കൂടുതൽ സാധ്യത കൽപിക്കപ്പെടുന്നത്. ബാഴ്സലോണയുടെ കുട്ടിക്കൂട്ടങ്ങളെ കാൽപന്തു ലോകത്തേക്ക് വഴി നടത്തിയ ലാ മാസി അക്കാദമിയിൽ തുടങ്ങി 17ാം വയസ്സിലാണ് സീനിയർ ടീമിന്റെ ഭാഗമായത്.
നീണ്ട കാലം ജഴ്സിയണിഞ്ഞ ബാഴ്സലോണയാകട്ടെ, മെസ്സിക്കൊപ്പം ഷെൽഫിലെത്തിക്കാത്ത നേട്ടങ്ങളില്ല. 2009ൽ ആദ്യമായി ഏറ്റവും മികച്ച ഫുട്ബാളർക്കുള്ള ബാലൺ ഡി ഓർ സമ്മാനിക്കപ്പെട്ട ശേഷം ശേഷം 2010, 2011, 2012 വർഷങ്ങളിലായി തുടർച്ചയായ മൂന്നു തവണ കൂടി നേടി. സുവാരസിനും നെയ്മർക്കുമൊപ്പം എം.എസ്.എൻ ത്രയം നിറഞ്ഞുനിന്ന സുവർണ കാലത്ത് ബാഴ്സ ലോകം ഇമ വെട്ടാതെ കൺപാർക്കുന്ന ടീമായി. 2015ൽ പിന്നെയും ബാലൺ ഡി ഓർ നേടിയ ശേഷം 2019, 2012 വർഷങ്ങളിലും പുരസ്കാരം സ്വന്തമാക്കി റെക്കോഡിട്ടു.
ബാഴ്സക്കായി നേടിയത് റെക്കോഡ് ഗോളുകൾ. അതുവഴി സ്പാനിഷ് ലീഗുകളിലെ സമാനതകളില്ലാത്ത ടോപ് സ്കോറർ. 103 ഗോളുകളുമായി അർജന്‍റീനയുടെ എക്കാലത്തെയും ടോപ് സ്കോറർ. ഏറെ കാലം പന്തുതട്ടിയ ബാഴ്സവിട്ട് രണ്ടു വർഷം മുമ്പാണ് താരം പി.എസ്.ജിയിലേക്ക് പോകുന്നത്. എന്നാൽ, ഫ്രഞ്ച് ക്ലബിൽ കാര്യങ്ങൾ താരത്തിന് അത്ര ശുഭകരമായിരുന്നില്ല. ഇനി പന്തുതട്ടുന്നത് അമേരിക്കൽ ലീഗിൽ. കളി മികവും പ്രതിഭയുമായി ഇനിയുമേറെ വർഷങ്ങൾ ഫുട്ബാൾ മൈതാനങ്ങളെ ത്രസിപ്പിച്ച് നടക്കാൻ താരത്തിന് കഴിയട്ടെയെന്ന പ്രാർഥനയിലാണ് ആരാധകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.