ഫ്ലോറിഡ: ഇതിഹാസ താരം ലയണല്‍ മെസ്സിയുടെ കാലുകൾ ഇനി പിങ്ക് ജഴ്സിയിൽ അത്ഭുതങ്ങൾ കാട്ടും. സൂപ്പർതാരം അമേരിക്കൻ മേജര്‍ ലീഗ് സോക്കര്‍ ക്ലബായ ഇന്റര്‍ മയാമിക്കു സ്വന്തമായി. ക്ലബിന്‍റെ പുതിയ താരമായി മെസ്സിയെ അവതരിപ്പിച്ചു.
ആരാധക ആവേശം വാനോളമെത്തിയ രാവിലാണ് മെസ്സി, ഇന്‍റർ മയാമിയുടെ പിങ്ക് നിറത്തിലുള്ള ജഴ്സി മുൻ ഇംഗ്ലീഷ് താരം ഡേവിഡ് ബെക്കാം ഉൾപ്പെടെയുള്ള ക്ലബ് ഉടമകളിൽനിന്ന് ഏറ്റുവാങ്ങിയത്. താരത്തിന്‍റെ ഇഷ്ടനമ്പറായ പത്താം നമ്പറാണ് താരത്തിന് സമ്മാനിച്ചത്.
ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30നായിരുന്നു ചടങ്ങ്. ഹോം ഗ്രൗണ്ടായ ഫ്ലോറിഡയിലെ ഡി.ആര്‍.വി പി.എന്‍.കെ സ്റ്റേഡിയത്തില്‍ ആയിരക്കണക്കിന് ആരാധകർക്കു മുന്നിലാണ് മെസ്സിയെ അവതരിപ്പിച്ചത്. ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ക്ലബിന്‍റെ പത്താം നമ്പർ പിങ്ക് ജഴ്സി ധരിച്ചു നിൽക്കുന്ന മെസ്സിയുടെ ചിത്രവും വിഡിയോയും ക്ലബ് ഔദ്യോഗികമായി അവരുടെ സമൂഹമാധ്യമങ്ങളിൽ നേരത്തെ പങ്കുവെച്ചിരുന്നു.
21ന് മെക്സിക്കൻ ക്ലബ് ക്രൂസ് അസൂളുമായി ലീഗ്സ് കപ്പ് മത്സരത്തിൽ മെസ്സി ഇന്റർ മയാമിക്കു വേണ്ടി അരങ്ങേറ്റം കുറിക്കും. രണ്ടര വർഷത്തേക്കാണ് മെസ്സി ക്ലബുമായി കരാറിലെത്തിയത്. കരാറിന്‍റെ വിവരങ്ങളൊന്നും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഏകദേശം ആറു കോടി യു.എസ് ഡോളർ (492 കോടി രൂപ) ആയിരിക്കും വാർഷിക പ്രതിഫലമെന്നാണ് സൂചന.
മയാമിയിൽ വന്നതിൽ ഞാൻ വളരെ സന്തോഷവാനാണെന്ന് മെസ്സി സ്പാനിഷിൽ ആരാധകരോട് പ്രതികരിച്ചു. ‘നിങ്ങൾ എനിക്ക് നൽകിയ സ്നേഹത്തിന് നന്ദി പറയാൻ ആഗ്രഹിക്കുന്നു. ഇത് വളരെ വേഗത്തിൽ സംഭവിച്ചു ... പരിശീലിക്കാനും മത്സരിക്കാനുമുള്ള ആകാംക്ഷയിലാണ്. വിജയിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. നമുക്ക് ഒരു മികച്ച അനുഭവം ലഭിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്’ -താരം പ്രതികരിച്ചു.
മേജർ ലീഗ് സോക്കറിൽ തുടർച്ചയായി 11 മത്സരങ്ങളിൽ ജയിക്കാനാവാതെ പോയന്റ് പട്ടികയിൽ താഴെ കിടക്കുന്ന ടീമാണ് ഇന്റർ മിയാമി. മെസ്സിയുടെ വരവ് ടീമിനെ ഉയിർത്തെഴുന്നേല്പിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.