അറ്റ്ലാന്റ: കോപ അമേരിക്കയിൽ കാനഡക്കെതിരായ മത്സരത്തിൽ അർജന്റീനയെ ജയത്തിലേക്ക് നയിച്ച ക്യാപ്റ്റൻ ലയണൽ മെസ്സിയെ തേടിയെത്തി പുതിയ റെക്കോഡ്. ടൂർണമെന്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരം കളിച്ച താരമെന്ന നേട്ടമാണ് എട്ട് തവണ ബാലൺ ഡി ഓർ ജേതാവായ അർജന്റീന സൂപ്പർ താരം സ്വന്തമാക്കിയത്. കോപയിലെ 35 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ താരം 34 മത്സരങ്ങളിൽ ഇറങ്ങിയ ചിലിയൻ ഗോൾകീപ്പർ സെർജിയോ ലിവിങ്സ്റ്റണിന്റെ റെക്കോഡാണ് മറികടന്നത്. 1942 മുതൽ 1953 വരെയാണ് അദ്ദേഹം കോപയിൽ ഇറങ്ങിയത്. 2021ലെ കോപ അമേരിക്ക ഫൈനലിൽ ബ്രസീലിനെ തോൽപിച്ച് അർജന്റീന കിരീടമുയർത്തുമ്പോൾ സെർജിയോയുടെ റെക്കോഡിനൊപ്പമെത്തിയിരുന്നു മെസ്സി.
2007ൽ വെനിസ്വലേയിൽ നടന്ന ടൂർണമെന്റിൽ ആദ്യമായി ഇറങ്ങിയ മെസ്സി ഇതുവരെ ഏഴ് കോപ അമേരിക്ക ടൂർണമെന്റിൽ പങ്കാളിയായിട്ടുണ്ട്. ഇത്തവണ വേറെയും റെക്കോഡുകൾ മെസ്സിയെ കാത്തിരിക്കുന്നുണ്ട്. നാല് ഗോൾ കൂടി നേടിയാൽ അർജന്റീനക്കാരൻ നോർബട്ടോ മെൻഡസിന്റെയും ബ്രസീലിന്റെ സിസീഞ്ഞോയുടെയും റെക്കോഡിനൊപ്പം അർജന്റീന നായകന് ഇടം പിടിക്കാം. ഇരുവരും 17 ഗോളുകൾ വീതമാണ് നേടിയത്.
കോപ അമേരിക്ക ഉദ്ഘാടന മത്സരത്തിൽ കാനഡയുടെ കടുത്ത ചെറുത്തുനിൽപിനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് അർജന്റീന തച്ചുടച്ചത്. 49ാം മിനിറ്റിൽ ഹൂലിയൻ ആൽവാരെസിലൂടെ മുന്നിലെത്തിയ നിലവിലെ ചാമ്പ്യന്മാർക്കുവേണ്ടി 88ാം മിനിറ്റിൽ ലൗതാറോ മാർട്ടിനെസിന്റെ ബൂട്ടിൽനിന്നായിരുന്നു രണ്ടാം ഗോൾ. രണ്ടു ഗോളുകൾക്കും ചരടുവലിച്ചത് മെസ്സിയായിരുന്നു. മത്സരത്തിൽ പക്ഷേ, ഉറച്ച രണ്ട് ഗോളവസരങ്ങൾ താരത്തിന് വലയിലെത്തിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.