മെസ്സി ടീം വിടുന്നതോടെ ബാഴ്​സക്ക് നഷ്​ടമാകുന്നത്​​ കോടികളുടെ വരുമാനം

മഡ്രിഡ്​: സൂപ്പർ താരം ലയണൽ മെസ്സി ടീം വിടുന്നതോടെ സ്​പാനിഷ്​ ഫുട്​ബാൾ ക്ലബായ ബാഴ്​സലോണയെ കാത്തിരിക്കുന്നത്​ വമ്പൻ വരുമാനത്തകർച്ച. കൺസൽട്ടിങ്​ സ്​ഥാനപനമായ ബ്രാൻഡ്​ ഫിനാൻസാണ്​ ബാഴ്​സക്ക്​ 137 ദശലക്ഷം ​യൂറോയുടെ (ഏകദേശം 1195 കോടിരൂപ) നഷ്​ടമുണ്ടാകുമെന്ന്​ വ്യക്തമാക്കിയത്​.

സ്​പോൺസർഷിപ്പ്​ ഇനത്തിൽ ബാഴ്​സക്ക്​ 77 ദശലക്ഷം യൂറോ നഷ്​ടമാകു​േമ്പാൾ ജഴ്​സിയടക്കമുള്ള സ്​പോർട്​സ്​ ഉൽപന്നങ്ങളുടെ വിൽപനയിൽ നിന്നുള്ള 43 ദശലക്ഷം യൂറോയുടെ വരുമാനവും നഷ്​ടപ്പെടും.

മെസ്സി അഞ്ചുവര്‍ഷം കൂടി കാറ്റലൻ ക്ലബിൽ പന്തുതട്ടുമെന്നായിരുന്നു നേരത്തെ സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത്​. ബാഴ്​സയിൽ തുടരാൻ മെസ്സി പ്രതിഫലത്തുക പകുതിയായി കുറച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. കോവിഡ് പ്രതിസന്ധികാരണം സ്പാനിഷ് ക്ലബുകളുടെ വരുമാനത്തില്‍ കുറവ് വന്നിരുന്നു. ലാ ലിഗയുടെ നിയമമനുസരിച്ച് ക്ലബിന്‍റെ വാര്‍ഷിക വരുമാനത്തിന്‍റെ 70 ശതമാനം മാത്രമാണ് താരങ്ങള്‍ക്ക് പ്രതിഫലമായി നല്‍കാന്‍ കഴിയുക. ക്ലബും മെസ്സിയും പുതിയ കരാറിലൊപ്പിടാൻ ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ ശമ്പളം മാത്രം വരുമാനത്തിന്‍റെ 110 ശതമാനം വരുമെന്നും​ പ്രസിഡന്‍റ്​ ലപോർട്ട വ്യക്തമാക്കിയിരുന്നു. ഇൗ ചട്ടമാണ്​ മെസ്സിയെ ബാഴ്​സയിൽ തുടരാൻ അനുവദിക്കാതിരുന്നത്​.

ടിക്കറ്റ്​ വിൽപനയിലൂടെയും പ്രൈസ്​മണിയിലൂടെയുമുള്ള വരുമാനത്തിലും മെസ്സിയുടെ അഭാവം നിഴലിക്കും. ബ്രാൻഡ്​ മൂല്യത്തിന്‍റെ കാര്യത്തിൽ റയൽ മഡ്രിഡിന്​ തൊട്ടുപിറകിൽ ലോകത്ത്​ രണ്ടാമതാണ്​ ബാഴ്​സലോണ (1266 ദശലക്ഷം യൂറോ). മെസ്സി ടീം വിടുന്നതോടെ ബാഴ്​സയുടെ ബ്രാൻഡ്​ മൂല്യത്തിൽ 11 ശതമാനമാണ്​ ഇടിവ്​ സംഭവിക്കുക.

'ബാഴ്സലോണയിലെ മെസ്സിയുടെ സാന്നിധ്യം ആരാധകർ, സീസൺ ടിക്കറ്റ് ഉടമകൾ, മികച്ച കളിക്കാർ, ഡയറക്ടർമാർ, വാണിജ്യ കരാറുകാർ എന്നിവരെ ആകർഷിക്കാനും ട്രോഫികൾ നേടാനും ക്ലബിനെ സഹായിച്ചിരുന്നു. അദ്ദേഹം പോകുന്നതോടെ ക്ലബിന്‍റെ ബ്രാൻഡ് മൂല്യം കുത്തനെ കുറയുന്നു'-ബ്രാൻഡ്​ ഫിനാൻസ്​ സ്​പെയിനിന്‍റെ ജനറൽ ഡയറക്​ടറായ തെരേസ ഡി ലിമസ്​ പറഞ്ഞു.

ഫുട്​ബാളിൽ പിച്ചവെച്ചുതുടങ്ങിയ അന്ന​ുതൊട്ട് മെസ്സി​ ജഴ്​സി അണിഞ്ഞ ക്ലബാണ്​ ബാഴ്​സലോണ. ടീമിന്‍റെ വലിയ വിജയങ്ങളിൽ പലതിന്‍റെയും ശിൽപിയും അമരക്കാരനുമായി. 2003 മുതൽ സീനിയർ ടീമിൽ ഇടംപിടിച്ച 34 കാരൻ 778 മത്സരങ്ങളിൽ 672 ഗോളുകൾ നേടിയിട്ടുണ്ട്​.

കഴിഞ്ഞ സീസണോടെ ക്ലബിലെ പ്രശ്​നങ്ങളെ തുടർന്ന്​ ടീം വിടാൻ മെസ്സി ഒരുങ്ങിയിരുന്നുവെങ്കിലും ട്രാൻസ്​ഫർ വ്യവസ്​ഥകളിൽ കുരുങ്ങി. താരം ഫ്രഞ്ച്​ ക്ലബായ പി.എസ്​.ജിയിലെത്തുമെന്ന അഭ്യൂഹം ശക്തമാണ്​. പാരിസിലെ ലെ ബോർ​െഗറ്റ്​ എയർപോർട്ടിൽ മെസ്സി വരുന്നുവെന്ന അഭ്യൂഹം കേട്ട്​ ആരാധകർ തടിച്ചുകൂടിയിരുന്നു.

പി.എസ്​.ജിയുടെ ഹോം ഗ്രൗണ്ടിന്​ മുന്നിലും ആരാധകർ എത്തിച്ചേർന്നു​. അതേ സമയം താരം ബാഴ്​സലോണ നഗരം വിട്ടിട്ടില്ലെന്ന്​ സ്​പാനിഷ്​ മാധ്യമമായ മാർക്ക റിപ്പോർട്ട്​ ചെയ്യുന്നു. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ താരം എത്തിച്ചേർന്നേക്കുമെന്നും വിവരമുണ്ട്​.

Tags:    
News Summary - Lionel Messi’s departure could cost Barcelona up to €137 million revenue lost

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.