‘അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ല’; മെസ്സി സൗദിയിലേക്കെന്ന വാർത്ത നിഷേധിച്ച് പിതാവ്

റിയാദ്: ഇതിഹാസ ഫുട്ബാളർ ലയണൽ മെസ്സി അടുത്ത സീസണിൽ സൗദി പ്രോ ലീഗിൽ കളിക്കുമെന്നും പ്രമുഖ ക്ലബുമായി താരം റെക്കോഡ് തുകക്ക് കരാറിലെത്തിയെന്നും വാർത്ത ഏജൻസിയായ എ.എഫ്.പി. എന്നാൽ, നിലവിൽ അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ലെന്ന് വ്യക്തമാക്കി പിതാവ് ഹോർഹെ മെസ്സിയും രംഗത്തെത്തി. ഏത് ക്ലബിലേക്കെന്ന് വെളിപ്പെടുത്താതെ താരത്തെ സൗദിയിലെത്തിക്കുകയെന്നത് രാജ്യത്തിന്റെ കൂടി താൽപര്യമാണെന്നായിരുന്നു ‘വിശ്വസനീയ കേന്ദ്രങ്ങളെ’ ഉദ്ധരിച്ച് വാർത്ത ഏജൻസി പുറത്തുവിട്ട വാർത്ത.

സൗദി‍യുടെ ടൂറിസം അംബാസഡറാണ് മെസ്സി. ക്രിസ്റ്റ്യാനോ റൊണാൾഡോക്കു പുറമെ അർജന്റൈൻ നായകനും പ്രോ ലീഗിൽ കളിക്കുന്നത് രാജ്യത്തിന് ദീർഘകാലാടിസ്ഥാനത്തിൽ ഗുണം ചെയ്യുമെന്നാണ് ഇവരുടെ പ്രതീക്ഷ. അതേസമയം, ഹോർഹെയുടെ വിശദീകരണം ഇങ്ങനെ: ‘‘ അടുത്ത വർഷത്തേക്ക് ഒരു ക്ലബുമായും ധാരണയില്ല. ലയണൽ പി.എസ്.ജിയുമായുള്ള ലീഗ് അവസാനിപ്പിക്കുന്നതിനുമുമ്പ് ഒരിക്കലും തീരുമാനമെടുക്കില്ല. സീസൺ അവസാനിച്ചുകഴിഞ്ഞാൽ, ഇനി എന്താണെന്ന് വിശകലനം ചെയ്യാനും പിന്നീട് ഒരു തീരുമാനമെടുക്കാനുമുള്ള സമയമാകും. എല്ലായ്‌പ്പോഴും പരക്കുന്നത് കിംവദന്തികളാണ്. പലരും കുപ്രസിദ്ധി നേടുന്നതിന് ലയണലിന്റെ പേര് ഉപയോഗിക്കുന്നു. പക്ഷേ സത്യം ഒന്നു മാത്രമാണ്, ആരുമായും ഒന്നുമുണ്ടായില്ലെന്ന് ഉറപ്പിച്ചുപറയുന്നു.’’

സ്പെയിനിൽനിന്ന് ബാഴ്സലോണ വിട്ട് 2021ൽ ഫ്രാൻസിലെ പി.എസ്.ജിയിലെത്തിയ മെസ്സി സീസണിനൊടുവിൽ ക്ലബ് വിടുമെന്ന് നേരത്തേ സൂചനയുണ്ടായിരുന്നു. ഇതോടെ, അൽ ഹിലാൽ ക്ലബ് മെസ്സിയെ സൗദിയിലെത്തിക്കാൻ ശ്രമം ഊർജിതമാക്കിയതായും വാർത്തകൾ വന്നു. അടുത്തിടെ ക്ലബിന്റെ അനുമതിയില്ലാതെ സൗദിയാത്ര നടത്തിയതിന് മെസ്സി രണ്ടാഴ്ചത്തെ സസ്പെൻഷനിലാണ്. ഇതോടെ, താരവും ക്ലബും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായി. ജൂൺ വരെയാണ് പി.എസ്.ജിയുമായി മെസ്സിക്ക് കരാറുള്ളത്. മോശം പ്രകടനത്തെ തുടർന്ന് ആരാധകരും മെസ്സിക്കെതിരെ പരസ്യപ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.

മുൻ തട്ടകമായ ബാഴ്‌സലോണയിലേക്ക് താരം മടങ്ങിപ്പോകുമെന്നും അഭ്യൂഹമുയർന്നു. ഇതിനിടെയാണ് താരവുമായി സൗദി ക്ലബ് കരാറിലെത്തിയെന്ന റിപ്പോർട്ട് പുറത്തുവരുന്നതും പിതാവ് നിഷേധിക്കുന്നതും. മെസ്സിയും ബാഴ്‌സ താരങ്ങളായ സെർജി ബുസ്‌ക്വെറ്റ്‌സ്, ജോർഡി ആൽബ എന്നിവരും അൽ ഹിലാലിലെത്തുമെന്ന് കഴിഞ്ഞ ദിവസം സ്പാനിഷ് മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു.

Tags:    
News Summary - Lionel Messi's Father Rejects Rumors of Saudi Arabia Transfer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.