മിയാമി: മേജർ സോക്കർ ലീഗിൽ ഇൻറർ മിയാമിയിലേക്ക് അവതരിക്കാനിരിക്കുന്ന ലയണൽ മെസ്സിയെ വരവേൽക്കാനൊരുങ്ങി ആരാധകർ. ചൊവ്വാഴ്ച സ്വകാര്യ വിമാനത്തിൽ കുടുംബസമേതം ഫ്ലോറിഡയിലെത്തിയ മെസ്സിയെ നാളെ ഇന്റർ മിയാമി ക്ലബ് ആരാധകർക്ക് മുന്നിൽ അവതരിപ്പിക്കും. ക്ലബിന്റെ ഉടമകളിലൊരാളായ ഡേവിഡ് ബെക്കാമും ചടങ്ങിനെത്തിയേക്കും. ബുധനാഴ്ച ടീമിന്റെ പരിശീലന ഗ്രൗണ്ട് മെസ്സി സന്ദർശിച്ചിരുന്നു. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ മെസ്സി പരിശീലനത്തിനിറങ്ങും. മെക്സിക്കൻ ടീം ക്രസ് അസുലുമായി ഈമാസം 21നാണ് സൂപ്പർ താരത്തിന്റെ ആദ്യ മത്സരം. 329 ഡോളറാണ് (ഏകദേശം 27000 രൂപ) ഈ മത്സരത്തിനുള്ള ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക്. നേരത്തേ ഇത് 29 ഡോളർ (ഏകദേശം 2300 രൂപ) മാത്രമായിരുന്നു.
ന്യൂയോർക്ക് റെഡ് ബുൾസിനെതിരായ മത്സരത്തിലെ ടിക്കറ്റ് നിരക്ക് 1236 ശതമാനമായാണ് മെസ്സിയുടെ ടീമിലേക്കുള്ള വരവിന് ശേഷം കൂടിയത്. ഡി.ആർ.വി പി.എൻ.കെ സ്റ്റേഡിയത്തിൽ കൂടുതൽ കാണികളെ ഉൾക്കൊള്ളിക്കാനുള്ള നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. നിലവിൽ ഈസ്റ്റേൺ കോൺഫറൻസ് ലീഗിൽ 21 കളികളിൽ അഞ്ച് ജയം മാത്രമാണ് ഇൻറർ മിയാമിക്കുള്ളത്. ബാഴ്സലോണയിലെ കളിക്കൂട്ടുകാരനും അടുത്ത സുഹൃത്തുമായ സെർജിയോ ബുസ്കറ്റ്സിനെയും മെസ്സി ഇന്റർമിയാമിയിലെത്തിച്ചിട്ടുണ്ട്. മറ്റൊരു ബാഴ്സ താരമായിരുന്ന ജോർഡി ആൽബയും അമേരിക്കൻ ടീമിലെത്തിയേക്കും.
മിയാമിയിൽ എവിടെ തിരിഞ്ഞാലും അർജന്റീനിയൻ ഫുട്ബാൾ ഇതിഹാസത്തിന്റെ വരവ് ഓർമപ്പെടുത്തുന്ന ദൃശ്യങ്ങളാണ്. വലിയ ചുമർചിത്രങ്ങൾ മുതൽ മെസ്സി സ്പെഷൽ ഹാംബർഗർ വരെയുണ്ട്. മെസ്സി ചിക്കൻ സാൻഡ്വിച്ചും മിയാമിയിൽ ഹിറ്റായി തുടങ്ങി. മെസ്സിയുടെ ‘എൻട്രി’ അമേരിക്കയിലും സൗത്ത് ഫ്ലോറിഡയിലും ഫുട്ബാളിന് ഊർജമേകുമെന്നാണ് പ്രതീക്ഷ.
എന്നാൽ 36ാം വയസ്സിൽ മെസ്സി കരിയറിന്റെ അവസാനത്തിലേക്ക് അടുക്കുകയാണെന്ന സങ്കടവും ആരാധകർക്കുണ്ട്. മിയാമിയിൽ ഒരു ലക്ഷത്തിലധികം അർജന്റീനക്കാർ താമസിക്കുന്നുണ്ട്. മറ്റ് ലാറ്റിൻ അമേരിക്കൻ രാജ്യക്കാർ വേറെയും. ഡീഗോ മറഡോണയെ താൻ ആരാധിച്ചതുപോലെ തന്റെ മക്കൾക്ക് മെസ്സിയെ അനുഭവിക്കാൻ കഴിയുമെന്നത് ഏറെ ആഹ്ലാദകരമാണെന്ന് ഫിയോറിറ്റോ റസ്റ്റാറന്റിന്റെ ഉടമകളിലൊരാളായ മാക്സിമിലിയാനോ അൽവാരസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.