ലണ്ടൻ: കഴിഞ്ഞ തവണ അതിവേഗം ബഹുദൂരം കിരീടം കൈപിടിയിലൊതുക്കിയ പ്രിമിയർ ലീഗിൽ ദുരന്തപർവം തുടരുേമ്പാഴും ചാമ്പ്യൻസ് ലീഗിൽ കരുത്തരെ കടന്ന് ക്വാർട്ടർ ഉറപ്പിച്ച് േക്ലാപിന്‍റെ കുട്ടികൾ. ആദ്യ പാദത്തിൽ കുറിച്ച അതേ സ്കോർ രണ്ടാം പാദത്തിലും ആവർത്തിച്ചാണ് ഏകപക്ഷീയമായ നാലു ഗോൾ ജയവുമായി ലിവർപൂൾ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ ജയം രാജകീയമാക്കിയത്.
അടുത്തിടെ പഴയ ഫോമിന്‍റെ നിഴലായി മാറിയ മുഹമ്മദ് സലാഹും സാദിയോ മാനേയും ഗോളുമായി തിരികെയെത്തിയതായിരുന്നു ലീപ്സിഷിനെതിരായ രണ്ടാം പാദ മത്സരത്തിന്‍റെ പ്രധാന സവിശേഷത.
വിർജിൽ വാൻ ഡൈകും ജോ ഗോമസും പരിക്കിൽ വലഞ്ഞ് പുറത്തിരിക്കുന്നതിന്‍റെ ക്ഷീണം തീർത്ത് മധ്യനിരയിൽ 27കാരനായ ഫബീഞ്ഞോ മാസ്മരിക പ്രകടനം നടത്തിയപ്പോൾ മുന്നിലും പിന്നിലും ദൗർബല്യങ്ങളുടെ വാതിലടച്ച് ലിവർപൂൾ പഴയ തമ്പുരാക്കന്മാരായി. രണ്ടാം പകുതിയിൽ അഞ്ചുമിനിറ്റിന്‍റെ വ്യത്യാസത്തിലായിരുന്നു ആദ്യം സലാഹും (70ാം മിനിറ്റ്) പിന്നെ മാനെയും (74) ചെമ്പടയെ കാത്ത ഗോളുകൾ കണ്ടെത്തിയത്. ജയത്തോടെ മൂന്നു സീസണിനിടെ രണ്ടാം യൂറോപ്യൻ ചാമ്പ്യൻപട്ടമെന്ന സ്വപ്ന നേട്ടവും ലിവർപൂളിന് എത്തിപ്പിടിക്കാമെന്നായി.
ആദ്യ 70 മിനിറ്റും ഗോളിനു മുന്നിൽ മാത്രം പരാജയമായ ലിവർപൂൾ മുന്നേറ്റം അവസാനം താളം കണ്ടെത്തിയതോടെയായിരുന്നു തുടരെ ഗോളുകളെത്തിയത്. ജോട്ട നൽകിയ ക്രോസ് സലാഹിനും ഒറിഗിയുടെത് മാനേക്കും ഗോളിലേക്ക് വഴിയൊരുക്കി.
അവസാന എട്ടിൽ ലിവർപൂളിന്‍റെ എതിരാളിയെ മാർച്ച് 19ന് വെള്ളിയാഴ്ച നടക്കുന്ന നറുക്കെടുപ്പിൽ അറിയാം.
മറ്റു മത്സരങ്ങളിൽ സൂപർ താരങ്ങൾ നയിക്കുന്ന ബാഴ്സലോണയും യുവന്‍റസും ക്വാർട്ടർ കാണാതെ പുറത്തുപോയിരുന്നു.
ഇന്നലെ ജയത്തോടെ പ്രിമിയർ ലീഗിൽ അവസാന നിമിഷ തിരിച്ചുവരവെന്ന ലിവർപൂൾ പ്രതീക്ഷകൾക്ക് വീണ്ടും ചിറകുവെച്ചിട്ടുണ്ട്. സ്വന്തം കളിമുറ്റമായ ആൻഫീൽഡിൽ ആറുവട്ടം തോറ്റ ലിവർപൂളിന് ഇനിയുള്ള എല്ലാ കളികളും ജയിക്കാനായാൽ നിലവിലെ എട്ടാം സ്ഥാനത്തുനിന്ന് നാലാമതെത്താൻ കഴിഞ്ഞേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.