മഡ്രിഡ്: അടർത്തിമാറ്റുന്ന വേദനയോടെയായിരുന്നു ആ യാത്രപറച്ചിൽ. ഇഷ്ട ഇടം വിട്ടുപോകാൻ നിർബന്ധിക്കുന്നപോലെ ബാഴ്സലോണയോട് യാത്രപറഞ്ഞ് ലൂയി സുവാരസ് പടിയിറങ്ങി. ഇനി സ്പെയിനിൽ അത്ലറ്റികോ മഡ്രിഡിനൊപ്പമുണ്ടെങ്കിലും അതൊരിക്കലും കഴിഞ്ഞ ആറു വർഷം പോലെയായിരിക്കില്ലെന്ന വേദനയിലാണ് ബാഴ്സലോണയുടെ ഉറുഗ്വായ് താരം.
അപ്രതീക്ഷിതമായ കൂടുമാറ്റത്തിെൻറ ഞെട്ടലിലായിരുന്ന സുവാരസ് കഴിഞ്ഞദിവസം നൂകാംപിലെത്തി സഹതാരങ്ങളോട് യാത്ര പറഞ്ഞിരുന്നു. പിന്നാലെയാണ് ട്രാൻസ്ഫർ വാർത്ത ബാഴ്സലോണ പുറത്തുവിട്ടത്. ആറു സീസണിലായി കറ്റാലൻമാരുടെ മുൻനിരയിൽ രണ്ടാമനായിരുന്ന താരം 13 കിരീടവുമായാണ് ക്ലബ് വിടുന്നത്. ഇക്കാലത്തിനിടെ 283 മത്സരങ്ങളിൽനിന്ന് 198 ഗോളും 109 അസിസ്റ്റും സ്വന്തം പേരിലാക്കി. ബാഴ്സ ഗോൾവേട്ടക്കാരിൽ ലയണൽ മെസ്സിക്കും (634), സെസാർ റോഡ്രിഗസിനും (232) പിന്നിൽ മൂന്നാമതാണ് സുവാരസ്. 60 ലക്ഷം യൂറോ (51 കോടി രൂപ)ക്കാണ് ട്രാൻസ്ഫർ.
വ്യാഴാഴ്ച ബാഴ്സലോണ പ്രസിഡൻറ് ജോസഫ് ബർത്യോമോവിനൊപ്പം മാധ്യമങ്ങളെ കണ്ട ബാഴ്സ താരം കണ്ണീരോടെയാണ് സംസാരം തുടർന്നത്.''ഇൗ വിടവാങ്ങൽ കഠിനമാണ്. ഞാൻ ഒട്ടും തയാറെടുത്തിരുന്നില്ല. ഒരു പിഴവിനെ തുടർന്ന് പഴയക്ലബ് വിടേണ്ടിവന്നപ്പോൾ എന്നിൽ വിശ്വാസമർപ്പിച്ച ബാഴ്സയോട് നന്ദിയുണ്ട്. ഒരു സുവർണയുഗത്തിൽ ടീമിനൊപ്പം പങ്കാളിയായതിൽ അഭിമാനമുണ്ട്. ഇപ്പോൾ ക്ലബ് മാറ്റം ആഗ്രഹിക്കുന്നു. അതിൽ എനിക്ക് ഇടമില്ലെന്നും മനസ്സിലാക്കുന്നു'' -സുവാരസ് പറഞ്ഞു.
ലയണൽ മെസ്സിയുമായുള്ള കൂട്ടിനെ കുറിച്ചും സുവാരസ് പറഞ്ഞു. ''ഞാൻ എന്ത് ചിന്തിക്കുന്നുവെന്ന് ലിയോയും ലിയോ ചിന്തിക്കുന്നത് ഞാനും അറിഞ്ഞിരുന്നു. എതിർ ടീമിലേക്ക് ഞാൻ പോകുേമ്പാൾ ലിയോക്ക് പരിഭ്രമമുണ്ട്. എങ്കിലും ഞങ്ങളുടെ ബന്ധത്തെ അത് ബാധിക്കില്ല. ഏറെ ആകാംക്ഷയോടെയാണ് അത്ലറ്റികോയിൽ ചേരുന്നത്. ബാഴ്സലോണക്കെതിരെ കളിക്കുന്നതിനെ കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ല. ഇപ്പോഴും അത് പൂർണമായും ഉൾകൊള്ളാനായിട്ടില്ല'' -സുവാരസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.