മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബാളിലെ ഗ്രൂപ് റൗണ്ട് മത്സരങ്ങൾ തിങ്കളാഴ്ച അവസാനിക്കുമ്പോൾ ആറ് ടീമുകൾ മടങ്ങാനുള്ള ഒരുക്കത്തിലാണ്. കേരളത്തിന്‍റെ ആതിഥ്യം ആവോളം നുകർന്നാണ് അവർ നാട്ടിലേക്ക് തിരിക്കുന്നത്. പത്ത് ദിവസത്തിലധികമായി മഞ്ചേരിയിലും മലപ്പുറത്തും തിരൂരങ്ങാടി തലപ്പാറയിലുമൊക്കെയായി കഴിയുന്ന താരങ്ങൾ മുഹബ്ബത്തിന്‍റെ സുലൈമാനിയും കുടിച്ച് നിറഞ്ഞ മനസ്സോടെയാവും ഈ മണ്ണ് വിടുക. വിവിധ ടീമുകളുടെ തീന്മേശ വർത്തമാനങ്ങൾ.
പാലും പഴവും കൈകളിലേന്തി സർദാർജിമാർ
ഭക്ഷണകാര്യത്തിൽ അച്ചടക്കമാണ് പഞ്ചാബ് ടീമിന്‍റെ മെയിൻ. ഉച്ചക്ക് രണ്ടിനാണ് ഭക്ഷണമെങ്കിൽ പത്ത് മിനിറ്റ് മുമ്പുതന്നെ അവരെത്തും. പഞ്ചാബി ഭക്ഷണത്തിന് പുറമെ കേരളത്തിലെ ബിരിയാണിയും വേണം. കൊറിക്കാൻ ചിപ്സും ഹൽവയും. കൂടുതൽപേർക്കും ചിക്കൻ ബിരിയാണിയാണ് ഇഷ്ടമെങ്കിൽ ബീഫ് വേണ്ടവരും കുറവല്ല. രാവിലെ ഇഡ്ഡലിക്കും സാമ്പാറിനുമാണ് ഡിമാൻഡ്. ഇക്കാര്യത്തിൽ മുമ്പൻമാർ മുൻ ദേശീയതാരം കൂടിയായ കോച്ച് ഹർപ്രീത് സിങ്ങും മാനേജർ പ്രദീപ് കുമാറുമാണ്. പാലാണ് എല്ലാവർക്കും പൊതുവായി വേണ്ടത്. രാത്രി ചപ്പാത്തിയും സാലഡുകളും പഴങ്ങളും തീന്മേശ നിറയും. വടക്ക് കിഴക്കൻ ടീമുകളായ മേഘാലയക്കും മണിപ്പൂരിനും ചപ്പാത്തി, പരിപ്പ് കറി തുടങ്ങി അവരുടെ നാട്ടിലെ ഭക്ഷണത്തിനൊപ്പം പായസമുൾപ്പെടെയുണ്ട്. ഓട്സും കേരള വിഭവങ്ങളും വേറെയും. മണിപ്പൂരി കോച്ച് ഗിഫ്റ്റ് റെയ്ഖാന് മലപ്പുറം ബീഫ് നന്നായി പിടിച്ചിട്ടുണ്ട്.
തീന്മേശയിലെ പട്ടാളച്ചിട്ടകൾ
ഏറ്റവുമധികം വൈവിധ്യങ്ങൾ സർവിസസ് ടീമിന്‍റെ തീന്മേശയിലാണ്. പല സംസ്ഥാനങ്ങളിൽനിന്നുള്ള താരങ്ങളായതിനാൽ ഭക്ഷണത്തിലും വ്യത്യസ്തതയുണ്ട്. വിവിധതരം റൈസുകളും സാലഡുകളും സൂപ്പുകളുമുണ്ടാവും. കശ്മീരി പുലാവ്, കാബൂളി റൈസ്, നവരത്ന പുലാവ് തുടങ്ങിയവയും ഗ്രീക്ക്, പസ്ത, കിംചി സാലഡുകളും മഷ്റൂം സൂപ്പ് ക്രീമും മൈൻസ്ട്രോൺ സൂപ്പും അറബിക് ലെൻറിൽ സൂപ്പും പട്ടാളക്കാരുടെ ഭക്ഷണമാണ്. കര, വ്യോമ, നാവിക സേനാംഗങ്ങളാണ് സർവിസസ് സംഘത്തിൽ. ഭക്ഷണക്രമത്തിലും സമയത്തിലുമൊക്കെ അടുക്കുംചിട്ടയുമുണ്ട്. ടീമിലെ രണ്ട് താരങ്ങളും ഫിസിയോയും മലയാളികളാണ്.ഗുജറാത്ത് ടീമിലെ നോമ്പുതുറയും കാരക്കയും
സ്വന്തം നാട്ടിലെതിനേക്കാൾ കേരള വിഭവങ്ങൾ ആസ്വദിച്ച് കഴിക്കാനാണ് ഗുജറാത്ത് താരങ്ങൾക്കിഷ്ടം. 'കേരള സൗത്ത് ഇന്ത്യൻ ഫുഡ് അച്ചാ ഹേ' -ഭക്ഷണത്തെക്കുറിച്ച് ചോദിച്ചപ്പോൾ ക്യാപ്റ്റൻ ബ്രജേഷ് കുമാർ യാദവിന്‍റെ മറുപടി. ഉത്തരേന്ത്യൻ ചോറും നെയ്ച്ചോറും ഫ്രൈഡ് റൈസും തേങ്ങരയച്ചതും അല്ലാത്തതുമായ ചിക്കൻ കറികളും സാമ്പാറുമെല്ലാമുണ്ട്. കഴിച്ച് കഴിഞ്ഞാൽ മധുരമായി ഹൽവയോ മറ്റോ. ടീമിലെ മലയാളി ഗോൾ കീപ്പർ എടക്കര സ്വദേശി അജ്മൽ എരഞ്ഞിക്കൽ നോമ്പെടുക്കുന്നയാളാണ്. നോമ്പ് തുറക്കാൻ കാരക്കയും ജ്യൂസും ഫ്രൂട്സും സാൻവിച്ചുമെല്ലാം ഒരുക്കും. പഞ്ചാബിന്‍റെ ഫിസിയോ മുഹമ്മദ് ജസീൽ, വിവിധ ടീമുകളുടെ ലൈസൻ ഓഫിസർ ഇ. റഫീഖ്, സമീർ ഖാൻ, സുൽഫിക്കർ അലി തുടങ്ങിയവരും അജ്മലിനൊപ്പം നോമ്പ് തുറക്കാനുണ്ടാവും.
ഒഡിഷക്കാരങ്ങനെ പൊറോട്ട 'അടിക്കുകയാണ്'
പൊറോട്ടയാണിപ്പോൾ ഒഡിഷ താരങ്ങളുടെ ഇഷ്ടഭക്ഷണം. തീന്മേശക്കരികിലെത്തിയാൽ അവർ ആദ്യം നോക്കുക പൊറോട്ടയിലേക്കാണ്. പിന്നെ വെള്ളപ്പവും. മൂന്ന് നേരവും പരിപ്പ് കറി നിർബന്ധമാണ്. പിന്നെ മുട്ടയും. ഉച്ചക്ക് ബസുമതി റൈസും വെജിറ്റബിൾ കുറുമയും. തൈരിൽ ഇടാതെ തന്നെ പച്ചമുളക് നൽകണം. തൈര് കുടിക്കുമ്പോൾ മുളക് കടിച്ച് മുറിച്ച് തിന്നും. രാത്രി ചപ്പാത്തിക്കൊപ്പം പരിപ്പ് കറി കൂടാതെ ചിക്കൻ വിഭവങ്ങൾ. പരിശീലനത്തിനിടെ ദാഹകമറ്റാൻ തണ്ണിമത്തനോ കരിക്കിൻ വെള്ളമോ വേണം. നാട്ടിലെ കളിക്ക് കേരള താരങ്ങളെ സംബന്ധിച്ച് പ്രത്യേക ആവശ്യങ്ങളൊന്നുമില്ല. ചോറും ബിരിയാണിയും ചിക്കനും ബീഫും മീനും സാമ്പാറുമൊക്കെയുണ്ടാവും. കേരള വിഭവങ്ങൾ തന്നെയാണ് ഏറക്കുറെ കർണാടക്കും. ഇതിന് പുറമെ പച്ചരിച്ചോറും. ദാൽ ഫ്രൈ, വെജ് സബ്ജി, ചെന്ന ഫ്രൈ, ബട്ടർ ചിക്കൻ, ചില്ലി ഗോബി, ഗോബി മഞ്ചൂരിയൻ തുടങ്ങിയ രാജസ്ഥാൻ ടീമിൻറെ ഡൈനിങ് ടേബിളിനെയും ചോറ്, മീൻ കറി, കിഴങ്ങ് വിഭവങ്ങൾ, പരിപ്പ് കറി, മിക്സഡ് വെജിറ്റബിൾ, തൈര് ഉൾപ്പെടെയുള്ള ബംഗാളികളുടെ മെനുവിനെയും സമൃദ്ധമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.